ന്യൂഡൽഹി: രാഷ്ട്രീയം പ്രവചനാതീതമാണ്. രാഷ്ട്രീയഭാവി സുഖകരമല്ലെന്ന സൂചനകൾ ലഭിച്ചാൽ മറുകണ്ടം ചാടുന്നത് പതിവുമാണ്. തൃണമൂൽ കോൺഗ്രസിൽ സംഭവിക്കുന്നതും അതുതന്നെ. മമതയേയും പാർട്ടിയേയും പുകഴ്ത്തി, തീപ്പൊരി പ്രസംഗങ്ങളിലൂടെ ദേശീയശ്രദ്ധ നേടിയ സയോണി ഘോഷും തൃണമൂലിലെ വിമതപക്ഷത്തിനൊപ്പമുണ്ട്. പ്രധാനമന്ത്രിയാവാൻ മമത ബാനർജിയേപ്പോലെ യോഗ്യതയുള്ള മറ്റൊരാളില്ലെന്ന് പ്രസംഗിച്ച് മാസങ്ങൾ കഴിയുന്നേയുള്ളൂ, അതിന് മുൻപേ ജാദവ്പുരിൽനിന്നുള്ള എംപിയായ സയോണി അതൃപ്തി പ്രകടമാക്കി വിമതർക്കൊപ്പം ചേർന്നിരിക്കുകയാണ്.
വിമതപക്ഷത്തുചേർന്നതിൽ സയോണി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. എന്നാൽ, പാർട്ടി ചരിത്രത്തിലെ ഏറ്റവുംവലിയ പ്രതിസന്ധി നേരിടുമ്പോൾ എതിർപക്ഷത്ത് സയോണിയുമുണ്ടെന്ന റിപ്പോർട്ടുകളുണ്ട്. സയോണി ഘോഷ് വിമതനീക്കത്തെ നയിച്ച ദസ്തിദാറിനെ ബന്ധപ്പെട്ടെന്നും വിമതരെ പിന്തുണയ്ക്കുന്ന രേഖകളിൽ ഒപ്പുവെച്ചെന്നുമാണ് റിപ്പോർട്ടുകൾ. കാക്കോളി ഘോഷ് ദസ്തിദാറിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ പ്രത്യേക ബ്ലോക്ക് രൂപീകരിക്കാനും എൻ.ഡി.എ മുന്നണിയെ പിന്തുണയ്ക്കാനുമുള്ള 20 എം.പിമാരുടെ തീരുമാനത്തിന്റെ ഭാഗമായാണ് സയോണിയും വിമത പക്ഷത്തോടൊപ്പം ചേർന്നത്. ഇതൊരു വലിയ രാഷ്ട്രീയ പുനർക്രമീകരണത്തിന്റെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്.
പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെത്തുടർന്ന് പാർട്ടിക്കുള്ളിലുണ്ടായ കടുത്ത അതൃപ്തിയാണ് വിമത നീക്കത്തിന് ആക്കംകൂട്ടിയത്. ഡൽഹിയിലാണ് ഇപ്പോൾ വിമത എംപിമാർ തമ്പടിച്ചിരിക്കുന്നത്.
സയോണി ഘോഷിന്റെ നീക്കം തൃണമൂൽ ക്യാമ്പിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. മമത ബാനർജിയുടെ ഏറ്റവും വേണ്ടപ്പെട്ടവരിൽ ഒരാളായിരുന്നു സയോണി. അടുത്തിടെ പാർട്ടിയുടെ യുവജന വിഭാഗത്തിന്റെ ചുമതല സയോണിക്ക് നൽകിയിരുന്നു. മമത ബാനർജിയെ ഭാവി പ്രധാനമന്ത്രിയായി ഉയർത്തിക്കാണിച്ചുകൊണ്ടുള്ള നിരവധി പ്രസംഗങ്ങൾ സയോണി നടത്തിയിട്ടുണ്ട്. 'ദീദി വിജയിച്ചാൽ ബംഗാൾ വിജയിക്കു'മെന്നും ‘മമത ബാനർജിയെ ഒരിക്കലും ഉപേക്ഷിക്കില്ലെ’ന്നും ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ അവർ ആവർത്തിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ വിമതർക്കൊപ്പം ഡൽഹിയിലാണ് സയോണിയുള്ളത് എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ.
ബിജെപിക്കും എൻഡിഎയ്ക്കും എതിരെ നടത്തിയിട്ടുള്ള നിരന്തരമായ ആക്രമണങ്ങളാണ് സയോണിയുടെ നീക്കത്തെ അപ്രതീക്ഷിതമാക്കുന്നത്. വർഷങ്ങളായി വനിതാസംവരണ ബിൽ ഉൾപ്പെടെയുള്ള ബിജെപിയുടെ നയങ്ങളെ അവർ എതിർത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും വിമർശകയായിരുന്നു സയോണി. ബിജെപിക്കെതിരെ വോട്ട് മോഷണ ആരോപണങ്ങളുൾപ്പെടെ ഉന്നയിച്ചിട്ടുണ്ട്. മമത ബാനർജിയുടെ കടുത്ത അനുയായിയായിരുന്ന സയോണിയുടെ ഈ മാറ്റം പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയൊരു ആഘാതമായാണ് കണക്കാക്കപ്പെടുന്നത്.
വിമത പക്ഷത്തെ ചില നേതാക്കൾ ബി.ജെ.പി നേതാക്കളുമായും ചർച്ചകൾ നടത്തുന്നുണ്ട്. തൃണമൂലിൽനിന്ന് രാജിവെച്ച സുഷ്മിത ദേവ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയത് ഈ നീക്കത്തിന്റെ ഭാഗമായിട്ടാണെന്ന് കരുതപ്പെടുന്നു.
Content Highlights: Jadavpur MP Saayoni Ghosh reportedly joins the rebel faction within the Trinamool Congress., Rebel MPs led by Kakoli Ghosh Dastidar are planning to form a separate block in Parliament., Potential shift towards supporting the NDA alliance amid internal dissatisfaction following assembly election losses., The move marks a significant political realignment ahead of 2026.
Published: 10 Jun 2026, 03:51 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented