ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ജാതീയമായി അധിക്ഷേപിച്ച സംഭവത്തിൽ പരാതി നൽകാൻ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലെത്തിയ എംപിമാരെ തടഞ്ഞ് പോലീസ്. എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെട്ട 15ഓളം കോൺഗ്രസ് എംപിമാരാണ് പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്. ഇവരെ ഏറെ സമയം പോലീസ് സ്റ്റേഷനുമുന്നിൽ തടഞ്ഞതിന് ശേഷമാണ് സ്റ്റേഷനുള്ളിലേക്ക് കടത്തിവിട്ടത്.
ലോക്സഭയിലെ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷിന്റെ നേതൃത്വത്തിലുള്ള പതിനഞ്ചോളം എംപിമാരാണ് ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. പോലീസ് സ്റ്റേഷന് മുന്നിലെത്തിയ എംപിമാരെ അകത്തേക്ക് കടത്തിവിടാതെ ആദ്യ ഘട്ടത്തിൽ ഡൽഹി പോലീസ് തടഞ്ഞുനിർത്തി. എന്നാൽ എംപിമാർ ഗേറ്റിന് പുറത്ത് ശക്തമായി ബഹളം വെക്കുകയും പ്രതിഷേധിക്കുകയും ചെയ്തതിനെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്കൊടുവിൽ ഇവരെ സ്റ്റേഷനകത്തേക്ക് കടത്തിവിടാൻ പോലീസ് തയ്യാറായി.
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത ഒരു ചടങ്ങ് നടന്ന വേദി പിന്നീട് ചിലർ ചേർന്ന് ജാതീയമായി അധിക്ഷേപിക്കുന്ന രീതിയിൽ ശുദ്ധീകരിക്കാൻ ശ്രമിച്ചതാണ് വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും കാരണമായത്. ഈ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജാതി അധിക്ഷേപം നടത്തിയവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് എംപിമാർ പോലീസിനെ സമീപിച്ചിരിക്കുന്നത്. ഹൽദ്വാനിയിൽ നടന്ന ഈ അധിക്ഷേപ സംഭവത്തെ തുടർന്ന് ഉത്തരാഖണ്ഡിൽ കോൺഗ്രസ് പരാതികൾ നൽകിയിരുന്നു. എന്നാൽ ഈ വിഷയത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനോ കേസെടുത്ത് അന്വേഷിക്കാനോ ഹൽദ്വാനി പോലീസോ ഉത്തരാഖണ്ഡ് പോലീസോ ഇതുവരെ തയ്യാറായിട്ടില്ല.
അധിക്ഷേപം നടത്തിയവർക്കെതിരെ ഉത്തരാഖണ്ഡ് പോലീസ് കേസെടുക്കാതിരുന്ന സാഹചര്യത്തിൽ, ഈ വിഷയം പരസ്യമായി ഉന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ അവർ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയാണ് ചെയ്തത്. ഇത് കോൺഗ്രസ് നേതൃത്വത്തിലും ദളിത് എംപിമാരിലും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപവുമായി ബന്ധപ്പെട്ട് നേരത്തെ കർണാടകയിൽ ഒരു എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡൽഹിയിലെ ഇന്ദിരാഭവനിൽ കോൺഗ്രസിലെ എസ്‌സി, എസ്‌ടി വിഭാഗങ്ങളിൽ പെട്ട പതിനഞ്ചോളം എംപിമാർ പങ്കെടുത്ത് പ്രത്യേക യോഗം ചേർന്നിരുന്നു. ഖാർഗെയ്ക്കെതിരായ ജാതി അധിക്ഷേപത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് ഇന്ത്യയുടെ രാഷ്ട്രപതിയെ നേരിട്ട് കണ്ട് നിവേദനം നൽകാനും ഈ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ ഈ അടിയന്തര വിഷയത്തിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തുന്നതിനുള്ള അനുമതി കോൺഗ്രസ് എംപിമാർക്ക് ഇതുവരെ ലഭ്യമായിട്ടില്ല.
Published: 08 Sept 2026, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented