ന്യൂഡൽഹി: രാജ്യത്തെ ഓരോ പൗരനും മാധ്യമപ്രവർത്തകനാകാൻ തുടങ്ങിയാൽ അത് മറ്റുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി. രജിസ്റ്റർ ചെയ്ത മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള അംഗീകൃത ലേഖകർക്ക് പുറമെ ഫ്രീലാൻസ് മാധ്യമപ്രവർത്തകർ, സ്വതന്ത്ര മാധ്യമപ്രവർത്തകർ, റീൽസ് നിർമാതാക്കൾ എന്നിവർ പ്രതിഷേധ സ്ഥലങ്ങളിൽ വലിയതോതിൽ എത്തുന്ന പശ്ചാത്തലത്തിൽ, അവരുടെ അഭിപ്രായ സ്വാതന്ത്ര്യാവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജികൾ പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്വതന്ത്ര, ഫ്രീലാൻസ് മാധ്യമപ്രവർത്തകരെ ഡൽഹി പോലീസ് അംഗീകരിക്കുന്നില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ അക്രഡിറ്റേഷൻ വേണമെന്ന് നിർബന്ധം പിടിക്കുകയാണെന്നും മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് ചൂണ്ടിക്കാട്ടി. തൊഴിൽദാതാവിന്റെ ഐഡന്റിറ്റി കാർഡുള്ള ഏതൊരു മാധ്യമപ്രവർത്തകന്റെയും പ്രൊഫഷണൽ ജോലിയെ പോലീസ് തടസ്സപ്പെടുത്താതിരിക്കാൻ ഒരു ദേശീയ പ്രോട്ടോക്കോൾ ഉണ്ടായിരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ പേരിൽ എല്ലാ പൗരന്മാർക്കും മാധ്യമപ്രവർത്തകരാകാനാകുമോ എന്നകാര്യം വിശദമായി പരിശോധിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. "നാം ഒരു കാര്യം മനസ്സിൽ വെക്കണം. എല്ലാവരും മാധ്യമപ്രവർത്തകരാകാൻ തുടങ്ങിയാൽ, അത് മറ്റുള്ളവർക്കെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കും. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഈ രാജ്യത്തെ എല്ലാ പൗരന്മാർക്കും മാധ്യമപ്രവർത്തകരാകാൻ അധികാരം നൽകുന്നുണ്ടോ എന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അത് ബുദ്ധിമുട്ടാണ്. അക്രഡിറ്റഡ് മാധ്യമപ്രവർത്തകർ, രജിസ്റ്റർ ചെയ്ത മാധ്യമസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ, ഫ്രീലാൻസ് മാധ്യമപ്രവർത്തകർ, ഇൻഫ്ലുവൻസർമാർ, റീൽസ് നിർമ്മാതാക്കൾ എന്നിവർക്കെല്ലാം സുരക്ഷയുടെ വിവിധ തലങ്ങളാണുള്ളത്," അദ്ദേഹം പറഞ്ഞു.
"വർക്കിങ് ജേണലിസ്റ്റ് ആക്ട് പ്രകാരം മാധ്യമപ്രവർത്തകർക്കിടയിൽ വർഗ്ഗീകരണങ്ങളുണ്ടെന്നും ചില പ്രത്യേക വിഭാഗത്തിൽപ്പെട്ട മാധ്യമപ്രവർത്തകർക്ക് അധിക സുരക്ഷ നൽകണമോ എന്ന വിഷയം വിശദമായി പരിശോധിക്കണമെന്നും എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഈ കാലഘട്ടത്തിൽ കയ്യിൽ മൊബൈൽ ഫോണുള്ള ഏതൊരാൾക്കും താൻ ഒരു സ്വതന്ത്ര അല്ലെങ്കിൽ ഫ്രീലാൻസ് മാധ്യമപ്രവർത്തകനാണെന്ന് അവകാശപ്പെടാൻ കഴിയുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. സംഭവങ്ങളെ സെൻസേഷണലൈസ് ചെയ്തോ ഏകപക്ഷീയമായ കഥകൾ അവതരിപ്പിച്ചോ സോഷ്യൽ മീഡിയയിൽ പ്രശസ്തി നേടാനും പണം സമ്പാദിക്കാനും റീലുകൾ ഉണ്ടാക്കുക മാത്രമായിരിക്കും അവർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വനിതാ മാധ്യമപ്രവർത്തകർ പീഡിപ്പിക്കപ്പെടരുത് എന്ന വാദത്തെ പിന്തുണച്ച മേത്ത, ഇതേ പരിഗണന വനിതാ പോലീസ് ഉദ്യോഗസ്ഥർക്കും നൽകണമെന്ന് വാദിച്ചു.
വനിതാമാധ്യമപ്രവർത്തകർക്ക് ജോലിക്കിടെ നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങൾ പരിശോധിക്കാൻ കമ്മിറ്റിയുണ്ടാക്കണമെന്ന ആവശ്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ഡൽഹി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലുള്ള ഹർജികൾ പരിഗണിക്കവേ മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്സിങ് വിഷയം ചൂണ്ടിക്കാട്ടിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം വ്യക്തമാക്കിയത്. കമ്മിറ്റിയിൽ അംഗങ്ങളായി പരിഗണിക്കാനുള്ളവരുടെ പേരുകൾ നൽകാമെന്ന് ഇന്ദിരാ ജെയ്സിങ് അറിയിച്ചു.
Published: 16 Oct 2026, 11:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented