
ന്യൂഡൽഹി: അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂർ സർവകലാശാലയ്ക്കുവേണ്ടി ഇന്ന് സുപ്രീംകോടതിയിൽ ഹാജരായത് രണ്ട് അഭിഭാഷകർ. സർവകലാശാലയുടെ പുതിയ അഭിഭാഷകൻ സുൽഫിക്കർ അലിയും, മുൻ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ. ആറുമാണ് കോടതിയിൽ ഹാജരായത്. സുൽഫിക്കർ കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടപ്പോൾ, കേസിൽ വാദത്തിന് തയ്യാറാണെന്ന് സുഭാഷ് ചന്ദ്രൻ കോടതിയെ അറിയിച്ചു. എന്നാൽ പ്രിയ വർഗീസിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ. പരമേശ്വർ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഹർജി പരിഗണിക്കുന്നത് സെപ്റ്റംബർ 23-ലേക്ക് മാറ്റി.
ജസ്റ്റിസ്മാരായ മനോജ് മിശ്ര, വിജയ് ബിഷ്ണോയി എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഇന്ന് പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ് പരിഗണിച്ചത്. ബെഞ്ച് കേസെടുത്തപ്പോൾതന്നെ സർവകലാശാല അഭിഭാഷകൻ താനാണെന്നും, വക്കാലത്തിടാൻ സമയമനുവദിക്കണമെന്നും സുൽഫിക്കർ അലി കോടതിയെ അറിയിച്ചു. ഇതിന് സമയം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടയിൽ കേസുമായി ബന്ധപ്പെട്ട മറ്റു നടപടികൾ പൂർത്തിയായെന്നും, അതിനാൽ വാദം ആരംഭിക്കാൻ തയ്യാറാണെന്നും സുഭാഷ്ചന്ദ്രൻ കോടതിയെ അറിയിച്ചു.
ഇതിനിടെ പ്രിയ വർഗീസിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ. പരമേശ്വരൻ മറ്റൊരു കോടതിയിൽ താനൊരു കേസ് വാദം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അതിനാൽ ഈ ഹർജി പരിഗണിക്കുന്നത് ഒരാഴ്ചത്തേക്ക് മാറ്റണമെന്നും കോടതിയോട് അഭ്യർഥിച്ചു. ഈ ആവശ്യത്തെ യു.ജി.സി.ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജ് ഉൾപ്പെടെ ആരും എതിർത്തില്ല. തുടർന്നാണ് കോടതി കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 23-ലേക്ക് മാറ്റിയത്.
സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ വിശ്വസ്തനായ കെ.ആർ. സുഭാഷ്ചന്ദ്രനെ സർവകലാശാല അഭിഭാഷക സ്ഥാനത്തുനിന്ന് മാറ്റിയ വാർത്ത കഴിഞ്ഞദിവസം മാതൃഭൂമി ന്യൂസാണ് പുറത്തുവിട്ടത്. ഇതിനുപിന്നാലെയാണ് പ്രിയ വർഗീസ് കേസിൽ കോടതിയിൽ സർവകലാശാലയുടെ വക്കാലത്തിടാൻ പുതുതായി നിയമിതനായ അഭിഭാഷകൻ സുൽഫിക്കർ അലി നടപടിയാരംഭിച്ചത്. സർവകലാശാല വക്കാലത്തിൽ മുൻ അഭിഭാഷകൻ നോ ഒബ്ജക്ഷൻ നൽകിയാൽ മാത്രമേ വക്കാലത്ത് മാറ്റാൻ കഴിയൂ.
ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ സർവകലാശാലയിൽനിന്നയച്ചുനൽകിയ വക്കാലത്തിന്റെ സ്‌കാൻചെയ്ത കോപ്പി സുൽഫിക്കർ അലി മുൻ അഭിഭാഷകന് കൈമാറാൻ ശ്രമിച്ചത്. എന്നാൽ സുപ്രീംകോടതിയിലെ കീഴ്‌വഴക്കപ്രകാരം വക്കാലത്തിന്റെ ഒറിജിനലിൽ മാത്രമേ നോ ഒബ്ജക്ഷൻ നൽകൂവെന്ന് സുഭാഷ് ചന്ദ്രൻ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷക മാറ്റം പ്രതിസന്ധിയിലായത്.
Published: 08 Sept 2026, 12:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented