ന്യൂഡൽഹി: യുഎസും ഇസ്രയേലും ചേർന്ന് ഇറാനുനേരെ ആക്രമണം ആരംഭിച്ച ഘട്ടത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി തയ്യാറായിരുന്നില്ലെന്ന് റിപ്പോർട്ട്. തന്റെ സഹായികളുടെ ആവർത്തിച്ചുള്ള അഭ്യർത്ഥനകൾ അദ്ദേഹം അവഗണിച്ചതായും ടെഹ്റാനിലെ വസതി വിടാനോ സുരക്ഷിതമായ ബങ്കറിലേക്ക് മാറാനോ തയ്യാറായിരുന്നില്ലെന്നും ഇറാന്റെ പരമോന്നത നേതാവിന്റെ ഇന്ത്യയിലെ പ്രതിനിധി അബ്ദുൾ മജീദ് ഹക്കീം ഇലാഹി വ്യക്തമാക്കി.

To advertise here,

യുഎസ്, ഇസ്രയേൽ എന്നിവരുമായി സംഘർഷം വർദ്ധിച്ചപ്പോഴും, 37 വർഷം രാജ്യത്തെ നയിച്ച ഖമനേയി സ്വന്തം വീട്ടിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ സാധാരണക്കാരായ ജനങ്ങൾക്ക് സുരക്ഷിത താവളങ്ങൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ താൻ മാത്രം പ്രത്യേക സൗകര്യങ്ങൾ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. ഒരു ഭരണാധികാരി ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഒപ്പം നിൽക്കണമെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഇലാഹി പറയുന്നു.

ഇറാനിലെ 9 കോടി ജനങ്ങൾക്കും സുരക്ഷിതമായ ഇടം ലഭിക്കാതെ താൻ സുരക്ഷ തേടില്ലെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെടുന്നതിന് മുൻപ്, ആശുപത്രിയിലോ വാർധക്യസഹജമായ അസുഖങ്ങളാലോ മരിക്കുന്നതിനേക്കാൾ രക്തസാക്ഷിത്വം വരിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും ഇലാഹി വെളിപ്പെടുത്തി. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ ടുഡേ കോൺക്ലേവിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം സംസാരിച്ചത്.

'അദ്ദേഹത്തിന്റെ ഓഫീസും വസതിയും എല്ലാവർക്കും അറിയാമെന്നിരിക്കെ, എന്തുകൊണ്ടാണ് അദ്ദേഹത്തെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്കോ നഗരത്തിലേക്കോ മാറ്റാത്തതെന്ന് ഞാൻ സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചു. എന്നാൽ അദ്ദേഹം അത് വിസമ്മതിക്കുകയായിരുന്നു എന്നാണ് അവർ പറഞ്ഞത്. ടെഹ്റാനിലെ 90 ദശലക്ഷം പൗരന്മാർക്കും സുരക്ഷിതമായ അഭയസ്ഥാനം നൽകാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ മാത്രമേ ഞാൻ എന്റെ വീട് വിട്ട് മറ്റൊരു സ്ഥലത്തേക്ക് മാറാൻ തയ്യാറുള്ളൂ, എന്നാണ് അദ്ദേഹം അവരോട് പറഞ്ഞത്'. ഇലാഹി പറഞ്ഞു.

'സുരക്ഷിതത്വത്തിനായി വസതിയുടെ താഴത്തെ നിലയിൽ ഒരു ബങ്കർ എങ്കിലും നിർമ്മിക്കാൻ ഞാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. പക്ഷേ അദ്ദേഹം അതിനും അനുവദിച്ചില്ല. 90 ദശലക്ഷം ഇറാനികൾക്കായി 90 ദശലക്ഷം ബങ്കറുകൾ നിർമ്മിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ മാത്രമേ എനിക്കായി ഒന്ന് നിർമ്മിക്കാൻ ഞാൻ അനുവദിക്കുകയുള്ളൂ, എന്നാണ് അവരോട് അദ്ദേഹം പറഞ്ഞത്.' ഇലാഹി കോൺക്ലേവിൽ വ്യക്തമാക്കി.

ഒരു നേതാവ് പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ദരിദ്രർക്കും തുല്യനായിരിക്കണം എന്ന് ഖമേനി വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സാക്ഷ്യപ്പെടുത്തുന്നു. 'ഞാൻ രാജ്യത്തിന്റെ നേതാവാണ്. എനിക്കായി മാത്രം ഒരു പ്രത്യേക ജീവിതം നയിക്കുകയാണെങ്കിൽ ഈ രാജ്യത്തെ നയിക്കാൻ എനിക്ക് അർഹതയുണ്ടാവില്ല.' എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്.

ഖമനേയി രക്തസാക്ഷിത്വം ആഗ്രഹിച്ചിരുന്നതായും ഇലാഹി വെളിപ്പെടുത്തി. റമദാൻ മാസത്തിലെ രക്തസാക്ഷിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, രക്തസാക്ഷിത്വം എന്നത് ഇസ്ലാമിക പ്രബോധനങ്ങളിലെ ഏറ്റവും വലിയ ഗുണങ്ങളിലൊന്നാണെന്നും ഖമനേയി അത് ആഗ്രഹിച്ചിരുന്നതായുമാണ് ഇലാഹി വ്യക്തമാക്കിയത്. 'തനിക്ക് ഇപ്പോൾ 86 വയസ്സായെന്നും, ആശുപത്രിയിലോ അപകടത്തിലോ പനി മൂലമോ മരിക്കാൻ ഭയമാണെന്നും, രക്തസാക്ഷിയാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പലപ്പോഴും പറയുമായിരുന്നു'. ഇലാഹി പറയുന്നു.

ഖമനേയിയുടെ രക്തസാക്ഷിത്വം മുസ്ലിങ്ങൾക്കിടയിൽ ഐക്യമുണ്ടാക്കിയെന്നും, മറ്റു രാജ്യങ്ങളെ അനാവശ്യമായി ആക്രമിക്കുന്നവരുടെ അനീതി ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയെന്നും ഇലാഹി കൂട്ടിച്ചേർത്തു. വിശുദ്ധ മാസമായ റമദാനിൽ ഖമനേയി രക്തസാക്ഷിത്വം വരിച്ചതിന് പ്രത്യേക അർത്ഥമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 28-ന് ടെഹ്റാനിലെ ഔദ്യോഗിക വസതി ലക്ഷ്യമാക്കി യുഎസും ഇസ്രായേലും സംയുക്തമായി നടത്തിയ ബങ്കർ ബസ്റ്റർ ബോംബ് ആക്രമണത്തിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.