ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരേ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടിയുടെ (സി.ജെ.പി.) സ്ഥാപകൻ അഭിജിത് ദീപ്‌കെ. പ്രതിഷേധങ്ങളെ സർക്കാർ എന്തുകൊണ്ട് ഭയക്കുന്നുവെന്ന് അഭിജിത് ദീപ്‌കെ ചോദിച്ചു. പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്ക് പിന്നാലെ എപ്പോഴും പോലീസുണ്ടെന്നും പ്രതിഷേധ വേദികൾ പോലീസ് അടച്ചുപൂട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

"ഇവിടെയെത്തുന്ന ഗുണ്ടകൾക്കെതിരെ ഡൽഹി പോലീസ് നടപടിയെടുക്കുന്നില്ല. ആർക്കെതിരെയാണ് ഡൽഹി പോലീസ് നടപടിയെടുക്കുന്നത്? ഡൽഹി പോലീസ് സൗരവിനെയും അശുതോഷിനെയും അറസ്റ്റ് ചെയ്യുന്നു. അവർ എന്ത് ചെയ്തു? അവരുടെ കുറ്റം എന്താണ്? അവർ ദേശീയപതാക ഉയർത്തി."

"ദേശീയപതാക ആർക്കൊക്കെ ഉയർത്താം, ആർക്കൊക്കെ ഉയർത്താൻ പാടില്ല എന്ന് ഡൽഹി പോലീസ് എങ്ങനെ തീരുമാനിക്കും? എല്ലാ പൗരന്മാരും അത് ചെയ്യണം. എല്ലാ പൗരന്മാരും അത് ചെയ്യണം. ഇനി ദേശീയപതാക ഉയർത്താൻ പോലും ആളുകൾ ഡൽഹി പോലീസിന്റെ അനുമതി തേടേണ്ടി വരുമോ?" - അഭിജിത് ദീപ്‌കെ ചോദിച്ചു

വെള്ളിയാഴ്ച സിജെപി പ്രഖ്യാപിച്ച തിരംഗ മാർച്ചുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് നിർദേശങ്ങൾ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ദീപ്‌കെ വാർത്താസമ്മേളനം നടത്തി വിമർശനമുന്നയിച്ചത്. സെൻട്രൽ പാർക്കിൽ ചെറിയ സംഘത്തിന് പതാകയുമായി പോകാൻ അനുമതിയുണ്ട്. എന്നാൽ പൊതുജനങ്ങൾ എത്തരുതെന്നുമാണ് ഡൽഹി പോലീസ് നിർദേശം. ഒക്ടോബർ 16,17 തീയതികളിൽ സെൻട്രൽ പാർക്ക് അടയ്ക്കും.

പാർട്ടി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ ദേശീയ പതാക ഉയർത്തിയതിന്റെ പേരിൽ ജയിലിലടച്ച നടപടിക്കെതിരെയാണ് സിജെപി പ്രതിഷേധം. 16-ന് വൈകീട്ട് അഞ്ചുമണിക്ക് ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒത്തുകൂടാനും പതാകയേന്തി പ്രതിഷേധിക്കാനുമാണ് നീക്കം.ഡൽഹിയിലെത്താൻ കഴിയാത്തവർ തങ്ങളുടെ സ്വന്തം നഗരങ്ങളിൽ തിരംഗ മാർച്ച് സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്. ‘ലെഹ്‌രാ ദോ തിരംഗ’ (പാറിപ്പറക്കട്ടെ ത്രിവർണപതാക) എന്നാണ് പ്രതിഷേധ കാമ്പയിന്‌ പേരിട്ടിരിക്കുന്നത്.