ആണവോര്ജം ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബാണെന്ന പേടി രാഷ്ട്രീയക്കാര് ജനങ്ങളില് ഉണ്ടാക്കി വെച്ചിട്ടുണ്ട്.

കെഎസ്ആർടിസിയുടെ എം.ഡി, കെഎസ്ഇബിയുടെ ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകർ സംസാരിക്കുന്നു.
കൽപ്പാക്കത്ത് ഭാവിനി (ഭാരതീയ നാഭികിയ വിദ്യുത് നിഗം ലിമിറ്റഡ്) മേധാവിയായിരുന്നപ്പോൾ കേരളത്തിന് രണ്ട് ആണവ റിയാക്ടറുകൾ നൽകാൻ താൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും രാഷ്ട്രീയതലത്തിൽ അനുകൂല തീരുമാനമുണ്ടായില്ല എന്നു ഡോ. കെ.വി. സുരേഷ്‌കുമാർ മാതൃഭൂമി ഡോട്ട് കോമിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അന്ന് താങ്കളായിരുന്നല്ലോ വ്യവസായ സെക്രട്ടറി.
അതേ, അന്ന് ഞാനാണ് അതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയത്. ടികെഎം കോളജിൽ എന്റെ സീനിയറായിരുന്ന സുരേഷ് കേരളത്തിന് താത്പര്യമുണ്ടെങ്കിൽ ഒന്നോ രണ്ടോ റിയാക്ടറുകൾ നൽകാൻ സന്നദ്ധമാണെന്ന് അറിയിച്ചതിനെ തുടർന്നായിരുന്നു ചർച്ചകൾ. ഇക്കാര്യത്തിൽ കേന്ദ്ര ഗവൺമെന്റിന്റെ നിലപാടും അനുകൂലമായിരുന്നു. എന്നാൽ, നിർദ്ദേശം കേരള സർക്കാരിന്റെ പരിഗണനയ്ക്ക് വച്ചപ്പോൾ, 'റിസ്‌കെടുക്കാൻ വയ്യ, സൂക്ഷിച്ചു പോയാൽ മതി' എന്ന മറുപടിയാണ് ലഭിച്ചത്. കുറഞ്ഞ ചെലവിൽ സുരക്ഷിതമായ വൈദ്യുതി ലഭിക്കാനുള്ള വലിയ അവസരം അങ്ങനെ കേരളത്തിനു നഷ്ടപ്പെടുകയായിരുന്നു. സമവായമുണ്ടാക്കാൻ മുഖ്യമന്ത്രിയോ വൈദ്യുതി മന്ത്രിയോ ഒരു സർവകക്ഷിയോഗം വിളിച്ചുകൂട്ടിയാൽ ഞങ്ങളെപ്പോലുള്ള ഉദ്യോഗസ്ഥർ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുമായിരുന്നല്ലോ. നമുക്ക് ഇതില്ലാതെ മുന്നോട്ടു പോകാൻ പറ്റില്ല എന്നതാണ് വസ്തുത. ജലവൈദ്യുത പദ്ധതിയാണെങ്കിൽ എത്രയോ ചതുരശ്ര കിലോമീറ്റർ വനമാണ് വെള്ളത്തിനടിയിലാവുക? അത്തരം നഷ്ടമൊന്നും ആണവപദ്ധതിയിലില്ല.
40 വർഷമായി കൽപാക്കത്താണ്, തങ്ങൾക്കാർക്കും ഒരു പ്രശ്നവുമില്ലെന്ന് സുരേഷ്‌കുമാർ പറഞ്ഞു.
അതെ. കൽപാക്കത്ത് 2,000 മെഗാവാട്ട് പദ്ധതി നടക്കുന്നു. ഇനിയും ഒരു 2,000 മെഗാവാട്ട് വരാൻ പോവുന്നു. ഇത്രയും കാലമായി അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ? തമിഴ്നാട് പറഞ്ഞു, കേരളമൊക്കെ എതിർത്തുകൊണ്ടിരിക്കുകയാണ്, ആർക്കും റിയാക്ടർ കൊടുക്കരുത് എന്ന്. ബിജൂ, എങ്ങനെയെങ്കിലും രാഷ്ട്രീയനേതൃത്വത്തെ ബോധ്യപ്പെടുത്തൂ എന്ന് കേന്ദ്ര ഊർജ സെക്രട്ടറി എന്നോടു പറഞ്ഞു. പദ്ധതിച്ചെലവിന്റെ 100 ശതമാനവും കേന്ദ്രം വഹിക്കും. കേരളം പോലെ എതിർപ്പുള്ള ഒരു സ്ഥലത്ത് ഒരു റിയാക്ടർ വെക്കാനായാൽ ഇന്ത്യയിൽ എല്ലായിടത്തും വെക്കാൻ എളുപ്പമാവുമെന്ന് കേന്ദ്ര ഊർജ മന്ത്രി പറഞ്ഞു. അതിരപ്പള്ളിയിലും ചിമേനിയിലും ഞാനിത് കൊണ്ടുവരാൻ ശ്രമിച്ചു. പക്ഷേ, എനിക്ക് രാഷ്ട്രീയപിന്തുണ കിട്ടിയില്ല. ഇവിടെ ഒന്നും പാടില്ല. ഇപ്പോൾ എല്ലാവരും രാത്രി ഉറക്കമിളച്ചിരുന്ന് വീശുകയാണ്, പ്രശ്നമൊന്നുമില്ല!
പുതിയ സർക്കാർ പദ്ധതി ഏറ്റെടുക്കണം, രണ്ട് റിയാക്ടറും ചോദിച്ചു വാങ്ങണം എന്നാണോ?
അതു ചെയ്തില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും. പവർകട്ട് ഇല്ലാതിരിക്കണമെങ്കിൽ അടുത്ത അഞ്ചുവർഷം ജനങ്ങൾ ഒരുപാട് പണം ചെലവാക്കേണ്ടി വരും.
ആണവോർജ്ജം കേരളത്തിന് അനിവാര്യമാകുന്നത്.
കേരളത്തിന്റെ ജലവൈദ്യുത പദ്ധതികളുടെ ആകെ ശേഷി 2,200 മെഗാവാട്ടാണെങ്കിലും, പ്രായോഗികമായി നമുക്ക് ലഭിക്കുന്നത് വെറും 700, 800 മെഗാവാട്ട് മാത്രമാണ്. കാറ്റിൽനിന്നുള്ള ഊർജ്ജത്തിന്റെ സാധ്യത 250 മുതൽ 300 മെഗാവാട്ട് വരെയാണെങ്കിലും നാം അത് പ്രയോജനപ്പെടുത്തി തുടങ്ങിയിട്ടില്ല. ഞാൻ കെഎസ്ഇബി ചെയർമാനായിരുന്ന സമയത്ത് കേന്ദ്ര ഗവൺമെന്റ് 500 മെഗാവാട്ടിന്റെ കൽക്കരി സൗജന്യ നിരക്കിൽ അനുവദിച്ചിരുന്നു. ഒഡീഷയിലെ ഐബി വാലിയിലോ മറ്റോ ഒരു തെർമൽ പ്ലാന്റ് സ്ഥാപിക്കുന്നതിനെക്കുറിച്ച് നമ്മൾ ആലോചിച്ചിരുന്നു. എന്നാൽ, താപോർജ്ജം ശാശ്വത പരിഹാരമല്ല. കാരണം, പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്ന ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെ ഭാവിയിൽ തീരുമാനിച്ചേക്കും. അത് നമ്മുടെ കയറ്റുമതി മേഖലയെ തകർക്കും.
കേരളത്തിൽ പകൽസമയത്തെ വെദ്യുതി ചെലവ് ഏതാണ്ട് 2,000 മെഗാവാട്ടാണെങ്കിൽ രാത്രിയിൽ ഇപ്പോൾ 6,000 മെഗാവാട്ടാണ്. ഇതിനെ എങ്ങനെയാണ് ക്രമീകരിക്കാൻ പോകുന്നത്? നമ്മൾ ബാറ്ററി സ്റ്റോറേജ് ഇതുവരെ തുടങ്ങിയിട്ടില്ല. ഞാൻ ചെയർമാൻ ആയിരുന്ന സമയത്ത് മൈലാട്ടിയിലും മറ്റ് നാല് സബ്സ്റ്റേഷനുകളിലുമായി 1,000 മെഗാവാട്ട് സ്റ്റോറേജ് സൗകര്യം 2022- ഓടെ കമ്മീഷൻ ചെയ്തു. എൻ.ടി.പി.സിയുടെ രണ്ടായിരം മെഗാവാട്ടും. എങ്കിലും ഉപഭോഗം കുതിച്ചുയരുകയാണ്. ഈ പ്രതിസന്ധിക്കുള്ള ശാശ്വതപരിഹാരം ആണവോർജപദ്ധതി കൊണ്ടുവരികയാണ്.
ജനസാന്ദ്രത കൂടിയ കേരളത്തിൽ ആണവോർജം ഉയർത്തുന്ന സുരക്ഷാ ഉത്കണ്ഠകൾ?
ചെർണോബിൽ, ത്രീ മൈൽ ഐലൻഡ്, ജപ്പാനിലെ ഫുകുഷിമ പോലുള്ള അപകടം ഇന്ത്യയിൽ ഒരിടത്തും ഉണ്ടായിട്ടില്ല. ചെർണോബിലിനു കാരണം സോവിയറ്റ് യൂണിയന്റെ അഹങ്കാരമായിരുന്നു. ത്രീ മൈൽ ഐലൻഡിൽ സുരക്ഷാ മുൻകരുതലുകളിൽ ഒത്തിരി വീഴ്ചകൾ വരുത്തിയിരുന്നു, ജപ്പാനിൽ സുനാമി പോലെ വെള്ളം അടിച്ചുകയറിയപ്പോഴാണ് പ്രശ്നം ഉണ്ടായത്. ആധുനിക റിയാക്ടറുകൾ 'പാസീവ് കൂളിംഗ്' സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. അത് പൊട്ടിത്തെറിക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു.
നമ്മൾ ഇപ്പോൾ തന്നെ കർണാടകത്തിലെ കൈഗയിൽനിന്നും തമിഴ്നാട്ടിലെ കൂടംകുളത്തുനിന്നുമായി 400, 450 മെഗാവാട്ട് ആണവവൈദ്യുതി ഉപയോഗിക്കുന്നുണ്ട്. അതിനുശേഷം ഇവിടത്തെ ആൾക്കാർ അവിടെപ്പോയി സമരം ചെയ്യുന്നു. ആണവോർജം ഉത്പാദിപ്പിക്കാൻ സ്വകാര്യ കമ്പനികൾക്കും അനുമതി കൊടുക്കുമ്പോൾ എല്ലാ സംസ്ഥാനങ്ങളും മുന്നിട്ടിറങ്ങും. നമ്മുടെ സംസ്ഥാനത്ത് മൈലാട്ടിയിലും ചീമേനിയിലുമൊക്കെ ഇഷ്ടംപോലെ സ്ഥലം കിടക്കുകയാണ്. ഒരു ഒന്നര സ്‌ക്വയർ കിലോമീറ്റർ ചുറ്റളവിൽ ആൾക്കാർ പാടില്ല എന്നേയുള്ളൂ. മൊത്തം പൊട്ടിത്തെറിച്ചാലും ആ ഒന്നര കിലോമീറ്ററിനു പുറത്ത് ഒന്നും സംഭവിക്കില്ല. ഏറ്റവും സുരക്ഷിതവും ശുദ്ധവുമായ 'ഗ്രീൻ എനർജി'യാണ് ആണവോർജം.
മാറ്റിപ്പാർപ്പിക്കലും നഷ്ടപരിഹാരവും
ആണവകേന്ദ്രത്തിനായി മാറ്റിപ്പാർപ്പിക്കേണ്ടി വരുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. വിഴിഞ്ഞം പദ്ധതിക്കായി 90 ശതമാനം ഭൂമിയും ഏറ്റെടുത്തത് ഞാനാണ്. ചാളത്തടിക്കാർക്ക് പോലും 27 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞു. അതുപോലെ ചീമേനി പോലെ കൃഷിക്ക് അനുയോജ്യമല്ലാത്ത വെട്ടുകല്ല് പ്രദേശങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുമ്പോൾ സെന്റിന് 10 ലക്ഷം രൂപ നിരക്കിലോ മറ്റോ നല്ല തുക നൽകണം. അവർക്ക് പകരം താമസിക്കാൻ വയനാട്ടിൽ ചൂരൽമല ദുരന്തത്തിൽ പെട്ടവരെ പുനരധിവസിപ്പിക്കാനായി എസ്റ്റേറ്റ് എടുത്തതുപോലെ എസ്റ്റേറ്റുകൾ വാങ്ങി ഓരോ കുടുംബത്തിനും രണ്ടേക്കർ വീതം ഭൂമി നൽകിയാൽ അവർക്ക് അവിടെ കൃഷി ചെയ്ത് സന്തോഷത്തോടെ ജീവിക്കാനാവും.
തോറിയം കേരളത്തിന്റെ സമ്പത്ത്
ഡോ. സുരേഷ്‌കുമാർ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ പറയുന്നത് ഇന്ത്യയുടെ മൂന്നാംഘട്ട ആണവപദ്ധതികളിൽ തോറിയം ഇന്ധനമായി ഉപയോഗിക്കാമെന്നാണ്. കേരളത്തിൽ സുലഭമായ കരിമണലിൽ ധാരാളമായി തോറിയം അടങ്ങിയിട്ടുണ്ട്. പക്ഷേ, യാതൊരു ഉത്തരവാദിത്തവുമില്ലാതെ അത് മൊത്തം രാജ്യത്തിനകത്തും വിദേശത്തുള്ള പ്ലാന്റുകളിലേക്ക് കടത്തിക്കൊണ്ടു പോവുകയാണ്. ചൈന, ജപ്പാൻ, റഷ്യ, യുഎസ് തുടങ്ങിയ രാജ്യങ്ങളിലേക്കൊക്കെ കടത്തുന്നതായി കരുതുന്നു. ഖനനം നടത്താൻ പോകുമ്പോൾ മത്സ്യത്തൊഴിലാളികളെ മുൻനിർത്തി സമരങ്ങൾ സംഘടിപ്പിക്കുന്നു. എണ്ണനിക്ഷേപം ഗൾഫ് രാജ്യങ്ങളെ സമ്പന്നമാക്കിയത് പോലെ കേരളത്തെ അതിസമ്പന്നമാക്കാൻ നമ്മുടെ തോറിയം നിക്ഷേപത്തിന് കഴിയും. സ്മോൾ മോഡുലാർ റിയാക്ടറുകൾ വാണിജ്യാടിസ്ഥാനത്തിൽ വരുന്നതോടെ കാസർകോട് പോലെയുള്ള സ്ഥലങ്ങളിൽ വൻതോതിൽ വ്യവസായങ്ങൾ വരും.
രാഷ്ട്രീയമായ ഇച്ഛാശക്തി വേണം, ബോധവത്കരണവും
ആണവോർജം ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബാണെന്ന പേടി രാഷ്ട്രീയക്കാർ ജനങ്ങളിൽ ഉണ്ടാക്കി വെച്ചിട്ടുണ്ട്. ഡോ. സുരേഷിനെപ്പോലെയുള്ള വിദഗ്ദ്ധരെ കൊണ്ടുവന്ന് ജനങ്ങളെ യഥാർത്ഥ വസ്തുതകൾ ബോധ്യപ്പെടുത്തണം. എന്റെ അഞ്ചുകൊല്ലം എങ്ങനെയെങ്കിലും മുന്നോട്ട് പോകണം എന്ന് ചിന്തിച്ചുകൊണ്ടിരുന്നാൽ ഒരിക്കലും ഇതൊന്നും ഉണ്ടാകില്ല എന്നാണ് എനിക്ക് പറയാനുള്ളത്. ശക്തമായ തീരുമാനങ്ങളുമായി സർക്കാർ മുന്നോട്ട് വരികയാണ് വേണ്ടത്.
Content Highlights: Nuclear energy is identified as the most viable solution to avoid future power cuts in Kerala., Biju Prabhakar highlights that Kerala missed opportunities to install nuclear reactors due to lack of political will., Modern passive cooling systems in nuclear reactors eliminate explosion risks, unlike older technologies., Kerala’s vast thorium deposits in black sand can potentially transform the state's economy if utilized., Strategic rehabilitation packages including land and compensation are proposed for project areas like Cheemeni.
Published: 28 Apr 2026, 03:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented