ന്യൂഡൽഹി: രാജ്യത്തെ യുവാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെയും പ്രക്രിയകളെയും ചോദ്യം ചെയ്യുന്നത് ശക്തവും ഊർജസ്വലവുമായ ജനാധിപത്യത്തിന്റെ പ്രധാന ലക്ഷണമാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ജൂഡീഷ്യറിയും അതിൽ വ്യത്യസ്തമല്ലെന്നും ചോദ്യം ചോദിക്കുന്നതിലൂടെ മാത്രമാണ് ഭരണഘടനാ സ്ഥാപനങ്ങൾക്ക് കൂടുതൽ സുതാര്യതയും ഉത്തരവാദിത്തവും കൈവരിക്കാൻ സാധിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

യുവാക്കൾ രാജ്യത്തിന്റെ ഭാവി മാത്രമല്ല വർത്തമാന കാലത്തെ സജീവ പങ്കാളികൾ കൂടിയാണ്. യുവാക്കളുടെ ആശങ്കകൾ നാം കേൾക്കണം. വിയോജിപ്പുകളെ ഒരിക്കലും ഭീഷണിയായി കാണരുത് - ചീഫ് ജസ്റ്റിസ് പറഞ്ഞു. ബെംഗളൂരുവിൽ നാഷണൽ ലോ സ്‌കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്‌സിറ്റിയുടെ 34-ാമത് ബിരുദദാനച്ചടങ്ങിനെത്തിയ അദ്ദേഹം ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കവെയായിരുന്നു ഇക്കാര്യം പറഞ്ഞത്. മാറ്റങ്ങൾ ആവശ്യപ്പെടുമ്പോഴും വിമർശനങ്ങൾ ഉന്നയിക്കുമ്പോഴും ഭരണഘടനാപരമായ തത്ത്വങ്ങളും നിയമവാഴ്ചയും പാലിക്കാൻ യുവതലമുറ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ധൈര്യവും സത്യസന്ധതയും കേൾക്കപ്പെടാതെപോകുന്ന ശബ്ദങ്ങൾ ശ്രദ്ധിക്കാനുള്ള കഴിവും നിയമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അത്യന്താപേക്ഷിതമാണ്. നിയമവിദ്യാഭ്യാസം അക്കാദമിക് പഠനത്തിനപ്പുറത്തേക്ക് വളരണം. വ്യത്യസ്ത വീക്ഷണങ്ങളെ ഉൾക്കൊള്ളാനും സമൂഹത്തിന് സേവനംചെയ്യാനും വിദ്യാർഥികളെ പ്രാപ്തരാക്കണമെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു. നിയമവിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ക്രിമിനൽ നിയമങ്ങളോ ഭരണഘടനാ നിയമങ്ങളോ പഠിക്കുന്നതിനപ്പുറത്തേക്ക് പോകണം. നമ്മളിൽനിന്നു വ്യത്യസ്തമായി ലോകത്തെ വീക്ഷിക്കുന്നവരെ കണ്ടുമുട്ടുന്ന അനുഭവമുണ്ടാകുകയെന്നതാണ് പ്രധാനം. നീതിക്കുവേണ്ടി നിലകൊള്ളാനുള്ള ധൈര്യവും അവഗണിക്കപ്പെടുന്നവരുടെ ആശങ്കകൾ കേൾക്കാനുള്ള വിനയവും നിയമമേഖല ആവശ്യപ്പെടുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.