കൊൽക്കത്ത: വോട്ടെണ്ണൽദിനത്തിൽ കൊൽക്കത്ത നഗരത്തിലൂടെ ടാക്‌സിയിൽ സഞ്ചരിക്കുമ്പോൾ സദാ ശബ്ദായമാനമായ നഗരം ഒളിവിൽപ്പോയതുപോലൊരു തോന്നലാണുണ്ടായത്. ഉറുമ്പുകളെപ്പോലെ തിരക്കുകൂട്ടി നീങ്ങുന്ന ജനസഞ്ചയമില്ല. ഹോണടിച്ച് കാതടപ്പിക്കുന്ന വാഹനങ്ങളില്ല. അവിടവിടെ ചില ഓട്ടോകളും ടാക്‌സികളും മാത്രം. ഇടയ്ക്കിടെ ജയ് ശ്രീരാം വിളികളോടെ ബി.ജെ.പി.യിലെ ചെറുപ്പക്കാർ ബൈക്കുകളിൽ പായുന്നു. ഭരണം മറിഞ്ഞെന്ന് ഉറപ്പായി മിനിറ്റുകൾക്കുള്ളിൽ ബി.ജെ.പി.ക്കാർ തൃണമൂലിന്റെ തിരഞ്ഞെടുപ്പ് ഓഫീസ് തകർത്ത റൂബി നാൽക്കവല പിന്നിടുമ്പോൾ ഡ്രൈവർ പറഞ്ഞു ''ബെഹാലയിലെ ടി.എം.സി. ഓഫീസും അടിച്ചുതകർത്തിട്ടുണ്ട്.'' കാലികാപുരിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സിലേക്ക് കടക്കുന്ന ഒരാൾ 'ജയ് ശ്രീരാം' എന്ന് അഭിവാദ്യം ചെയ്യുന്നത് കണ്ടു. അതിലും ഊർജത്തിൽ സെക്യൂരിറ്റിക്കാരനും പ്രത്യഭിവാദ്യം ചെയ്യുന്നു 'ജയ് ശ്രീരാം.'

To advertise here,

അക്രമത്തിന്റെ കൂട്ടുപലിശ

വോട്ടെണ്ണലിന്റെ പിറ്റേന്ന് പ്രിൻസ് അൻവർഷാ റോഡിലെ ഒരു ഫോട്ടോസ്റ്റാറ്റ് കടയിൽ ചിരിയുടെ അകമ്പടിയോടെ കേട്ട സംഭാഷണം ഇങ്ങനെ: ''ബാമേറാ ഓ എഖോൻ ജോയ് ശ്രീരാം ബോൽതെ ശുരു ഹോയേ ഗാഛേ'' (ഇടതുകാരും ഇപ്പോൾ ജയ് ശ്രീരാം വിളിച്ചുതുടങ്ങി). നിരത്തിൽ മാത്രമല്ല സംസ്ഥാന സെക്രട്ടേറിയറ്റായ 'നബന്ന'യിലും ഉദ്യോഗസ്ഥർ വട്ടംചേർന്ന് ജയ് ശ്രീരാം വിളിക്കുന്ന ദൃശ്യങ്ങൾ ചാനലുകളിൽ വന്നു. ഇത്രയുംകാലം വിളിക്കാഞ്ഞതെന്തെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യം. 'ഭയമായിരുന്നു' എന്നു മറുപടി.

''ഭയം പോകും; വിശ്വാസം വരും'' എന്നതായിരുന്നു ബി.ജെ.പി മുന്നോട്ടുവെച്ച പ്രധാന മുദ്രാവാക്യങ്ങളിൽ ഒന്ന്. ഫലം വന്നശേഷമുള്ള ആദ്യ ദിനങ്ങളിൽ ഭയം വിട്ടുപോകാതെ നിൽക്കുന്നതാണ് കാണുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം നടന്ന അക്രമത്തിന്റെ പുനരാവർത്തനം. രണ്ട് തൃണമൂലുകാരും രണ്ട് ബി.ജെ.പി.ക്കാരും ഇതിനകം കൊല്ലപ്പെട്ടു. മൻഥേശ്വറിലെ തൃണമൂൽ മേഖലാഭാരവാഹിയെ അടിച്ചുപരുവമാക്കി രണ്ടാംനിലയിൽ നിന്ന് താഴേക്കിടുന്നതും ന്യൂമാർക്കറ്റിലെ തൃണമൂൽ കേന്ദ്രങ്ങൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നതും തൃണമൂൽ ഓഫീസുകൾ തല്ലിത്തകർത്ത് തീയിടുന്നതുമായ ദൃശ്യങ്ങൾ റീലുകളായി പ്രചരിക്കുന്നു.

''മേയ് നാലിനുശേഷം എല്ലാറ്റിനും പലിശചേർത്ത് തിരിച്ചുതരും'' എന്നായിരുന്നു തൃണമൂൽ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി വെല്ലുവിളിച്ചിരുന്നത്. പക്ഷേ, ഭരണം പോയപ്പോൾ പലിശയും കൂട്ടുപലിശയും ചേർത്തുവാങ്ങുന്ന സ്ഥിതിയാണിപ്പോൾ. ബംഗാളിന്റെ പതിവു ചിത്രമാണിത്. ഭരിക്കുന്നവൻ അടിക്കും. പ്രതിപക്ഷക്കാരൻ അടികൊണ്ട് ചുരുളും. തോറ്റ പാർട്ടിക്കാരുടെ ഓഫീസുകൾ ജയിച്ച പാർട്ടിക്കാർ സ്വന്തമാക്കും. തോറ്റ പാർട്ടിയുടെ പ്രാദേശികനേതാക്കൾ കുറെക്കാലം മറ്റുസ്ഥലങ്ങളിൽ ഒളിച്ചുപാർക്കും. കേരളത്തിലും മറ്റും ചിന്തിക്കാൻ കഴിയാത്ത അവസ്ഥയാണിത്.

അറുപതുകളുടെ രണ്ടാം പകുതിമുതൽ ബംഗാൾ രാഷ്ട്രീയം ചോരക്കളിയുടേതായിരുന്നു. തീവ്ര ഇടതുപക്ഷത്തിന്റെ ആക്ഷനുകളും അതിനെതിരേയുള്ള സിദ്ധാർഥ ശങ്കർ റായിയുടെ സർക്കാരിന്റെയും കോൺഗ്രസിന്റെയും റിയാക്ഷനുകളും ശവക്കൂനകൾ സൃഷ്ടിച്ചു. അതു കഴിഞ്ഞപ്പോൾ ഇടതുമുന്നണിയുടെ വരവായി. 'ബൊഹത്തേരേർ സന്ത്രാസ്' ('72-ലെ സർക്കാരിന്റെ ഭീകരത) വോട്ടർമാരെ കൂടെക്കൂടെ ഓർമ്മിപ്പിച്ച് അധികാരം നിലനിർത്തിയിരുന്ന അവരുടെ 34 വർഷക്കാലത്ത് കോൺഗ്രസ്, തൃണമൂൽ രക്തസാക്ഷികളുടെ എണ്ണം പെരുകി. അവരെയിറക്കി തൃണമൂൽ വന്നപ്പോൾ കടിച്ചതിനെക്കാൾ വലുതാണ് അളയിലിരുന്ന പാമ്പെന്ന് ബംഗാൾ ജനതയ്ക്ക് ബോധ്യപ്പെട്ടു. ആദ്യ തൃണമൂൽ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷക്കാരും രണ്ടും മൂന്നും സർക്കാരുകളുടെ കാലത്ത് ഒട്ടേറെ ബി.ജെ.പി.ക്കാരും കൊല്ലപ്പെട്ടു. ചുരുക്കത്തിൽ ഭരണമാറ്റം, അക്രമത്തുടർച്ച എന്നതാണ് ഇതുവരെ കണ്ടിട്ടുള്ള രീതി.

സമിക്കും സുവേന്ദുവും

ബംഗാളിനെ ഭയമുക്തമാക്കുമെന്ന പുതിയ സർക്കാരിന്റെ വാഗ്ദാനം പാലിക്കപ്പെടുമെന്നുതന്നെയാണ് ബി.ജെ.പി.യുടെ സംസ്ഥാന അധ്യക്ഷൻ സമിക് ഭട്ടാചാര്യ ഉറപ്പിച്ചുപറയുന്നത്. പക്ഷേ, സൗമ്യനും മിതവാദിയും വാജ്‌പേയി സ്‌കൂളിൽപ്പെട്ടയാളുമായ സമിക് പറയുന്നതല്ല, കണ്ണിന് കണ്ണ് എന്ന ശൈലിക്കാരനായ മുൻ അധ്യക്ഷൻ ദിലീപ് ഘോഷ് പറയുന്നത്. ''ഞങ്ങൾ തുടങ്ങിവെക്കും, പ്രവർത്തകർ ഏറ്റെടുക്കും, തൃണമൂലുകാർ കൂട്ടത്തല്ലുവാങ്ങും'' എന്നാണ് ഘോഷിന്റെ വായ്ത്താരി.

അക്രമത്തെ സംബന്ധിച്ചു മാത്രമല്ല പുതിയ സർക്കാരിന്റെ സമീപനത്തെ സംബന്ധിച്ചുമുണ്ട് ബി.ജെ.പി.യിൽ ഭിന്നസ്വരങ്ങൾ. നന്ദിഗ്രാമിലും ഭവാനിപ്പുരിലും തനിക്കു കിട്ടാതെ പോയത് മുസ്ലിം വോട്ടുകളാണെന്നും ഇക്കൂട്ടർ തീവ്രവാദികളാണെന്നും താൻ ഹിന്ദുക്കൾക്കുവേണ്ടി മാത്രമാണ് പ്രവർത്തിക്കുകയെന്നും നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരി പരസ്യമായി പറഞ്ഞുകഴിഞ്ഞു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ ശൈലി ഇവിടെയും വരാൻപോകുന്നു എന്നും സുവേന്ദു പറയുന്നു. എന്നാൽ, ഹിന്ദു, മുസ്ലിം വ്യത്യാസമില്ലാതെ എല്ലാ ബംഗാളികൾക്കും വേണ്ടിയുള്ളതാവും ഞങ്ങളുടെ ഭരണം എന്നാണ് സമിക് ഭട്ടാചാര്യ പറയുന്നത്.

തൃണമൂൽ പ്രതിസന്ധിയിൽ

അധികാരത്തിൽ വരുന്നവരെ ഉടനെയെങ്ങും താഴെയിറക്കാത്തതാണ് ബംഗാൾ ശൈലി. അതുകൊണ്ടുതന്നെ ബി.ജെ.പി.ക്ക് ഒരു നീണ്ട ഇന്നിങ്സ് തന്നെ മുന്നിലുണ്ടെന്നു കരുതാം. എന്നാൽ, അപ്രതീക്ഷിതമായി ഭരണം പോയ തൃണമൂലിന്റെ ഭാവി പ്രതിസന്ധിയിലാണ്. വോട്ടെണ്ണലിന്റെ പിറ്റേന്നുതന്നെ മമതയുടെ വീട്ടിലേക്കുള്ള വഴിയിൽ സ്ഥാപിച്ചിരുന്ന സിസർ ബാരിക്കേഡുകൾ നീക്കി, നിരോധിച്ചിരുന്ന വാഹനഗതാഗതം പോലീസ് പുനഃസ്ഥാപിച്ചു. അഭിഷേക് ബാനർജിയുടെ വീടിനും കമാക്‌സ്ട്രീറ്റിലെ ഓഫീസിനും മുന്നിലുണ്ടായിരുന്ന സുരക്ഷാപോസ്റ്റുകൾ എടുത്തുകളഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റായ 'നബന്ന'യുടെ സുരക്ഷ കേന്ദ്രസേന ഏറ്റെടുത്തു. ഇവിടെനിന്ന് ഒരൊറ്റ ഫയൽപോലും കടത്താതെ ജാഗ്രത പാലിക്കണമെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചു. മമതയും അഭിഷേകും ഭാവിയിൽ നേരിടാൻപോകുന്ന ഒതുക്കലിന്റെ ആദ്യ സൂചനകളാണിവയൊക്കെ.

മമതയെ കൂടുതലായി വേട്ടയാടി അവർക്ക് സഹതാപം നേടിക്കൊടുക്കാൻ ബി.ജെ.പി. ശ്രമിക്കുമെന്നു തോന്നുന്നില്ല. എന്നാൽ, അഭിഷേകിനെ അഴിക്കുള്ളിലാക്കുക എന്നത് പുതിയ സർക്കാരിന്റെ ലക്ഷ്യമാണെന്ന് സുവേന്ദു പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, അതിന് അമിത് ഷാ കൂടി തീരുമാനിക്കേണ്ടിവരുമെന്നും പ്രഥമദൃഷ്ട്യാ അകൽച്ചയിലാണെങ്കിലും അമിത് ഷായും അഭിഷേകും തമ്മിൽ ഒരു 'അന്തർധാര' ഉണ്ടെന്നുമാണ് ബംഗാൾ രാഷ്ട്രീയ ഉപശാലകളിലെ ഒരു വർത്തമാനം. അതെന്തായാലും മമതയെക്കാൾ തോൽവി പ്രതിസന്ധിയിലാക്കുക അഭിഷേകിനെയാണ്. മമതയാകട്ടെ ഇനി 'ഇന്ത്യസഖ്യം' ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി ദേശീയരാഷ്ട്രീയത്തിലേക്ക് കൂടുതലായി ഇറങ്ങുമെന്ന സൂചനയാണ് നൽകുന്നത്. 40 ശതമാനം വോട്ട് ഈ തോൽവിയിലും തൃണമൂൽപക്ഷത്തുണ്ട്. ജയിച്ച ബി.ജെ.പി.യെക്കാൾ അഞ്ചുശതമാനം മാത്രം കുറവ്. അതുകൊണ്ടുതന്നെ മമതയെ കരുതലോടെത്തന്നെയാവും ബി.ജെ.പി. നേരിടുക.

തോൽവിപിണഞ്ഞതോടെ തൃണമൂൽ ക്യാമ്പിലും അപസ്വരങ്ങൾ ഉയർന്നുകഴിഞ്ഞു. ഐപാക് എന്ന സംഘടനയ്ക്ക് പ്രചാരണം വിട്ടുകൊടുത്തതും അതിന് അഭിഷേക് തീരുമാനിച്ചതുമാണ് തോൽവിക്ക് കാരണമെന്ന വിമർശനം പഴയ തലമുറയിലെ തൃണമൂൽ നേതാക്കൾ ഉയർത്തിക്കഴിഞ്ഞു. ഭരണത്തിന്റെ സുഖംപിടിച്ചുശീലിച്ച നേതാക്കൾ പലരും എത്രനാൾ അതില്ലാതെ പിടിച്ചുനിൽക്കും എന്നു സംശയമാണ്. തൃണമൂലിൽനിന്ന് ചാടുന്നവരെ ഇനി വേണ്ടെന്നാണ് ബി.ജെ.പി. നേതൃത്വം ഇപ്പോൾ പറയുന്നത്.

കഴിഞ്ഞ നിയമസഭയിൽനിന്ന് വ്യത്യസ്തമായി സി.പി.എമ്മിനും കോൺഗ്രസിനും പ്രതിനിധികളുണ്ട് എന്നതാണ് ഇരുകക്ഷികളുടെയും ഏക ആശ്വാസം. ഒരു എം.എൽ.എ. എന്നത് ഒരുനൂറാകുന്ന കാലം വരുമെന്നാണ് സി.പി.എമ്മിന്റെ ഏക പ്രതിനിധി മുസ്തഫിസുർ റഹ്‌മാൻ പറയുന്നത്. ഇന്ത്യസഖ്യം ശക്തിപ്പെടുത്താൻ പോകുന്ന മമതയ്‌ക്കൊപ്പം ഇടതുപക്ഷം നിൽക്കുമോ എന്നറിയില്ല. പക്ഷേ, കോൺഗ്രസ് അവർക്കൊപ്പം കൂടിയാൽ അദ്ഭുതപ്പെടാനുമില്ല.