തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഏപ്രിലിനു സമാനം. മഴപെയ്തില്ലെങ്കിൽ നിയന്ത്രണത്തിൽ ജനം ഇനിയും വലയും. നിയന്ത്രണം ഒഴിവാക്കാൻ മാർഗങ്ങളൊന്നും കെ.എസ്.ഇ.ബിയുടെ മുൻപിൽ തത്കാലമില്ല. 25 മിനിറ്റ് വീതം രണ്ടുനേരം നിയന്ത്രണമേർപ്പെടുത്താനാണു നിർദേശം.

To advertise here,

വൈദ്യുതി ആവശ്യകത താഴാതെ നിന്നാൽ മൂന്നാമതൊരു തവണകൂടി നിയന്ത്രണം ഏർപ്പെടുത്തിയേക്കും. അങ്ങനെവന്നാൽ കട്ട് ഒന്നേകാൽ മണിക്കൂറിലേക്കു നീളും. മധ്യപ്രദേശിൽനിന്ന് പിന്നീട് തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ 200 മെഗാവാട്ടിന് അടുത്തിടെ കരാറുണ്ടാക്കിയിരുന്നു. അവിടെ അധികമുണ്ടെങ്കിൽമാത്രം കേരളത്തിന് നൽകിയാൽ മതിയെന്നാണു വ്യവസ്ഥ.

കഴിഞ്ഞ രണ്ടുദിവസവും ഇതു കിട്ടാത്തത് വൈദ്യുതിക്ഷാമം രൂക്ഷമാക്കി. സെപ്റ്റംബറിൽ കൂടിയവിലയ്ക്ക് വൈദ്യുതിവാങ്ങാനുള്ള കരാറുകൾക്ക് റെഗുലേറ്ററി കമ്മിഷൻ അനുവാദംനൽകിയിട്ടില്ല. പുലർച്ചെ 100 മെഗാവാട്ടും ദിവസം മുഴുവനുമായി 25 മെഗാവാട്ടുമാണ് കൂടിയവിലയ്ക്ക് നൽകാൻ കമ്പനികൾ തയ്യാറായത്.

ഇതുകൊണ്ട് രാത്രിയിലെ പ്രതിസന്ധിക്ക്‌ ആശ്വാസമില്ലെന്നു കണ്ടാണ് കമ്മിഷൻ കരാറിന് അനുമതി നിഷേധിച്ചത്. ശനിയാഴ്ച വൈദ്യുതി ഉപഭോഗം സെപ്റ്റംബറിലെ സർവകാല റെക്കോഡ് ആയിരുന്നു; 9.63 കോടി യൂണിറ്റ്.