തിരുവനന്തപുരം: അംഗമായി തുടരാൻ പ്രവർത്തകർക്കുള്ള അഞ്ചുഘട്ട ‘പരീക്ഷ’ കഴിഞ്ഞതോടെ ബി.ജെ.പി.യിൽ ഇനി പരിശീലനക്കാലം. പരീക്ഷയുടെ ഓരോഘട്ടത്തിലും അഞ്ചു ചോദ്യങ്ങൾക്കുവീതം ശരിയുത്തരം നൽകിയാലേ മുന്നോട്ടുപോകാനാവുമായിരുന്നുള്ളൂ. ആദ്യത്തെ ഒന്നോ രണ്ടോ ഘട്ടങ്ങളിൽ തോറ്റവർക്ക് അടുത്തതിലേക്ക്‌ പോകാനായിരുന്നില്ല. പിന്നീട് തോറ്റഘട്ടവും ആവർത്തിച്ച് പലതവണയായാണ് അന്തിമഘട്ടത്തിലെത്തിയത്.

To advertise here,

ഇതിനുപിന്നാലെയാണ് നിയോജകമണ്ഡലം, ജില്ലാതലങ്ങളിൽ നേതൃനിരയിലുള്ളവർക്ക് തീവ്രപരിശീലനം തുടങ്ങിയത്. ഒരാഴ്ചയ്ക്കകം 30 സംഘടനാജില്ലകളിലെയും പരിശീലനം പൂർത്തിയാകും.

സംഘടനയുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങൾ. പുതുതലമുറക്കാരിൽ പലർക്കും ഒറ്റയടിക്ക് പരീക്ഷയുടെ അഞ്ചുഘട്ടം പൂർത്തിയാക്കാനായില്ല. ദീർഘകാല പ്രവർത്തകർ എല്ലാഘട്ടവും വേഗം തീർത്ത് പരീക്ഷ ജയിച്ചു. ദേശീയ അധ്യക്ഷൻ മുതൽ താഴെത്തട്ടിലുള്ളവർവരെ പരീക്ഷയെഴുതി. ബി.ജെ.പി. അംഗങ്ങളായ മുഴുവൻപേരും പരീക്ഷയിൽ പങ്കെടുത്തിട്ടില്ല. ഇക്കാരണത്താൽ ഇവർക്ക് പാർട്ടി അംഗത്വം ഇല്ലാതാകില്ല.

മുപ്പതിനായിരത്തോളം പേർക്കായിരുന്നു ആദ്യഘട്ട പരിശീലനം. നിയോജകമണ്ഡലം പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറിമാർ, ജില്ലകളിൽനിന്നുള്ള സംസ്ഥാന ഭാരവാഹികൾ, ജില്ലാഭാരവാഹികൾ, വിവിധ മോർച്ചാ ഭാരാവാഹികൾ എന്നിവരാണ് ജില്ലാതല പരിശീലനത്തിൽ പങ്കെടുക്കുന്നത്. സംഘടനയുടെ ചരിത്രം, അടിസ്ഥാന ആശയം, പ്രത്യയശാസ്ത്രം, മാധ്യമങ്ങൾ, സാമൂഹികമാധ്യമം തുടങ്ങി 14 വിഷയങ്ങളിലാണ് പരിശീലനം. സംഘടനാ നേതാക്കൾക്കുപുറമേ വിഷയവിദഗ്ധരും ക്ലാസെടുക്കും. ജനറൽ സെക്രട്ടറി എം.ടി. രമേശിനാണ് പരിശീലനച്ചുമതല.