
കൊൽക്കത്ത: പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ച സംഭവത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ജഹാംഗീർ ഖാന്റെ ഭാര്യ സരിന ബിബി അറസ്റ്റിൽ. സരിന ബിബിയെ ശനിയാഴ്ച രാവിലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഫാൽത്ത പോലീസ് സ്‌റ്റേഷന് മുന്നിൽ ആക്രമണകരമായ പ്രതിഷേധം നടത്തി രണ്ട് ദിവസം പിന്നിടുമ്പോഴാണ് അറസ്റ്റ്. പോലീസ് അറസ്റ്റ് ചെയ്ത ജഹാംഗീർ ഖാനെ അടിവസ്ത്രത്തിൽ തെരുവിലൂടെ നടത്തിച്ചതിന് പിന്നാലെയായിരുന്നു ഭാര്യ സരിന ബിബിയും അനുയായികളും പോലീസ് സ്‌റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. ജഹാംഗീർഖാനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സംഭവുമായി ബന്ധപ്പെട്ട് 27 പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധക്കാരെ നയിച്ചത് സരിനയാണെന്നാണ് പോലീസ് പറയുന്നത്. സരിനയ്‌ക്കെതിരേ പൊതുമുതൽ നശിപ്പിച്ചതിനും ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിനും കേസ് രജിസറ്റർ ചെയ്യാൻ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉത്തരവിട്ടിട്ടുണ്ട്. സരിനയാണ് പോലീസ് സ്‌റ്റേഷൻ ആക്രമിച്ചതിന് പിന്നിലെ ആസൂത്രകയെന്ന് പോലീസ് പറയുന്നു.
തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ചതടക്കമുള്ള നിരവധി കേസുകളിൽ പ്രതിയായ ജഹാംഗീർ ഖാനെ ഒളിവിൽ കഴിയുന്നതിനിടെ ജൂൺ എട്ടിനാണ് പോലീസ് പിടികൂടിയത്. രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ നേപ്പാൾ അതിർത്തിക്ക് സമീപത്തുനിന്നായിരുന്നു അറസ്റ്റ്. അന്നുമുതൽ പോലീസ് കസ്റ്റഡിയിലാണ് ജഹാംഗീർ ഖാൻ. ഇയാൾക്കെതിരേ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതേസമയം കസ്റ്റഡിയിലെടുത്ത ജഹാംഗീർ ഖാനെ നിയമവിരുദ്ധമായി അടിവസ്ത്രം മാത്രം ധരിപ്പിച്ച് തെരുവിലൂടെ നടത്തിയതിനാണ് തങ്ങൾ പ്രതിഷേധിച്ചത് എന്നാണ് സരിന ബിബിയും സംഘവും പറയുന്നത്. സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതിയും ഇടപെട്ടിരുന്നു. തെരുവിലൂടെ നടത്തിച്ചതിന്റെ നിയമവശം വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു പോലീസിന് നിർദേശം. അന്വേഷണത്തിന്റെ ഭാഗമാണെന്നായിരുന്നു പോലീസ് വിശദീകരണം.
Content Highlights: Sarina Bibi arrested for leading violent protests at Falta police station, Jahangir Khan was previously arrested near the Nepal border, Police face scrutiny for parading the suspect in undergarments, Calcutta High Court has sought a report on the police action, 27 others arrested in connection with the police station attack
Published: 20 Jun 2026, 10:25 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented