വഡോദര: പ്രതിപക്ഷത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണകളുടെ മുഴക്കത്തെ സത്യം പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി നടത്തുന്ന 'ഛാത്രോം കീ ഗൂഞ്ച്' പരിപാടിയെ പരിഹസിച്ചാണ് മോദി 'ജൂട്ട് കീ ഗൂഞ്ച്' (നുണകളുടെ മുഴക്കം) എന്ന പ്രയോഗം ആവർത്തിച്ചത്. ഗുജറാത്തിലെ വഡോദരയിൽ 20,000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'നുണകളുടെ മുഴക്കം എന്ന് പറഞ്ഞ് യുവാക്കളെ തെറ്റിദ്ധരിപ്പിക്കുന്നവരെ എല്ലാ കവലകളിലും കാണാം. എന്നാൽ ഇന്ത്യയിലെ യുവാക്കൾ സത്യത്തിന്റെ ഗർജനത്തിനൊപ്പമാണ് നടക്കുന്നത്. അവർ സത്യത്തിന്റെ ഗർജനത്തിനായാണ് മുന്നോട്ടുപോകുന്നത്.' -നരേന്ദ്ര മോദി പറഞ്ഞു. നമോ ഫോർ വികസിത് ഭാരത് എന്ന് പേരിട്ട പരിപാടിയിൽ യുവാക്കളെയാണ് മോദി അഭിസംബോധന ചെയ്തത്.

'അടുത്തിടെ മുംബൈയിൽ നിന്ന് വഡോദരയിലേക്ക് രണ്ടുനില കണ്ടെയിനർ ട്രെയിൻ ഓടി. അതായത് ഒരു കണ്ടെയിനറിന് മേലെ മറ്റൊന്ന് വെച്ചുകൊണ്ട്. ഈ ഒരൊറ്റ യാത്രയിലൂടെ മുംബൈയിൽ നിന്ന് വഡോദരയിലേക്ക് കൊണ്ടുപോയ ചരക്കിന്റെ അളവ് 250-ലേറെ ട്രക്കുകളിലേതിന് സമാനമായിരുന്നു.' -മോദി തുടർന്നു.

'ഇനി 'ദേഷ്യക്കാരനായ അമ്മാവ'ന്റെ വരവാണ്. എന്തിനുമേതിനും പരാതി പറയുന്ന ആ അമ്മാവൻ. ട്രക്ക് ഡ്രൈവർമാർ ഇനി എന്ത് ചെയ്യും, ട്രക്കുകൾ ഇനി എന്ത് ചെയ്യും, ട്രക്ക് ഉടമകൾ ഇനി എന്ത് ചെയ്യും എന്നെല്ലാം അദ്ദേഹം ചോദിക്കും. എന്തായാലും അമ്മാവന് പരാതി പറയാനുള്ള ഒരു കാര്യം ഇപ്പോൾ കിട്ടി.' -മോദി പറഞ്ഞു.

ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് മികച്ച അധ്യാപകരെ ഉൾപ്പെടുത്തി സൗജന്യ ഓൺലൈൻ പരിശീലനം നൽകുന്ന പരിപാടിയിലേക്ക് സർക്കാർ ചുവടുവെക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.