കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം രാസലഹരിയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഹൈബ്രിഡ് കഞ്ചാവ്, ഹെറോയിൻ, എംഡിഎംഎ തുടങ്ങിയ എല്ലാ ആധുനിക മയക്കുമരുന്നുകളും കേരളത്തിലുണ്ട്. ഇതൊരു വൻ ശൃംഖലയാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ ഓറേഷൻ തൂഫാൻ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്നും ഇതൊരു ഗവൺമെന്റ് പരിപാടി മാത്രമല്ല, ജനങ്ങളുടെ പരിപാടിയായി മാറിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. മാതൃഭൂമി ഡോട്ട് കോമുമായി ആഭ്യന്തര മന്ത്രി സംസാരിക്കുന്നു…

To advertise here,

ചോദ്യം: കേരളത്തിലെ ലക്ഷക്കണക്കിന് മാതാപിതാക്കളും സഹോദരിമാരും കുട്ടികളും അമ്മമാരും താങ്കളോട് കടപ്പെട്ടിരിക്കുകയാണ്. ഇപ്പോൾ 'ഓപ്പറേഷൻ തൂഫാൻ'?

രമേശ് ചെന്നിത്തല: ഓപ്പറേഷൻ തൂഫാൻ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഇതൊരു ഗവൺമെന്റ് പരിപാടി മാത്രമല്ല, ജനങ്ങളുടെ പരിപാടിയായി മാറിയിരിക്കുന്നു. വീർപ്പുമുട്ടുന്ന ധാരാളം കഥനകഥകൾ ഇതിനിടയിൽ എനിക്ക് 55 ദിവസം കൊണ്ട് കേൾക്കാൻ കഴിഞ്ഞു. അമ്മമാരുടെ കത്തുകൾ, ഫോൺ കോളുകൾ, വീഡിയോ, വാട്സാപ്പ് സന്ദേശങ്ങൾ എന്നിവയെല്ലാം പുറത്തുപറയാൻ പോലും മടിക്കുന്ന സംഭവങ്ങളാണ്. ഓരോ കുടുംബത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണിവ. പക്ഷേ അവർ ഇത് മൂടിവെക്കുകയാണ്, ആരോടും പറയാൻ പറ്റുന്നില്ല. ഇതിനെല്ലാം കാരണം ഈ ലഹരിയാണ്, പ്രത്യേകിച്ച് രാസലഹരി. അതിന് സ്മെല്ലോ മറ്റോ ഒന്നുമില്ലല്ലോ. ഇത് വലിയ തോതിലുള്ള ഒരു വിപത്തായി കേരളം നേരിടുകയാണ് എന്ന് മനസ്സിലാക്കിയിട്ടാണ് നമ്മൾ ഈ പദ്ധതി ആരംഭിച്ചത്. വാസ്തവത്തിൽ ഈ ഗവൺമെന്റിന്റെ ഒരു മാതൃകാ പദ്ധതി ആയിട്ട് ഇത് മാറിക്കഴിഞ്ഞിട്ടുണ്ട്.

ഗവൺമെന്റ് മാത്രം വിചാരിച്ചാൽ, പോലീസ് മാത്രം വിചാരിച്ചാൽ ഇതിനെ പിടിച്ചുകെട്ടാൻ കഴിയില്ല. ജനങ്ങൾ വേണം. ഈ കാര്യത്തിൽ ജനങ്ങൾ ഒറ്റക്കെട്ടാണ്, ഇതിൽ രാഷ്ട്രീയം ഒന്നുമില്ല. എല്ലാവരും ഒരുമിച്ച് നിന്നുകൊണ്ട് ഈ ഓപ്പറേഷനെ സഹായിക്കുകയാണ്. നമ്മുടെ മൂന്ന് അധ്യാപകർ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തത് കണ്ട് ഞാൻ അന്തംവിട്ടുപോയി. സർക്കാരിന്റെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരായ അധ്യാപകരാണ് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടാക്കി ലഹരി മാഫിയയുടെ വക്താക്കളായി മാറുന്നത്. ഇത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. ഈ കുഞ്ഞുങ്ങൾക്ക് ഇത് കൊടുത്തു കാണുമോ എന്നാണ് എന്റെ സംശയം. ഞാൻ അത് പോലീസിനോട് അന്വേഷിക്കാൻ പറഞ്ഞിട്ടുണ്ട്. സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ട ഡോക്ടർമാർ, ട്രെയിനർമാർ, സ്വിഗി പോലെയുള്ള ഫുഡ് ചെയിനുകൾ, മെഡിക്കൽ ഷോപ്പുകൾ എന്നിങ്ങനെ എവിടെ ചെന്നാലും രാസലഹരിയാണ്. അപ്പോൾ ഇതിനെ ഒന്ന് പിടിച്ചുകെട്ടണം എന്നുള്ള ഒരു വാശി നമുക്ക് എല്ലാവർക്കും ഉണ്ടായി.

ഞാൻ ആഭ്യന്തരമന്ത്രിയാകുന്നതിന് മുൻപ് 14 ജില്ലകളിലും ഒരു വാക്കത്തോൺ നടത്തിയിരുന്നു. നമ്മൾ കമ്മിറ്റഡ് ആയിട്ട് ഈ കാര്യത്തിൽ പ്രവർത്തിക്കുകയാണ്.

ചോദ്യം: മുൻപ് ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ 'ഓപ്പറേഷൻ കുബേര' വലിയ വിജയമായിരുന്നു. എങ്ങനെയാണ് ഈ 'തൂഫാനി'ലേക്ക് എത്തിയത്? ഈ പേര് എങ്ങനെയാണ് കണ്ടെത്തിയത്?

രമേശ് ചെന്നിത്തല: പേരിനെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തപ്പോൾ "തൂഫാൻ അടിക്കും" എന്ന് ഒരാൾ പറഞ്ഞു. അപ്പോൾ അത് കൊള്ളാമല്ലോ എന്ന് കരുതി. 'തൂഫാൻ' എന്നാൽ കൊടുങ്കാറ്റ് എന്നാണ് അർത്ഥം. അത് അറബി വാക്കാണ്, പിന്നീട് ഹിന്ദിയിലും ഉറുദുവിലും ഉപയോഗിച്ചു. 'തൂഫാൻ' എന്ന പേരിൽ ഒരു ഹിന്ദി സിനിമ തന്നെയുണ്ട്. അങ്ങനെയാണ് ആ പേരിലേക്ക് വന്നത്. അത് വളരെ ആകർഷകമായ വാക്ക് ആണ്.

ചോദ്യം: തൂഫാൻ തുടങ്ങിയിട്ട് വ്യക്തിപരമായ അനുഭവങ്ങൾ എങ്ങനെയുണ്ട്?

രമേശ് ചെന്നിത്തല: പലരും വിളിക്കും, പരിദേവനങ്ങൾ പറയും. മീറ്റിംഗിന് പോകുമ്പോൾ രഹസ്യമായി കത്തുകൾ കൊണ്ടുതരും. "സാറേ, ഇന്നിടത്ത് ഇതുണ്ട്, ഞങ്ങൾക്ക് പുറത്തുപറയാൻ പറ്റില്ല" എന്ന് പറയും. അതൊക്കെ നമ്മൾ അറ്റൻഡ് ചെയ്യാറുണ്ട്.

വാസ്തവത്തിൽ കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം ഈ രാസലഹരിയാണ്. ഹൈബ്രിഡ് കഞ്ചാവ്, ഹെറോയിൻ, എംഡിഎംഎ തുടങ്ങിയ എല്ലാ ആധുനിക മയക്കുമരുന്നുകളും കേരളത്തിലുണ്ട്. ഇതൊരു വൻ ശൃംഖലയാണ്. ഇപ്പോൾ പുതിയ രീതിയാണ് 'ഡ്രോപ്പിൻ'. ട്രെയിനകത്തോ മറ്റോ എവിടെയെങ്കിലും കൊണ്ടുപോയി വെച്ചിട്ട് എഴുതി കൊടുക്കുക, എന്നിട്ട് വിളിച്ചു പറയുക. പണം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അയക്കുക. മുൻപ് പഞ്ചാബ് ആണ് ഡ്രഗ്ഗിന്റെ കാര്യത്തിൽ മുന്നിൽ എന്ന് നമ്മൾ വിലയിരുത്തിയിരുന്നതെങ്കിൽ, ഇപ്പോൾ പഞ്ചാബൊക്കെ താഴെപ്പോയി.

ചെറുപ്പക്കാരുടെ ഇടയിലുള്ള ഫ്രസ്ട്രേഷൻ, ജോലി കിട്ടാത്തത്, വീട്ടിലെ പ്രശ്നങ്ങൾ എന്നിവയൊക്കെ ഇതിന് കാരണമാണ്. കാസർകോട് നിന്ന് നമ്മൾ ഒരു കമ്പനി പിടിച്ചു. കുട്ടികൾക്ക് വേണ്ടി 'പൂൾ ലീവ്സ്' എന്ന് പറയുന്ന ലക്ഷക്കണക്കിന് മിഠായികൾ ഉണ്ടാക്കാൻ 65 ലക്ഷം രൂപയുടെ മെഷീൻ വാങ്ങിച്ച് വിതരണം ചെയ്യുകയായിരുന്നു അവർ. മിഠായി കഴിക്കുന്ന കുട്ടികൾക്ക് പിന്നീട് ഇതില്ലാതെ മുന്നോട്ട് പോകാൻ പറ്റാത്ത അവസ്ഥയുണ്ടാകും. കോഴിക്കോട് നടന്ന മൂന്ന് സ്ത്രീകളുടെ പ്രശ്നത്തിൽ അഞ്ചുപേർ കസ്റ്റഡിയിലാണ്. സ്വിഗി ഫുഡ് ചെയിനിൽ ജോലി ചെയ്യുന്ന ഒരു കുട്ടിയുടെ അക്കൗണ്ടിൽ മാത്രം ഒരു കോടി രൂപയുണ്ടെന്നാണ് വാർത്ത. പല ആളുകളും അവരുടെ കാർഡ് ഉപയോഗിച്ച് ഈ പണം കൊണ്ടുപോകും. ഇതൊരു വലിയ നെറ്റ്‌വർക്ക് ആണ്. ഇതിന്റെ വേരറുക്കാൻ പോലീസ് ശക്തമായി മുന്നോട്ട് പോകും.

ചോദ്യം: ഇനി അടുത്ത ഘട്ടത്തിലേക്ക് എങ്ങനെയാണ് പോകുന്നത്?

രമേശ് ചെന്നിത്തല: അടുത്ത ഘട്ടത്തിൽ മുഴുവൻ പഞ്ചായത്തുകളെയും ബന്ധപ്പെടുത്തിക്കൊണ്ട് ഗ്രാമസഭകളിലേക്ക് പോകും. ജനങ്ങളിലേക്ക് പോകും. തമിഴ്നാട് മുഖ്യമന്ത്രി വിജയിനെ പോയി കണ്ടിരുന്നു. അദ്ദേഹത്തിന് വളരെ സന്തോഷമായി. ഏറ്റവും ആവശ്യമുള്ള കാര്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം ഒരു മാരത്തോണിൽ പങ്കെടുക്കുകയുണ്ടായി. കേരളത്തിന് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

ചോദ്യം: ആഭ്യന്തരമന്ത്രിയായ ശേഷം താങ്കൾ ജോലി വളരെ ആസ്വദിച്ച് ചെയ്യുന്നതായി തോന്നുന്നു. മുൻപ് പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സ്പ്രിംഗ്ലർ, ബ്രൂവറി തുടങ്ങിയ ഒരുപാട് അഴിമതികൾ താങ്കൾ പുറത്തുകൊണ്ടുവന്നു. കോവിഡ് വന്നില്ലായിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നു?

രമേശ് ചെന്നിത്തല: എനിക്ക് ഈ പ്രവർത്തനം വളരെ ഇഷ്ടമാണ്. നമ്മൾ ഒരു ചലഞ്ച് ഏറ്റെടുക്കുമ്പോഴാണല്ലോ സന്തോഷം തോന്നുന്നത്. കോവിഡ് വന്നില്ലായിരുന്നെങ്കിൽ യുഡിഎഫ് സർക്കാർ ഉണ്ടാകുമായിരുന്നു. കോവിഡ് നമ്മളെ ചതിച്ച കാര്യമാണ്. നമ്മൾ ഉദ്ദേശിച്ച പോലെ ജനങ്ങളിലേക്ക് എത്താൻ കഴിഞ്ഞില്ല. ആളുകൾ പേടിച്ചിരിക്കുന്ന സമയമായിരുന്നു. അഞ്ചുപേരിൽ കൂടുതൽ ഒന്നിച്ചുകൂടാൻ പറ്റാത്ത അവസ്ഥയായിരുന്നു. സർക്കാർ ആ സമയത്ത് ജനങ്ങൾക്ക് എല്ലാം സൗജന്യമായി നൽകിയപ്പോൾ ജനങ്ങൾക്ക് ഗവൺമെന്റിനോട് മതിപ്പുണ്ടായി. അതിനുമുമ്പുള്ള അഴിമതികളെല്ലാം ജനങ്ങൾ മറന്നുപോയി. ചെറിയ കാലയളവിലെ കാര്യങ്ങൾ മാത്രമേ ജനങ്ങൾ ഓർത്തുള്ളൂ.

ചോദ്യം: ആ കോവിഡ് രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിൽ എന്ത് മാറ്റമാണ് വരുത്തിയത്? എന്ത് നഷ്ടമാണ് ഉണ്ടാക്കിയത്? അന്ന് മുഖ്യമന്ത്രി പദം ലഭിക്കാതെ പോയപ്പോൾ വിഷമം തോന്നിയിരുന്നോ? അന്ന് വൈകിട്ടായപ്പോൾ ഒരു കദളിക്കുലയുമായി ഗുരുവായൂർ അമ്പല നടയിൽ താങ്കളെ കണ്ടിരുന്നു.

രമേശ് ചെന്നിത്തല: നഷ്ടമില്ലാത്തത് നോക്കിയാൽ നമുക്ക് ജീവിക്കാൻ പറ്റുമോ? അതൊക്കെ ഇതിനകത്തുള്ളതാണ്. മുഖ്യമന്ത്രി പദത്തിന്റെ കാര്യത്തിൽ, എന്റെ പാർട്ടി എടുത്ത ഒരു തീരുമാനം ഞാൻ അംഗീകരിക്കുന്നു, അത്രയേ ഉള്ളൂ. സ്വാഭാവികമായിട്ടും ഞാൻ അതിന് അർഹനാണെന്ന് എന്റെയും പാർട്ടി പ്രവർത്തകരുടെയും വിശ്വാസമായിരുന്നു. എന്നാൽ ഹൈക്കമാൻഡ് തീരുമാനം എടുത്തപ്പോൾ അവിടെ അത് അവസാനിച്ചു. നമ്മൾ നമ്മുടെ പ്രവർത്തനവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഒരുപാട് പണി ചെയ്തിട്ട് കപ്പിനും ചുണ്ടിനും ഇടയിൽ അത് നഷ്ടപ്പെടുമ്പോൾ വിഷമം ഇല്ല എന്ന് പറഞ്ഞാൽ അത് കൃത്രിമമാകും. വിഷമം ഉണ്ടാകും. പക്ഷേ പാർട്ടിയുടെ നേതൃത്വം എടുക്കുന്ന കാര്യങ്ങൾ അംഗീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഞാൻ എന്നും അത് അംഗീകരിച്ചിട്ടേ ഉള്ളൂ.

ചോദ്യം: ഇനി താങ്കളുടെ അടുത്ത ഡ്രീം എന്താണ്?

രമേശ് ചെന്നിത്തല: ഇപ്പോൾ നമ്മൾ 'ഓപ്പറേഷൻ സീറോ അഴിമതി' ഏറ്റെടുത്തിരിക്കുകയാണ്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ വഴി സിവിൽ സർവീസിലും പൊതുപ്രവർത്തകരിലും ഉണ്ടാകുന്ന അഴിമതി തടയാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി കഴിഞ്ഞു. നിവിൻ പോളിയാണ് ഇതിന്റെ ബ്രാൻഡ് അംബാസഡർ.

ചോദ്യം: ഉന്നത ഉദ്യോഗസ്ഥനായ എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്?

രമേശ് ചെന്നിത്തല: ആലപ്പുഴയിലെ സംഭവത്തിന്റെ അന്വേഷണ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ഒരു ഉദ്യോഗസ്ഥൻ നിയമവിരുദ്ധമായും ചട്ടവിരുദ്ധമായും അമിതാധികാര ശക്തിയായും പ്രവർത്തിക്കാൻ പാടില്ല. അതുകൊണ്ടാണ് സസ്പെൻഷൻ ഉണ്ടായത്. അതൊരു നല്ല സന്ദേശമാണ് നൽകുന്നത്.

ചോദ്യം: നവകേരള സദസ്സുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ അടക്കം നടന്ന പോലീസ് മർദനത്തിൽ ആക്ഷൻ എടുക്കുമ്പോൾ എന്താണ് മനസ്സിൽ വന്നത്?

രമേശ് ചെന്നിത്തല: തീർച്ചയായും അത് നമ്മുടെ ഉത്തരവാദിത്തമാണ്. ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അവർ ചെയ്തത്. യൂത്ത് കോൺഗ്രസ്, കെഎസ്യു പ്രവർത്തകരെ ഭീകരമായി മർദ്ദിച്ചിട്ട് അതെല്ലാം ജീവൻ രക്ഷാപ്രവർത്തനമാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ പരിഹസിക്കുകയാണ് ചെയ്തത്. അത് തെറ്റാണെന്ന് ഇപ്പോൾ തെളിയിക്കപ്പെടുന്നു. അതിൽ എനിക്ക് സന്തോഷമുണ്ട്.

ചോദ്യം: കേരളത്തിൽ പി.എസ്.സി. ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തെ വെച്ചിരിക്കുകയാണല്ലോ. ഇതൊരു വലിയ സ്കാം ആണോ?

രമേശ് ചെന്നിത്തല: കിട്ടിയ വിവരങ്ങൾ അനുസരിച്ച് ക്രമക്കേടുകൾ നടന്നിട്ടുണ്ട്. അത് അന്വേഷിക്കും. നിഷ്പക്ഷമായ ഒരന്വേഷണം ആണ് നടക്കുന്നത്, സത്യം പുറത്തുവരട്ടെ. കേരളത്തിലെ പി.എസ്.സിയുടെ ഈ നിലവാര തകർച്ച നമ്മളെയെല്ലാം വേദനിപ്പിക്കുന്നതാണ്. പി.എസ്.സി. എന്നും ഒരു വിശ്വസനീയ സ്ഥാപനം ആയിരുന്നു. അതിനെ തകർക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം പുറത്തുവരും. പ്രാഥമിക വിവരമനുസരിച്ച് ക്രമക്കേടുണ്ട്, അതിൽ പ്രത്യേക അന്വേഷണം നടത്തും.