
സിപിഐയുടെ കേരളത്തിലെ സംഘടനാ ചരിത്രത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സുമലത മോഹന്‍ദാസ്. പാലക്കാട് ജില്ലാ സമ്മേളനത്തിലാണ് പുതിയ ജില്ലാ സെക്രട്ടറിയായി സുമലതയെ തിരഞ്ഞെടുത്തത്. ഏറ്റെടുത്ത ഉത്തരവാദിത്തെ കുറിച്ചും പാര്‍ട്ടിയുടെ തീരുമാനം വനിതകള്‍ക്ക് നല്‍കുന്ന പ്രതീക്ഷകളെക്കുറിച്ചും സുമലത മോഹന്‍ദാസ് മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നു.
ഈ തീരുമാനത്തോടെ പാര്‍ട്ടി ചരിത്രത്തില്‍ ഇടം നേടുകയാണ് സുമലത മോഹന്‍ദാസും. പുതിയ പദവിയെ എങ്ങനെ കാണുന്നു.
പാലക്കാട് ജില്ലാ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തതില്‍ എനിക്ക് ഏറെ സന്തോഷവും അതിലേറെ അഭിമാനവുമുണ്ട്. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 100 വയസ്സായി. കേരളത്തില്‍ പ്രവര്‍ത്തനം 86 വര്‍ഷം പിന്നിട്ടു. സംഘടനയുടെ ഏറ്റവും ആദ്യത്തെ വനിതാ സെക്രട്ടറിയായി പാര്‍ട്ടി പരിഗണിക്കുമ്പോള്‍ എന്നെ ഞാനാക്കിയ എന്റെ പ്രസ്ഥാനത്തോട് വലിയ നന്ദിയും കടപ്പാടും കൂടിയുണ്ട്. പൊതുസമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന, പൊതുപ്രവര്‍ത്തകരായി കടന്നുവരുന്ന വനിതകള്‍ക്ക് ആവേശവും ഊര്‍ജവും പകരുന്നതാണ് സിപിഐയുടെ ഈ തീരുമാനം. പൊതുപ്രവര്‍ത്തനരംഗത്ത് നില്‍ക്കുന്ന വനിതകള്‍ക്ക് കിട്ടുന്ന വലിയ ഒരു അംഗീകാരം കൂടിയാണ് ഈ തീരുമാനം. സംസ്ഥാന നേതൃത്വം ഒരുമിച്ചെടുത്ത തീരുമാനം കൂടിയായിരുന്നു എന്നത് ഏറെ സന്തോഷം.
പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയില്‍ എങ്ങനെയാവും തുടര്‍ പ്രവര്‍ത്തനം.
പാര്‍ട്ടിയില്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണം എന്ന് സഖാവ് കാനത്തിന് വലിയ നിര്‍ബന്ധം ആയിരുന്നു. അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായ വന്നശേഷം ചെറുപ്പക്കാരേയും വിദ്യാര്‍ഥികളേയും വനിതകളേയും കൂടുതല്‍ പാര്‍ട്ടിയില്‍ എത്തിക്കാന്‍ ശ്രമം ഉണ്ടായി. പാര്‍ട്ടിയില്‍ പ്രായപരിധി പോലും കൊണ്ടുവരുന്നത് അങ്ങനെയാണ്. അതൊക്കെ കേരളത്തിലെ പാർട്ടിയിൽ വലിയ മാറ്റം ഉണ്ടാക്കി. സിപിഐയിലേക്ക് പുതിയ വനിതാ പ്രവര്‍ത്തകര്‍ എത്തി. വലിയ ഒരു ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. പാര്‍ട്ടി വളരണമെങ്കില്‍ എഐവൈഎഫ്, എഐഎസ്എഫ്, വനിതാ വിഭാഗം തുടങ്ങിയവയെയൊക്കെ ചേര്‍ത്തുനിര്‍ത്തി മുന്നോട്ട് കൊണ്ടുപോകണം. പാലക്കാടിനെ സംബന്ധിച്ചിടത്തോളം 13 നിയമസഭാ മണ്ഡലങ്ങളിലും സിപിഐക്ക് സ്വാധീനം ഉണ്ട്. സംഘടനാ സംവിധാനം വളരെ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നു. സഖാക്കളുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ വലിയ മുന്നേറ്റം പാലക്കാട് ഉണ്ടാക്കാന്‍ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ.
പാലക്കാട് ജില്ലയുടെ ഏത് മേഖലയ്ക്കായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക.
പാര്‍ട്ടി സംവിധാനം സാമൂഹ്യ പ്രവര്‍ത്തനരംഗത്തും സംഘടനാ പ്രവര്‍ത്തനത്തിലും ഒരുപോലെ സജീവമാണ് പാലക്കാട്ട്. ഈ നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താനുള്ള സംവിധാനം പാര്‍ട്ടിക്ക് പാലക്കാട്ടുണ്ട്. കാര്‍ഷിക മേഖലയും ആദിവാസി വിഭാഗങ്ങളുടെ ഉന്നമനവുമാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ട വിഷയങ്ങൾ. സാധാരണക്കാരില്‍ സാധാരണക്കാരായ ജനങ്ങളെ പ്രത്യേകിച്ച് ആദിവാസി വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ കഴിയണം. അവരുടെ ഭൂമി പ്രശ്‌നങ്ങളും പ്രദേശിക പശ്ചാത്തലം ഉള്‍പ്പടെ എല്ലാത്തിലും ശ്രദ്ധ പുലര്‍ത്തി മുന്നോട്ടുപോകണം എന്നൊരു ആഗ്രഹം ഉണ്ട്.
സ്ത്രീകള്‍ക്ക് പരിമിധികളോ വെല്ലുവിളികളോ ഇല്ലാതെ സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന വിധം കേരളത്തിലെ രാഷ്ട്രീയരംഗം വളര്‍ന്നോ.
കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭരണത്തില്‍ വന്നശേഷം സ്ത്രീകള്‍ക്ക് ഒരുപാട് അവസരങ്ങള്‍ വന്നു. കുടുംബശ്രീ സംവിധാനത്തിലൂടെ സ്ത്രീകള്‍ക്ക് വലിയ മാറ്റം വന്നു. എല്ലാ രാഷ്ട്രീയ സംഘടനകളിലും സ്ത്രീകള്‍ കാര്യമായി കടന്നുവന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. കുടുംബശ്രീയുടെ പ്രവര്‍ത്തനം പടര്‍ന്നു പന്തലിച്ച് വന്‍ മരമായി നില്‍ക്കുന്നതും അതിലൂടെ സ്ത്രീകള്‍ ഉണ്ടാക്കിയ രാഷ്ട്രീയ സാമൂഹിക മുന്നേറ്റങ്ങളും നമുക്ക് കാണാന്‍ കഴിയുന്നുണ്ട് . സ്ത്രീകള്‍ക്ക് ഗുണകരമായ മറ്റൊരു തീരുമാനമായിരുന്നു ത്രിതല സംവിധാനങ്ങളില്‍ 50 ശതമാനം സംവരണം. അത് നടപ്പാക്കിയതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാനും അവരുടെ കഴിവുകള്‍ തെളിയിക്കാനും കഴിഞ്ഞു. പ്രസിഡന്റ് പദവികള്‍ ഉള്‍പ്പടെ ഏത് പദവിയായാലും ഏല്‍പ്പിക്കുന്ന ഉത്തരവാദിത്തം സത്യസന്ധമായും ആത്മാര്‍ത്ഥമായും വഹിക്കുകയും അതില്‍ ശോഭിക്കുകയും ചെയ്യുന്നു എന്നത് വളരെ വലിയ കാര്യമാണ്. ഏതൊരു പുതിയ കാര്യമായാലും വിശദമായി പഠിക്കാനും വളരെ ഭംഗിയായി നിര്‍വഹിക്കാനുമുള്ള കാര്യപ്രാപ്തി ഭരണതലത്തിലെത്തുന്ന സ്ത്രീകള്‍ക്കുണ്ട്.
20 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ്. കുടുംബവും സമൂഹവും എത്രത്തോളം പിന്തുണ തരുന്നു. ഈ പിന്തുണ എല്ലാ സ്ത്രീകള്‍ക്കും ലഭിക്കുന്നുണ്ടോ.
ഞാനും ഭര്‍ത്താവും മകനും അടങ്ങുന്നതാണ് എന്റെ കുടുംബം. ഭര്‍ത്താവ് വി മോഹന്‍ദാസ് കെപിഎല്‍ ശുദ്ധി കോക്കനട്ട് ഓയില്‍ കമ്പനിയില്‍ റീജ്യണല്‍ മാനേജര്‍ ആയി ജോലി ചെയ്യുന്നു. മകന്‍ അഭിഷേക് ഫിസിക്കല്‍ എജുക്കേഷനില്‍ പിജി ചെയ്യുന്നു. 2005ല്‍ പൊതുപ്രവര്‍ത്തനത്തില്‍ ഇറങ്ങിയതു മുതല്‍ തന്നെ കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും സഹകരണവും എനിക്കുണ്ട്. ഇതുവരെ എന്നില്‍ അര്‍പ്പിതമായ ഓരോ ചുമതലയും എനിക്ക് നിര്‍വഹിക്കാന്‍ കഴിഞ്ഞത് അവരുടെ പിന്തുണയും കരുതലും കൊണ്ടാണ്. കുടുംബവും പൊതുപ്രവര്‍ത്തനവും ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ കഴിയുന്ന അന്തരീക്ഷം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാവണം. പൊതുരംഗത്ത് നില്‍ക്കുമ്പോള്‍ നിരവധി വെല്ലുവിളികളും പല രീതിയിലുള്ള പ്രചരണങ്ങളും ഒക്കെ നേരിടേണ്ടി വരും. പലതിനും ചെവികൊടുക്കാതെ മുന്നോട്ട് പോകുമ്പോളാണ് നമുക്ക് കരുത്തരായി പിടിച്ചുനില്‍ക്കാന്‍ കഴിയുക. ഇതിന് തീര്‍ച്ചയായും കുടുംബത്തിന്റെ പിന്തുണ വേണം.
രാഷ്ട്രീയ രംഗത്തേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു. പാര്‍ട്ടി ഏല്‍പ്പിച്ച സ്ഥാനങ്ങളിലും പദവികളിലും എത്രത്തോളം സംതൃപ്തിയുണ്ട്.
എഐവൈഎഫിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ടാണ് ഈ സംഘടനയിലേക്ക് വരുന്നത്. പിന്നീട് കേരള മഹിളാ സംഘത്തിന്റെ ലോക്കല്‍ മണ്ഡലം സെക്രട്ടറിയായി സംഘടനാ ചുമതലയിലേക്ക് കടന്നു. നിലവില്‍ കേരള മഹിളാ സംഘത്തിന്റെ ജില്ലാ സെക്രട്ടറിയാണ്. 2005 മുതല്‍ 2015 വരെ മലമ്പുഴ ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാനായി. 2010 ല്‍ ജനറല്‍ സീറ്റില്‍ മത്സരിച്ച് വിജയിച്ച് ജനറല്‍ പ്രസിഡന്റായി അതാണ് പാര്‍ട്ടി ആദ്യം ഏല്‍പ്പിച്ചു തന്ന വലിയ ഉത്തരവാദിത്തം എന്നത്.
2015 മുതല്‍ 2020 വരെ പൂര്‍ണമായും സംഘടനാ ചുമതലകളായിരുന്നു. ആ കാലയളവിലാണ് പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവിലേക്കും ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായും എത്തിയത്. ഒരു ടേം കേരള മഹിളാ സംഘം സംസ്ഥാന ട്രഷറര്‍ ആയിരുന്നു . നിലവില്‍ എന്‍എഫ്‌ഐഡബ്ല്യൂ നാഷണല്‍ കൗണ്‍സില്‍ അംഗമാണ്. ഇപ്പോള്‍ 2020ല്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 20 വര്‍ഷമായി പാര്‍ട്ടി തന്ന എല്ലാ സ്ഥാനവും വ്യക്തമായി മുന്നോട്ട് കൊണ്ടുപോവാന്‍ സാധിച്ചിട്ടുണ്ട്.
പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്ന സ്ത്രീകളോട് എന്താണ് പറയാന്‍ ഉള്ളത്.
സ്ത്രീകള്‍ ഇനിയും കൂടുതലായി പൊതുപ്രവര്‍ത്തന രംഗത്ത് കടന്നുവരണം എന്നാണ് എനിക്ക് പറയാനുള്ളത്. രാഷ്ട്രീയ രംഗത്ത് പാര്‍ട്ടിയുടെ എല്ലാ തലങ്ങളിലും സ്ത്രീകള്‍ അംഗങ്ങളായി ഉണ്ടാവണം എന്ന് രാഷ്ട്രീയ നേതാക്കള്‍ തന്നെ തീരുമാനം എടുത്തതോടെ സ്ത്രീകള്‍ സംഘടനാരംഗത്തും ചുമതലകളിലും കൂടുതലായി എത്തിയിട്ടുണ്ട്. 90 ശതമാനം സ്ത്രീകളും സ്വയം പര്യാപ്തമായി എന്നാണ് എന്റെ വിശ്വാസം. എന്നാലും പൊതുപ്രവര്‍ത്തന രംഗത്ത് എത്തുന്ന സ്ത്രീകളില്‍ ഒരു ചെറിയ ശതമാനം ഇപ്പോളും പൊതുരംഗത്ത് നിന്നും തിരിച്ചുപോകുന്നുണ്ട്. അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് എന്ന ആശയം നമ്മള്‍ മുന്നോട്ട് വെക്കുകയും അതിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് എത്തുന്നവരില്‍ തിരിച്ച് അടുക്കളയിലേക്ക് തന്നെ പോകുന്നവരെ തിരികെ എത്തിച്ച് പൊതുപ്രവര്‍ത്തന രംഗത്ത് നൂറുശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ നമുക്ക് കഴിയണം.
സിപിഐ എടുത്ത ചരിത്ര തീരുമാനം മറ്റ് സംഘടനകള്‍ ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷയുണ്ടോ.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇങ്ങനെയൊരു തീരുമാനം എടുത്തതിലൂടെ രാഷ്ട്രീയ കേരളത്തിന് അഭിമാനമായി. ഇത് മറ്റ് പാര്‍ട്ടികള്‍ക്കൊക്കെ മാതൃകയാണ്. നിക്ഷ്പക്ഷമായ പൊതുസമൂഹം ഈ വിപ്ലവ തീരുമാനത്തെ ഏറ്റെടുത്ത് കഴിഞ്ഞു. സഖാക്കള്‍ അഭിവാദ്യം ചെയ്യുന്നതിലുമുപരി പൊതുസമൂഹം ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുണ്ട്. ഇത് എല്ലാവര്‍ക്കും പ്രചോദനമാവും എന്നതില്‍ തര്‍ക്കം ഇല്ല. ഇതിന്റെ തുടര്‍ച്ച എല്ലാ പാര്‍ട്ടികളിലും ഉണ്ടാവട്ടെ.
Content Highlights: Sumalatha Mohandas makes history as the first woman district secretary of the CPI
Published: 22 Jul 2025, 01:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented