ടെഹ്‌റാൻ: യുദ്ധമവസാനിപ്പിക്കാനും ഹോർമുസ് തുറക്കാനും ലക്ഷ്യമിട്ട് മുന്നോട്ടുവെച്ച ഏഴുദിവസത്തെ വെടിനിർത്തൽ പദ്ധതി യു.എസ്. അംഗീകരിച്ചില്ലെങ്കിൽ പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുനേരേയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന് ഇറാൻ. ഇറാന്റെ മധ്യസ്ഥസംഘത്തിന് നേതൃത്വംനൽകുന്ന മുഹമ്മദ് ബഘേർ ഖാലിബാഫാണ് ഭീഷണിമുഴക്കിയത്.

To advertise here,

കഴിഞ്ഞയാഴ്ച ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയിരുന്നു. എന്നാൽ, യു.എസ്. ഉദ്യോഗസ്ഥർ വഴിയോ സമാധാന ചർച്ചയിലെ മധ്യസ്ഥർ വഴിയോ ഔദ്യോഗിക പ്രതികരണം ലഭിച്ചിട്ടില്ലെന്നാണ് ഇറാന്റെ നിലപാട്.

ഇറാൻ നിർദേശങ്ങൾ ഒരിക്കൽകൂടി യു.എസിന് സമർപ്പിച്ചിട്ടുണ്ട്. ഉടൻ യു.എസ്. ഔദ്യോഗിക മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. ഇറാന്റെ സുരക്ഷ ഉറപ്പാക്കാനായില്ലെങ്കിൽ പശ്ചിമേഷ്യയിലെ ഒരു അടിസ്ഥാന സൗകര്യവും സുരക്ഷിതമായിരിക്കില്ല. ‘‘ഞങ്ങൾക്ക് എണ്ണ വിൽക്കാൻ സാധിക്കാത്ത ഒരു പ്രദേശത്ത് മറ്റാരും എണ്ണ വിൽക്കില്ല’’ -ഖാലിബാഫ് പറഞ്ഞു. ഇറാന്റെ ദേശീയ ടി.വി. ചാനലാണ് ചൊവ്വാഴ്ച മുന്നറിയിപ്പിന്റെ വീഡിയോ പുറത്തുവിട്ടത്.

ഖത്തറിൽനിന്നുള്ള മധ്യസ്ഥരുമായി ചർച്ചനടത്തിയെന്നും നിർദേശം യു.എസിനുമുന്നിൽ ഒന്നുകൂടി സമർപ്പിക്കാൻ അവർ തയ്യാറാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച പറഞ്ഞിരുന്നു. നിർദേശത്തിൽ യ.എസിന്റെ ഔദ്യോഗിക മറുപടി അടുത്ത ദിവസങ്ങളിൽതന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണങ്ങൾ പുനരാരംഭിക്കുന്നത് തടയാനും സമാധാനപരമായി യുദ്ധം പര്യവസാനിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചർച്ചകൾ മധ്യസ്ഥർവഴി പുരോഗമിക്കുകയാണെന്ന് വാർത്താ ഏജൻസിയായ എ.പി. റിപ്പോർട്ടുചെയ്തു. ഇറാൻ മുന്നോട്ടുവെച്ച നിർദേശവുമായി ബന്ധപ്പെട്ടുതന്നെയാണ് ചർച്ച എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറാന്റെ ആണവവത്‌കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഒരു തീരുമാനമാകാതെ യു.എസ്. ഒരു ചർച്ചയ്ക്കും തയ്യാറല്ലെന്ന് യു.എസ്. ഉദ്യോഗസ്ഥനെ ഉദ്ധരിച്ച എ.പി. റിപ്പോർട്ടുചെയ്തു. എന്നാൽ, ആണവനിരായുധീകരണവുമായി ബന്ധപ്പെട്ട ചർച്ചയിൽ കാര്യമായ പുരോഗതി ഉണ്ടാകുകയും യു.എസിൽനിന്നുള്ള സംഘത്തെ ഇറാനിലെ ആണവകേന്ദ്രങ്ങൾ പരിശോധിക്കാൻ അനുവദിക്കുകയും ചെയ്താൽ ഇറാനുനേരേയുള്ള ഉപരോധം പിൻവലിക്കാനും രാജ്യത്തിന്റെ മരവിപ്പിച്ച വിദേശ ആസ്തികളിൽ ചിലത് വിട്ടുനൽകാനും ട്രംപ് തയ്യാറാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഇറാൻ മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിച്ചാൽ ഏഴുദിവസത്തിനകം ഹോർമുസ് തുറന്നുനൽകാമെന്നാണ് വാഗ്ദാനം.

അതിനിടെ, ഇറാന്റെ കറൻസിയായ റിയാലിന്റെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിലെത്തി. യുദ്ധവും യു.എസിന്റെ സാമ്പത്തിക സമ്മർദതന്ത്രവുമാണ് മൂല്യത്തകർച്ചയ്ക്കുപിന്നിൽ. ഒരു യു.എസ്. ഡോളറിന് 25 ലക്ഷം റിയാൽ എന്ന നിലയിലാണ് ചൊവ്വാഴ്ച കൈമാറ്റം ചെയ്യപ്പെട്ടത്.