നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ കനത്ത പരാജയത്തെക്കുറിച്ചും തിരുത്തൽ നടപടികളെക്കുറിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാടുകൾ പറയുന്നു.

To advertise here,

ഈ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ പരാജയത്തെ എങ്ങനെ കാണുന്നു?

ഇതൊരു കനത്ത പരാജയമാണ്, അതിനെ വിളിക്കാൻ വേറൊരു പേരില്ല. അതുൾക്കൊള്ളണം. ഇത് എന്തുകൊണ്ടെന്ന് പരിശോധിക്കണം, അത് ചെയ്യുന്നുണ്ട്. പരാജയത്തിന്റെ മുന്നിൽ നിന്ന് പിന്തിരിഞ്ഞോടാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയില്ല. ജനങ്ങൾക്കൊപ്പം നിന്ന് പാഠങ്ങൾ പഠിച്ച് തിരിച്ചു വരിക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ന്യൂനപക്ഷ വോട്ടുകളിൽ ഉണ്ടായ വൻതോതിലുള്ള മാറ്റം ഈ പരാജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ്. ന്യൂനപക്ഷം എല്ലായ്‌പ്പോഴും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഇത്തവണ അതിന് മാറ്റംവന്നു. കടുത്ത വിയോജിപ്പോടെ ഞങ്ങൾക്കെതിരായി വോട്ട് ചെയ്യാൻ അണിനിരന്നു. അത് കാണണം. പാവങ്ങളുടെ മുന്നണിയായ എൽ.ഡി.എഫിന് സാധാരണക്കാരായ കയർ, കശുവണ്ടി, ചെത്ത് തൊഴിലാളികൾക്കിടയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. അവരുടെ അസംതൃപ്തി കാണാൻ കഴിഞ്ഞില്ല. ജനങ്ങൾ ക്ഷേമവും വികസനവും മാത്രമല്ല പ്രതീക്ഷിക്കുന്നത്. മറ്റുപലതും കൂടി ജനം ഇടതുപക്ഷത്തിൽനിന്ന് പ്രതീക്ഷിച്ചിരുന്നു. അത് മനസ്സിലാക്കാൻ ഞങ്ങൾക്ക് പറ്റിയില്ല. ഞങ്ങളുടെ പെരുമാറ്റം മറ്റൊരു പ്രധാന ഘടകമാണ്. കമ്യൂണിസ്റ്റുകാർക്ക് ജനങ്ങളേക്കാൾ വലിയവനായി ഭാവിക്കാൻ അവകാശമില്ല. അതിൽ വ്യത്യസമുണ്ടായിട്ടുണ്ടെങ്കിൽ ഗൗരവത്തോടെ കാണണം. അങ്ങനെയുള്ള ഒരുപാട് ഘടകങ്ങൾ ഒന്നിച്ചുചേർന്നിട്ടുണ്ട്.

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാത്തതാണോ ന്യൂനപക്ഷങ്ങൾ അകലാൻ കാരണമായത്

അതിൽ ഒരു പങ്കും സിപിഐക്കില്ല. വെള്ളാപ്പള്ളി നടേശനെപ്പോലെ ഒരാൾ ഇടതുപക്ഷത്തിന്റെ ഏറ്റവും അടുത്ത ബന്ധുവായി മാറുന്നത് ഇടതുപക്ഷ ബന്ധുക്കൾക്ക് പോലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. എസ്.എൻ.ഡി.പിയുടെ പാരമ്പര്യത്തെയും ദർശനങ്ങളെയും പാർട്ടി മാനിക്കുന്നുണ്ടെങ്കിലും, ആ ദർശനങ്ങളുടെ മൂല്യം ഉൾക്കൊള്ളുന്ന ഒരാളാണോ വെള്ളാപ്പള്ളി എന്ന് കേരളം ചോദിക്കുന്നുണ്ട്. വെള്ളാപ്പള്ളിയെ നിങ്ങൾ കാറിൽ കയറ്റിത് സംബന്ധിച്ച് എന്നോട് മാധ്യമങ്ങൾ ചോദിച്ചു, ഞാനായിരുന്നെങ്കിൽ കയറ്റില്ലെന്ന് പറഞ്ഞു, പിന്നേറ്റ് പിണറായി പറഞ്ഞു ബിനോയ് വിശ്വമല്ല ഞാനെന്ന്. അത് ശരിയാണ് പിണറായി വിജയനല്ല ബിനോയ് വിശ്വം. എൽഡിഎഫിന്റെ ഭാഗമാണെങ്കിൽ ഞങ്ങൾക്ക് രണ്ട് ശൈലിയുണ്ട്. വെള്ളാപ്പള്ളിയോടുള്ള സമീപനത്തിൽ സിപിഎമ്മിന് വീഴ്ച പറ്റിയോ എന്നത് ആ പാർട്ടിയാണ് പറയേണ്ടത്. ആരെയാണ് നമ്മൾ ബന്ധുക്കളായി കൂടെ നിർത്തുന്നത് എന്ന് സമൂഹം എപ്പോഴും സ്‌കാൻ ചെയ്യുന്നുണ്ടെന്ന ഓർമ വേണം.

ഭരണത്തിലെ 'അവതാരങ്ങളെ' കുറിച്ച് എന്താണ് പറയാനുള്ളത്?

മുഖ്യമന്ത്രി മുൻപ് മുന്നറിയിപ്പ് നൽകിയ 'അവതാരങ്ങൾ' ഭരണത്തിൽ സ്വാധീനം ചെലുത്തിയോ എന്ന് പരിശോധിക്കേണ്ട സമയമാണിത്. ഗവൺമെന്റിന്റെ ചില പാളിച്ചകൾക്ക് പിന്നിൽ ഇത്തരം ശക്തികളുടെ സാന്നിധ്യം ഉണ്ടായേക്കാം.അവതാരങ്ങൾ അകത്തുകയറിയോ എന്ന് ഞാൻ ഇടതുവേദിയിൽ ചോദിച്ചിട്ടുണ്ട്. അത് സിപിഐ എല്ലായ്‌പ്പോഴും ചോദിച്ചിട്ടുണ്ട്.

എൽഡിഎഫ് അല്ലാതെ മറ്റാരുമില്ല എന്ന മുദ്രാവാക്യം തെറ്റായിപ്പോയെന്ന വിലയിരുത്തൽ സിപിഐക്കുണ്ടോ

ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളെക്കുറിച്ച് സി.പി.ഐ സംസ്ഥാന കൗൺസിൽ നടത്തിയ ചർച്ചയിലെ ഒരു പ്രധാന പോയിന്റ് ഈ മുദ്രാവാക്യമായിരുന്നു. ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്തതും പലരിലും വെറുപ്പുണ്ടാക്കിയതുമായ ഒന്നായിരുന്നു. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗത്തുനിന്നുള്ള പ്രചാരണങ്ങളിൽ ഒരിക്കലും വരാൻ പാടില്ലാത്ത ഒന്നായിരുന്നു ആ ഹോർഡിംഗുകൾ എന്ന് പാർട്ടിക്കകത്ത് വിമർശനം ഉയർന്നു.

മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ...

കേരളത്തിലുടനീളം മുഖ്യമന്ത്രിയുടെ ചിത്രം മാത്രം വെച്ചുള്ള ഈ ഫ്‌ളക്‌സുകൾ സ്ഥാപിച്ചത് ശരിയായില്ല. ആ വാചകവും അതിന്റെ രൂപവും വോട്ടർമാർക്കിടയിൽ ഇടതുപക്ഷത്തെക്കുറിച്ച് നല്ല മതിപ്പുണ്ടാക്കില്ല.

തിരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് ചർച്ചയായിരുന്നു..സൗമ്യമുഖമെന്നത് ബിനോയ് വിശ്വത്തിന് ബലഹീനതയായി മാറിയിട്ടുണ്ടോ...

ഇല്ല, സൗമ്യത എന്നത് തന്റെ സ്വാഭാവികമായ പ്രകൃതമാണ്. ആ പ്രകൃതം ഒരിക്കലും ഒരു പാതകമോ അപരാധമോ ഇല്ല. മറ്റൊരാൾ ഉണ്ടാക്കി വെക്കുന്ന ചട്ടക്കൂടിൽ ഒതുങ്ങുന്നവനല്ല ഞാൻ. സ്വഭാവത്തിൽ സൗമ്യനാണെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തത്വങ്ങളിലും നിലപാടുകളിലും ഒരിക്കലും വെള്ളം ചേർക്കാൻ എന്നെ കിട്ടില്ല. നാടിന്റെയും ജനങ്ങളുടെയും ലക്ഷ്യങ്ങൾക്ക് വേണ്ടി ഉറച്ചുനിൽക്കാനും, ഏത് പ്രതിസന്ധിയിലും ആർക്കും മുൻപിൽ തലകുനിക്കാതെ പൊരുതാനുമുള്ള ആർജ്ജവമാണ് തന്റെ 'ഷാർപ്പ്‌നസ്'. സി.കെ. ചന്ദ്രപ്പൻ, വെളിയം ഭാർഗവൻ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കൾ രാഷ്ട്രീയ നിലപാടുകളിൽ അതീവ ജാഗ്രതയുള്ളവരും അതേസമയം തന്നെ സൗമ്യ സ്വഭാവമുള്ളവരുമായിരുന്നു.

മുന്നണിക്കകത്ത് ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കാൻ സി.പി.ഐക്ക് കഴിയുന്നുണ്ടോ?

സി.പി.ഐ എപ്പോഴും ഇടതുപക്ഷ മൂല്യങ്ങളുടെ കാവൽക്കാരായി നിലകൊള്ളാൻ ശ്രമിച്ചിട്ടുണ്ട്. മുന്നണിക്കകത്തും പുറത്തും വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ ഞങ്ങൾ മടിച്ചിട്ടില്ല. മന്ത്രിസഭയിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എൽ.ഡി.എഫിന്റെ രാഷ്ട്രീയ ശരിക്ക് വേണ്ടി കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യ ദിവസം മുതൽ പോരാടുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. പിഎം ശ്രീ വിഷയത്തിൽ സി.പി.ഐ എടുത്ത ശക്തമായ നിലപാടാണ് കേരളത്തിലെ എൽ.ഡി.എഫിന് ഇന്ത്യയിലെ ഇടതുപക്ഷത്തിന് മുന്നിൽ ഉണ്ടാകാനിരുന്ന വലിയ അപമാനത്തിൽ നിന്ന് രക്ഷിച്ചത്. വേറെയും ഉദാഹരങ്ങളുണ്ട്, ഇലപ്പുള്ളിയിലെ ബ്രൂവറി പദ്ധതി തടയാൻ കഴിഞ്ഞത് സി.പി.ഐ എടുത്ത ശക്തമായ നിലപാട് മൂലമാണ്. അതുപോലെ, എ.ഡി.ജി.പി അജിത് കുമാർ ആർ.എസ്.എസ് നേതാക്കളെ കണ്ട വിഷയത്തിലും ക്രമസമാധാന ചുമതലയിൽ നിന്ന് അദ്ദേഹത്തെ മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. ഒഴിവാക്കി. എല്ലാ ഐക്യത്തിലും ഒരു സമരമുണ്ട്. അത് തിരുത്തലിന് വേണ്ടിയാണ്.

നയപരമായ പ്രശ്‌നങ്ങൾ

സർക്കാർ ഉപയോഗിച്ചിരുന്ന 'കോൺക്ലേവ്', 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' തുടങ്ങിയ വാക്കുകൾ സാധാരണക്കാരിൽ നിന്ന് ഭരണത്തെ അകറ്റുന്നവയായിരുന്നു. 'ഈസ് ഓഫ് ഡൂയിങ് ബിസിനസ്' എന്നത് ലോകബാങ്കിന്റെ വാക്കാണ്. അത് ഇടതുപക്ഷത്തിന്റെ മുദ്രാവാക്യമാകാൻ പാടില്ലാത്തതാണ്. വർഗ്ഗപരമായും രാഷ്ട്രീയമായും ഈ പ്രയോഗം എൽ.ഡി.എഫിന് യോജിച്ചതല്ലെന്ന് സി.പി.ഐ മുന്നണിക്കകത്ത് വ്യക്തമാക്കിയിട്ടുണ്ട്. സ്വന്തം വിജയത്തിന്റെ മാറ്റുകൂട്ടാനോ അളവുകോലായോ ഇടതുപക്ഷ രാഷ്ട്രീയം ഇത്തരം പദങ്ങൾക്ക് സ്ഥാനം നൽകാൻ പാടില്ലായിരുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിച്ചോ?

ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ നടന്ന ആഗോള അയ്യപ്പ സംഗമം ഒരു ഇടതുപക്ഷ സർക്കാർ നടത്തേണ്ട ഒന്നായിരുന്നില്ല.

സാങ്കേതികമായി ഇത് ദേവസ്വം ബോർഡാണ് സംഘടിപ്പിച്ചതെങ്കിലും ജനങ്ങൾ ഇതിനെ കണ്ടത് ഗവൺമെന്റിന്റെ മുൻകൈ ആയിട്ടാണ്. ഒരു മതനിരപേക്ഷ സർക്കാർ ഒരു വിഭാഗത്തിന് വേണ്ടി മാത്രം ഇത്തരമൊരു ആഗോള സംഗമം നടത്തുന്നത് ശരിയല്ല.. 'നിങ്ങൾ ആഗോള നബി സ്മരണ സമ്മേളനമോ ആഗോള ക്രിസ്തു സമ്മേളനമോ സംഘടിപ്പിക്കുമോ?'

ഈ സംഗമത്തിന്റെ ഏറ്റവും വലിയ പാളിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം ഉൾപ്പെടുത്തിയതാണ്. ന്യൂനപക്ഷങ്ങളും മതേതരവാദികളും ഒരുപോലെ തള്ളിക്കളയുന്ന ഒരാളുടെ സന്ദേശം വലിയ കാര്യമായി വായിക്കപ്പെട്ടത് എൽ.ഡി.എഫിനെക്കുറിച്ചുള്ള അവരുടെ പ്രതീക്ഷകൾ തകരാൻ കാരണമായി.

എക്‌സാലോജിക് - സി.എം.ആർ.എൽ വിവാദത്തെക്കുറിച്ച് സി.പി.ഐയുടെ നിലപാട് എന്താണ്?

രണ്ട് സ്വകാര്യ കമ്പനികൾ തമ്മിലുള്ള ബിസിനസ് ഇടപാടുകളിൽ സി.പി.ഐക്ക് താല്പര്യമില്ല. അന്വേഷണ ഏജൻസികളോ നിയമമോ അതിന്റെ വഴിക്ക് പോകട്ടെ. കുറ്റവാളി ഉണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം. എങ്കിലും, രാഷ്ട്രീയ താല്പര്യത്തോടെ ഇ.ഡി നടത്തിയ നീക്കങ്ങൾ തെറ്റാണ്.

പ്രതിപക്ഷ ഉപനേതാവ് ഇതുവരെ കിട്ടിയില്ലേ..

ഇതുവരെ ലഭിച്ചില്ല. പക്ഷേ കിട്ടണം. പ്രതിപക്ഷ ഉപനേതൃപദവി ലഭിക്കണമെന്നത് പാർട്ടിയുടെ സീരിയസ് ആയ ആവശ്യമാണ്. ഈ പദവി ആവശ്യപ്പെടുന്നത് അതിന്റെ വലുപ്പം കൊണ്ടോ, പ്രത്യേക ഓഫീസിനോ അലവൻസിനോ വേണ്ടിയോ അല്ല. അങ്ങനെ പ്രത്യേക ഓഫീസും അലവൻസും ആ പദവിക്ക് ലഭിക്കില്ല. മറിച്ച് മുന്നണിക്കകത്ത് ഉണ്ടാകേണ്ട ജനാധിപത്യപരമായ സംസ്‌കാരത്തിന്റെ ഭാഗമായാണ്.'ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ നേതൃസ്ഥാനം സി.പി.എമ്മിനാണെന്ന് പറയുന്ന അതേ വ്യക്തതയിൽ തന്നെ ഉപനേതൃസ്ഥാനം സി.പി.ഐക്ക് ലഭിക്കാൻ അവകാശമുണ്ട്. പണ്ടത്തെ കാര്യവും കീഴ്‌വഴക്കവും പറഞ്ഞിട്ട് കാര്യമില്ല. കിട്ടിയേ തീരൂ. ഇനിയും ജനങ്ങൾക്ക് മുന്നിൽ എത്തേണ്ടതാണ്. രാഷ്ട്രീയ കാഴ്ചപ്പാടിലും സമീപനങ്ങളും മാറ്റംവരുത്തേണ്ടി വരും. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം കിട്ടിയില്ലെങ്കിൽ സിപിഐക്ക് മുന്നിൽ മറ്റു ഒരുപാട് വഴികളുണ്ട്. ഈ മുന്നണിയെ സംരക്ഷിച്ചുകൊണ്ട് തന്നെ ഒരുപാട് വഴികളുണ്ട്. അത് സിപിഎമ്മിന് ബോധ്യപ്പെടും.