പിണറായി വിജയനെ ലക്ഷ്യം വെച്ചാണ് കേന്ദ്ര ഏജൻസികൾ തന്നെ വേട്ടയാടിയതെന്നും അവർക്ക് അനുകൂലമായ മൊഴി നൽകാത്തതിനാലാണ് കുടുംബാംഗങ്ങളെപ്പോലും പീഡിപ്പിച്ചതെന്നും ബിനീഷ് കോടിയേരി. തന്റെ ജയിൽവാസം, രാഷ്ട്രീയ വിവാദങ്ങൾ, പിതാവ് കൊടിയേരി ബാലകൃഷ്ണനുമായുള്ള ബന്ധം എന്നിവയെക്കുറിച്ച് മാതൃഭൂമി ഡോട്ട്‌കോമിന് അനുവദിച്ച അഭിമുഖത്തിൽ വിശദമായി സംസാരിക്കുകയായിരുന്നു ബിനീഷ്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയിൽ നിന്ന് പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെങ്കിലും പിതാവിന്റെ കരുത്തുറ്റ വാക്കുകളാണ് തനിക്ക് അതിജീവനത്തിന് കരുത്തായതെന്ന് ബിനീഷ് വിശദീകരിക്കുന്നുണ്ട്.

To advertise here,

ബിനീഷിനെ ഏറെ കാലത്തിനു ശേഷം കേരള സമൂഹം കാണുന്നത് തിരുവനന്തപുരത്ത് പിണറായി വിജയന്റെ മകളെ കേന്ദ്രീകരിച്ച് നടന്ന റെയ്ഡുമായി ബന്ധപ്പെട്ട് വാഹനങ്ങൾ അക്രമിക്കാൻ ശ്രമിച്ച സിപിഎം പ്രവർത്തകരെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നതാണ്. ശരിക്കും ഒരു പക്വമായ രാഷ്ട്രീയം അവിടെ കണ്ടു.

അതൊരു ഒരു വൈകാരികതയിൽ നിൽക്കുന്ന ഒരു ഒരു കൂട്ടം ആളുകളാണ്. ഞാൻ ഉൾപ്പെടെ അത്തരത്തിലുള്ള ഒരു വൈകാരികതയിൽ നിൽക്കുന്നു.

ആ വൈകാരികത എന്ന് പറയുന്നത് പിണറായി സഖാവിനെ തടഞ്ഞു വെച്ച് റെയ്ഡ് നടത്തുന്നതിലാണ്. പാർട്ടി കുടുംബാംഗങ്ങളെ സംബന്ധിച്ചായാലും, പാർട്ടി പ്രവർത്തകരെ സംബന്ധിച്ചായാലും അതൊരു കൃത്യമായിട്ടുള്ള ഒരു വൈകാരികതയിൽ നിൽക്കുന്ന ഒരു വിഷയം തന്നെയാണ്. അങ്ങനെയുള്ള ഘട്ടത്തിലാണ് ഉദ്യോഗസ്ഥർ ഈ കൂട്ടത്തിന്റെ ഇടയിലേക്ക്് വരുന്നത്. അവിടെ പോലീസ് വിന്യാസം ഉണ്ടായിരുന്നു. പോലീസ് അതിൽ കൃത്യമായിട്ടുള്ള ഒരു മുൻകരുതൽ സ്വീകരിച്ചിരുന്നെങ്കിൽ ഇതൊന്നും അവിടെ സംഭവിക്കില്ലായിരുന്നു.പോലീസ് മാറാൻ പറഞ്ഞിരുന്നെങ്കിൽ അവിടെയുള്ള എല്ലാ ആളുകളും അവിടുന്ന് മാറിയേനെ. പക്ഷേ പോലീസ് എന്താ ചെയ്തത്? ഈ ഇഡി ഉദ്യോഗസ്ഥരെ അവർ നേരെ മോബിന്റെ ഇടയിലേക്ക് ഇറക്കി. അപ്പോൾ ആ കൂട്ടത്തിൽ നിൽക്കുന്ന അതിവൈകാരികതയിൽ നിൽക്കുന്ന ആളുകൾ അത്തരത്തിലേക്ക് പ്രതികരിച്ചു പോയതാണ്. അപ്പോൾ നേതാക്കൾ ഇടപ്പെട്ടു. അങ്ങനെയല്ലായിരുന്നു അതിനെ കൈകാര്യം ചെയ്യേണ്ടത് എന്നുള്ള കൃത്യമായ ബോധത്തിന്റെ അടിസ്ഥാനത്തിലാണത്. ഞാനും അതിന്റെ ഇടയിൽ വന്നു നിന്നതുകൊണ്ടും അറിയുന്ന ആളുകൾ ഉള്ളത്‌കൊണ്ടും ഇടപെട്ടു.

ആ സമയത്താണ് ബിനീഷ് കൊടിയേരിക്ക് അംഗത്വം ഇല്ല, അംഗത്വം മൂന്നു വർഷമായിട്ട് കിട്ടിയിട്ടില്ല എന്നുള്ള വാർത്ത വന്നത്. വളരെ പെട്ടെന്ന് തന്നെ അംഗത്വം കിട്ടുകയും ചെയ്തു. എന്താണ് സംഭവിച്ചത്?

യഥാർത്ഥത്തിൽ ആ വിഷയം നടക്കുന്നതിന്റെ ഒരാഴ്ച മുമ്പ് തന്നെ ഞാൻ പാർട്ടി അംഗത്വത്തിലേക്ക് വന്നതാണ്. മെമ്പർഷിപ്പിൽ സംഭവിച്ചത്. 2020 ലെ കേസുമായി ബന്ധപ്പെട്ട് ഒരു വർഷത്തിലേറെ ജയിലിലായിരുന്നു. ജയിൽ മോചിതനായതിനു ശേഷം മെമ്പർഷിപ്പ് പുതുക്കാൻ കൊടുത്തിരുന്നു. പിന്നെ പാർട്ടിക്ക് പാർട്ടിയുടെ രീതികൾ ഉണ്ടല്ലോ.അപ്പോൾ ആ രീതിയിലേക്കുള്ള കാര്യങ്ങൾ കൂടി പരിശോധിച്ചതിനു ശേഷമാണ് ഒരു മെമ്പർഷിപ്പ് തന്നത്. പാർട്ടി സെക്രട്ടറി അതിന് മുൻകൈ എടുത്തിട്ടുണ്ടാകും. പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ അത് സംബന്ധിച്ച് വിശദീകരണം നടത്തിയിട്ടുണ്ട്.

ഒക്ടോബർ മാസം താങ്കളുടെ ജീവിതത്തിലെ വലിയ മാസമാണ്. അറസ്റ്റിൽ ആകുന്നു. പിന്നെ ജാമ്യം കിട്ടുന്നതും ഒക്ടോബറിലാണ്. അച്ഛൻ വിടപറയുന്നതും ഒക്ടോബറിലാണ്. ശരിക്കും പറഞ്ഞാൽ ഒരു സിനിമാ കഥ പോലെയാണ്...

എല്ലാം നേരിടുക എന്ന ഒരു രീതിയിലാണ് ജീവിതത്തെ ഞാൻ കാണുന്നത്. ജീവിതം ഡിസൈൻ ചെയ്ത് മുന്നോട്ടു പോവുക എന്നുള്ള ഒരു രീതിയില്ല. ഇനി മുന്നോട്ടു വരുമ്പോൾ ഇന്ന രീതിയിൽ ആകാനും ആകാതിരിക്കാനും പ്ലാൻ ചെയ്യുന്ന ആളല്ല. പറഞ്ഞതുപോലെ ഒക്ടോബർ എന്നെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടങ്ങളുടെയും ദുഃഖങ്ങളുടെയും ഒരു മാസം തന്നെയാണ്. ഒക്ടോബർ 29ന് ഞാൻ അറസ്റ്റിൽ ആകുന്നു ഒക്ടോബർ 31ന് ഞാൻ ജയിൽ മോചിതനാകുന്നു. മറ്റൊരു ഒക്ടോബർ ഒന്നിന് അച്ഛൻ വിട്ടു പോകുന്നു. ഒരു ടഫ് സിറ്റുവേഷൻ തന്നെയാണ്. എന്നാൽ ഒരു പ്രതിസന്ധി വന്നു കഴിഞ്ഞാൽ ജീവിതത്തെ എങ്ങനെ തരണം ചെയ്യാം എന്നൊക്കെയുള്ള കൃത്യമായിട്ടുള്ള ഒരു ദിശ അറിഞ്ഞോ അറിയാതെ തന്നെ അച്ഛൻ നൽകിയിട്ടുണ്ട്. ഇപ്പോൾ ഞാൻ ജീവിക്കുമ്പോൾ അല്ലെങ്കിൽ ഞാൻ കാര്യങ്ങളിൽ ഇടപെടുമ്പോൾ എന്റെ ഏറ്റവും വലിയ ശക്തിയായിട്ട് നിൽക്കുന്നതും അതാണ്. എന്റെ മനസ്സിൽ പോലും പ്രതീക്ഷിക്കാത്ത നല്ല രീതിയിൽ എനിക്ക് ഇടപെടാൻ പറ്റുന്നു. അത് അച്ഛൻ തന്നിട്ടുള്ള വാക്കുകളും അച്ഛൻ തന്നിട്ടുള്ള ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ തന്നെയാണെന്ന് ഞാൻ കരുതുന്നു. പിന്നെ നഷ്ടങ്ങൾ നമുക്ക് ഒരിക്കലും നികത്താൻ പറ്റില്ല. ഞങ്ങളുടെ ഏറ്റവും വലിയ ഒരു ശക്തിയായിരുന്നു അല്ലെങ്കിൽ ഞങ്ങളുടെ എല്ലാം എല്ലാം ആയിരുന്ന ഒരു ജീവിതമാണ് ഞങ്ങളിൽ നിന്ന് പെട്ടെന്ന് ഇല്ലാതായി മാഞ്ഞു പോയത്. ജീവിച്ചിരിക്കുമ്പോൾ നമ്മൾ അതിനെ കുറിച്ച് അങ്ങനെ ആലോചിക്കില്ല.

അധികാരവും സ്ഥാനങ്ങളും ഉള്ള ഘട്ടത്തിൽ ഉത്തരവാദപ്പെട്ട പിതാവിന്റെ ആ ശരികളിൽ നിന്ന് ബിനിഷ് വഴിമാറി സഞ്ചരിച്ചു പോയിട്ടുണ്ടോ?

എന്റെ ജീവിതം എന്ന് പറയുന്നത് വലിയ രീതിയിൽ പിക്ചറൈസ് ചെയ്യപ്പെട്ടിട്ടുണ്ട്. ഞാൻ 2007-2008 ലാണ് ദുബായിലേക്ക് പോകുന്നത്. ഒരു നാല് വർഷം മാത്രമേ ദുബായിൽ ഉണ്ടായിട്ടുണ്ടായിരുന്നുള്ളൂ. ഈ സമയത്താണ് ഒരു ഡ്രസ്സ് ഇടുന്നതിനായാലും നമ്മൾ ഈ പറയുന്ന എവിടെയെങ്കിലും പോയി നിന്നിട്ട് ഇടപെടുന്നത് ആയാലും ഒക്കെ തന്നെ വലിയ രീതിയിൽ ആളുകൾ അത്തരത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്.

അതൊരു ആഡംബരം അല്ല. ദുബായിൽ പോയി നിന്നിട്ട് അത്തരത്തിൽ ഒരു ഫോട്ടോ എവിടെനിന്നെങ്കിലും എടുത്താലും ഒരു ആഡംബരമായിട്ടേ തോന്നുള്ളൂ. പക്ഷേ അങ്ങനെ ഒരു ഫോട്ടോ കേരളത്തിൽ വന്ന് എടുത്ത് കഴിഞ്ഞാൽ ആ ഒരു ആഡംബരമായിട്ട് നമുക്ക് തോന്നുകയില്ല. പക്ഷേ ഇപ്പോൾ എന്റെ ജീവിതത്തെ സംബന്ധിച്ചിട്ട് ഒരുപാട് ഒരു കൃത്രിമ ബോധം ഈ പറയുന്ന പൊതുസമൂഹത്തിന്റെ ഇടയിൽ ഉണ്ടാക്കിയെടുക്കാൻ വേണ്ടിയിട്ട് ഒരു മനപ്പൂർവ്വമായിട്ടുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. മാധ്യമങ്ങൾക്ക് അതിൽ വലിയ പങ്കുണ്ട്. പാർട്ടിയോടും അച്ഛനോടും ഉള്ള വിരോധത്തിന്റെ ഭാഗമായും എന്റെ പോയിന്റ് ചെയ്ത് നിർത്തിയിട്ടുണ്ട്. മലയാളികളുടെ വൈകുന്നേരങ്ങളിലെ ചായക്കടിയായിരുന്നു (സ്നാക്സ്) താനെന്ന ഒരു കൃത്രിമ ബോധം മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്തു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി ഞാൻ കാരണം ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. പൊതുസമൂഹത്തിന് ഇപ്പോൾ ബോധ്യപ്പെട്ടിട്ടുണ്ട്. അത് എന്റെ വിജയമാണ്.

ഇ.ഡി അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നോ?

അതെ, ഇ.ഡി ലക്ഷ്യമിട്ടത് തന്നെയായിരുന്നില്ല, മറിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയായിരുന്നു. തനിക്കെതിരെയുള്ള കേസുമായി പിണറായി വിജയന് ഒരു ബന്ധവുമില്ല. എന്നാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പിണറായി വിജയനെതിരെ മൊഴി നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ തനിക്ക് വലിയ വാഗ്ദാനങ്ങൾ നൽകി. 'പിണറായിക്കെതിരെ കോടിയേരി' എന്ന രീതിയിൽ മാധ്യമങ്ങളിൽ ടൈറ്റിൽ വരുത്താനാണ് അവർ ശ്രമിച്ചത്. ഞാൻ അതിന് വഴങ്ങാതിരുന്നപ്പോഴാണ് വീട്ടിൽ റെയ്ഡ് നടത്തിയത്.

റെയ്ഡ് സമയത്ത് കുടുംബാംഗങ്ങൾ വലിയ മാനസിക പീഡനം നേരിട്ടതായി കേട്ടിരുന്നു. എന്താണ് അവിടെ സംഭവിച്ചത്?

എന്റെ വീട്ടിൽ റെയ്ഡ് നടക്കുമ്പോൾ എന്റെ അമ്മയ്ക്കും ഭാര്യയ്ക്കും എതിരെയുള്ള അറസ്റ്റ് വാറന്റുകൾ ഒപ്പിട്ട് സീൽ വെച്ച് എന്നെ കാണിച്ചിരുന്നു. അവരെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി എന്നെ മാനസികമായി തകർക്കാനായിരുന്നു ശ്രമം. രണ്ട് വയസ്സുകാരിയായ എന്റെ മകളെപ്പോലും ഉറങ്ങാൻ സമ്മതിക്കാതെ ഇ.ഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ആ അവസ്ഥയെ ഞാൻ എങ്ങനെയാണ് അതിജീവിച്ചതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല

ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലെ ജീവിതം എങ്ങനെയുള്ളതായിരുന്നു?

വളരെ മോശപ്പെട്ട അവസ്ഥയായിരുന്നു അവിടെ ഉണ്ടായിരുന്നത്. കോവിഡ് കാലമായതിനാൽ ആഴ്ചയിൽ ഒരു ദിവസം അഞ്ച് മിനിറ്റ് മാത്രമാണ് വീട്ടിലേക്ക് വിളിക്കാൻ അനുവാദം ഉണ്ടായിരുന്നത്. ഈ അഞ്ച് മിനിറ്റിൽ രണ്ടര മിനിറ്റ് ഭാര്യയോടും രണ്ടര മിനിറ്റ് അച്ഛനോടും ഞാൻ സംസാരിക്കും. ആ അഞ്ച് മിനിറ്റ് എനിക്ക് എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് അപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്. ജയിലിൽ എന്നെ കാണാൻ വന്ന വക്കീലിനെപ്പോലും പലപ്പോഴും കാണാൻ അനുവദിച്ചിരുന്നില്ല. മാനസികമായി തകർക്കാൻ എല്ലാ ശ്രമങ്ങളും അവിടെ നടന്നിരുന്നു.

ജയിൽ ജീവിതത്തിലെ ആ കഠിനമായ ദിവസങ്ങളിൽ അച്ഛൻ (കോടിയേരി ബാലകൃഷ്ണൻ) നൽകിയ പിന്തുണ എങ്ങനെയായിരുന്നു?

അച്ഛൻ നൽകിയ ധൈര്യമാണ് എന്നെ പിടിച്ചുനിർത്തിയത്. എന്തുവന്നാലും പതറരുത് എന്നും രാഷ്ട്രീയമായി ഒന്നിനും വഴങ്ങിക്കൊടുക്കരുത് എന്നും അച്ഛൻ എപ്പോഴും പറയുമായിരുന്നു. ജയിലിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ അച്ഛൻ എന്നെ പുസ്തകങ്ങൾ വായിക്കാൻ നിർബന്ധിച്ചു. ആ ഒരു വർഷത്തിനിടയിൽ ഞാൻ 80-82 ഓളം പുസ്തകങ്ങൾ വായിച്ചു. ആ വായന എന്റെ ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കി. പ്രതിസന്ധികളെ നേരിടാൻ അച്ഛൻ എനിക്ക് പുഷ്പന്റെ (കൂത്തുപറമ്പ് സമര നായകൻ) ജീവിതം ഉദാഹരണമായി പറഞ്ഞ് ധൈര്യം നൽകുമായിരുന്നു

പാർട്ടി നിങ്ങളെ സംരക്ഷിച്ചില്ല എന്നൊരു പരാതി ഉണ്ടായിരുന്നുവോ?

ഞാൻ ജയിലിൽ കിടക്കുമ്പോൾ ഒരിക്കൽ അച്ഛനോട് ചോദിച്ചു, 'അച്ഛാ, എന്താണ് പാർട്ടി എന്നെ ഈ രീതിയിൽ ഒന്നുമായിട്ടും സഹായിക്കാത്തത്?' എന്ന്, അപ്പോൾ അച്ഛൻ പറഞ്ഞത്, 'ഇത് നിന്റെ കേസ്സാണ്, നീ സ്വന്തമായി നേരിടണം, നിരപരാധിത്വം തെളിയിക്കേണ്ടത് നിന്റെ മാത്രം ഉത്തരവാദിത്തമാണ്, പാർട്ടി നിന്റെ കൂടെ നിൽക്കില്ല' എന്നായിരുന്നു. അച്ഛൻ എപ്പോഴും പാർട്ടിയെയാണ് സ്‌നേഹിച്ചിരുന്നത്. എന്നാൽ ജയിൽ മോചിതനായ ശേഷം അച്ഛൻ എന്നോട് പറഞ്ഞു, ഈ പാർട്ടിയോടൊപ്പം ചേർന്ന് നിന്നതുകൊണ്ടാണ് ഇത്രയും വലിയ പ്രശ്‌നങ്ങളിൽ നിന്ന് നിനക്ക് പുറത്തുവരാൻ കഴിഞ്ഞതെന്ന്. അതോടെ എന്റെ പരാതികളെല്ലാം തീർന്നു.

കോടിയേരി ബാലകൃഷ്ണന്റെ വേർപാടിന് ശേഷം കുടുംബം അവഗണിക്കപ്പെടുന്നു എന്ന അമ്മയുടെ (വിനോദിനി ബാലകൃഷ്ണൻ) പരാതിയെക്കുറിച്ച്?

അമ്മ പറഞ്ഞ കാര്യങ്ങൾ പാർട്ടിയോടുള്ള സ്‌നേഹം കൊണ്ടും അച്ഛൻ ഇല്ലാത്തതുകൊണ്ടുള്ള വിഷമം കൊണ്ടുമാണ്. പാർട്ടി തിരിഞ്ഞുനോക്കിയില്ല എന്നും നേതാക്കൾ ഫോൺ എടുക്കുന്നില്ല എന്നുമുള്ള അമ്മയുടെ പരാതികൾ ഞങ്ങൾ പാർട്ടി നേതൃത്വത്തോട് വിശദീകരിച്ചിട്ടുണ്ട്. ഞങ്ങൾ ഒരു പാർട്ടി കുടുംബമാണ്, ഞങ്ങൾക്ക് എന്തെങ്കിലും വിഷമം ഉണ്ടെങ്കിൽ അത് പറയേണ്ടത് പാർട്ടിയോടാണ്. തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്തേണ്ടതും പാർട്ടിയാണ്

 

തിരഞ്ഞെടുപ്പ് പരാജയങ്ങളെക്കുറിച്ചും പാർട്ടിയുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ചും ബിനീഷിന്റെ കാഴ്ചപ്പാട് എന്താണ്?

പാർട്ടിയുടെ പരാജയങ്ങൾ വളരെ ആഴത്തിൽ പഠിക്കേണ്ടതുണ്ട്. പാരമ്പരാഗത രീതിയിൽ നിന്ന് മാറി പുതിയ കാലത്തിനനുസരിച്ച് രാഷ്ട്രീയം മാറണം. പ്രത്യേകിച്ച് ജെൻസി (പുതിയ തലമുറ) വിഭാഗത്തെ ഉൾക്കൊള്ളുന്ന ഭാഷയിൽ അവരോട് സംസാരിക്കണം. ജനങ്ങൾക്ക് വേണ്ടി എല്ലാം നൽകിയിട്ടും എന്തുകൊണ്ട് അവർ തിരിഞ്ഞു ചിന്തിക്കുന്നു എന്ന് നമ്മൾ പരിശോധിക്കണം. തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്താൻ കമ്മ്യൂണിസ്റ്റ് പാർട്ടി സന്നദ്ധമാണ്.

ഷോൺ ജോർജുമായി ദീർഘകാല ബന്ധമുണ്ടെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയുടെ മകൾക്കെതിരെ നീങ്ങുന്നു. ഇതെങ്ങനെ ബാധിക്കുന്നു?

ഷോൺ ജോർജുമായി എനിക്ക് 20 വർഷത്തിലേറെയായുള്ള സുഹൃദ്ബന്ധമുണ്ട്. ഞങ്ങൾ ലോ അക്കാദമിയിൽ ഒരുമിച്ച് പഠിച്ചവരാണ്. പക്ഷേ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് എനിക്ക് കടുത്ത വിയോജിപ്പുണ്ട്. അദ്ദേഹം എന്റെ പാർട്ടിയെ ആക്രമിക്കുമ്പോൾ അതിനെ മുന്നിൽ നിന്ന് എതിർക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. വ്യക്തിപരമായ ബന്ധങ്ങൾ ഞങ്ങളുടെ രാഷ്ട്രീയത്തെ ഇതുവരെ ബാധിച്ചിട്ടില്ല.

ഭാവി പരിപാടികൾ എന്തൊക്കെയാണ്? രാഷ്ട്രീയത്തിൽ സജീവമാകുമോ?

എനിക്ക് പൊതുപ്രവർത്തന രംഗത്ത് നിൽക്കാൻ തന്നെയാണ് താല്പര്യം. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രവർത്തനങ്ങളിലും സിനിമയിലും ഞാൻ ഉണ്ടെങ്കിലും രാഷ്ട്രീയം തന്നെയാണ് പ്രധാനം. അവസരം കിട്ടിയാൽ സജീവമായി തന്നെ ഉണ്ടാകും. ജീവിതത്തിലെ പ്രതിസന്ധികളെല്ലാം നേരിടുക എന്നതല്ലാതെ മറ്റൊരു വലിയ ഡ്രീമും എനിക്കില്ല. എല്ലാം പുഞ്ചിരിയോടെ നേരിടണമെന്ന അച്ഛന്റെ വാക്കുകളാണ് എന്റെ കരുത്ത്.