അഹമ്മദാബാദ്: പതിനൊന്ന് ദിവസത്തെ തീർത്ഥാടനം വാഗ്ദാനംചെയ്ത് ഗുജറാത്തിൽ തട്ടിപ്പ്. സംഭവത്തിൽ അഞ്ഞൂറോളം വയോധികരുടെ പണം നഷ്ടമായി. ഹരിദ്വാറിലേക്കുള്ള തീർത്ഥയാത്രയ്ക്കെന്ന് പറഞ്ഞ് 4200 രൂപ വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

To advertise here,

നവംബർ 11-ന് യാത്ര ആരംഭിക്കുമെന്നായിരുന്നു സംഘാടകർ പറഞ്ഞിരുന്നത്. എന്നാൽ, മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാക്കി ഇവർ മുങ്ങുകയായിരുന്നു. ഇവരുടെ ഓഫീസ് പൂട്ടിയ നിലയിലായിരുന്നു. ലുനവാഡയിലെ വർധാരി റോഡിലും ഓഫീസ് പ്രവർത്തിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്.

മതപ്രഭാഷണത്തിൽ പങ്കെടുക്കുന്നവർക്ക് ദിവസേന 600 രൂപ വീതം നൽകുമെന്നും പറഞ്ഞിരുന്നു. ഇതിലൂടെ യാത്ര പൂർണമായും സൗജന്യമാകുമെന്നും ഇവർ ഉറപ്പ് നൽകി. യാത്രയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വ്യാപകമായി നോട്ടീസുകൾ വിതരണം ചെയ്തിരുന്നു.

യാത്രയ്ക്കായി രജിസ്റ്റർ ചെയ്ത വയോധികരും വനിതാ സംഘടനകളും പണത്തോടൊപ്പം ഫോട്ടോ, ആധാർ കാർഡ് ഉൾപ്പെടെയുള്ള വിവരങ്ങളും തട്ടിപ്പുകാർക്ക് നൽകിയിട്ടുണ്ട്. ഇത് ദുരുപയോഗ ചെയ്യപ്പെടുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

വനിതാ സംഘടനാംഗങ്ങൾക്കായി മാത്രമായി ഹരിദ്വാർ തീർഥാടനം സംഘടിപ്പിക്കുമെന്ന് പറഞ്ഞതായി തട്ടിപ്പിനിരയായ ഒരു സ്ത്രീ പറ‍ഞ്ഞു. വിശ്വാസ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ തട്ടിപ്പുകാരല്ലെന്നായിരുന്നു അവരുടെ മറുപടി. വിവിധ സ്ഥലങ്ങളിലായി സമാനമായ രീതിയിൽ തട്ടിപ്പ് നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഗോത്ര റോഡിൽ ഓഫീസ് വാടകയ്ക്കെടുത്താണ് യാത്രയുടെ പരസ്യം നൽകിയത്.