അഹമ്മദാബാദ്: അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ കോ പൈലറ്റ് തന്റെ ബന്ധുവാണെന്ന് ബോളിവുഡ് നടന്‍ വിക്രാന്ത് മാസി. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന എയര്‍ ഇന്ത്യ എഐ 171 വിമാനം നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണത്. വ്യാഴാഴ്ച വൈകീട്ടാണ് അപകടത്തില്‍ മരണപ്പെട്ടവരില്‍ തന്റെ കസിന്‍ ഫസ്റ്റ് ഓഫീസറായ ക്ലൈവ് കുന്ദറും ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം വിമാനത്തിലെ ഫസ്റ്റ് ഓഫീസര്‍ ആയിരുന്നുവെന്നും വിക്രാന്ത് മാസി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. 

To advertise here,

ഇന്ന് അഹമ്മദാബാദില്‍ ഉണ്ടായ ദാരുണമായ വിമാനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് എന്റെ ഹൃദയം തകരുന്നുവെന്ന് മാസി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ ദുഃഖം പങ്കുവെച്ചു. 'എന്റെ അമ്മാവന്‍ ക്ലിഫോര്‍ഡ് കുന്ദറിന് ആ  വിമാനത്തിലെ ഫസ്റ്റ് ഓഫീസറായ മകന്‍ ക്ലൈവ് കുന്ദറിനെ നഷ്ടപ്പെട്ടു എന്നറിഞ്ഞത് കൂടുതല്‍ വേദനാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

തന്റെ അമ്മാവന്റെ കുടുംബത്തിനും അമ്മാവനും ദുരന്തം ആഴത്തില്‍ ബാധിച്ച എല്ലാവര്‍ക്കും ദൈവം ശക്തി നല്‍കട്ടെയെന്നും മാസി കൂട്ടിച്ചേര്‍ത്തു. 

ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ഇന്ത്യ ബോയിങ് 787 ഡ്രീംലൈനര്‍ വിമാനമാണ് ജൂണ്‍ 12 വ്യാഴാഴ്ച ഉച്ചയ്ക്ക് 1.38 ന് പറന്നുയര്‍ന്ന ഉടനെ നിലംപതിച്ച് അഗ്നിഗോളമായി മാറിയത്. ഒരു കെട്ടിടത്തിലേക്കാണ് വിമാനം വീണത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ഒരാള്‍ രക്ഷപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അത് എങ്ങനെയെന്നതില്‍ വ്യക്തത വന്നിട്ടില്ല. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.