ന്യൂഡൽഹി : പ്രമുഖ ഐടി വ്യവസായി വേണു ഗോപാലകൃഷ്ണന് ലൈംഗികപീഡന കേസിൽ മുൻ‌കൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ജസ്റ്റിസ് ബി.വി. നാഗരത്നയുടെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചാണ് കേസിൽ മുൻ‌കൂർ ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണവുമായി വേണു ഗോപാലകൃഷ്ണൻ സഹകരിക്കണമെന്ന് കോടതി നിർദേശിച്ചു.

To advertise here,

വേണു ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. സാക്ഷികളെ സ്വാധീനിക്കൽ ഉൾപ്പടെയുള്ള നടപടികളിൽ ഏർപ്പെട്ടാൽ മുൻ‌കൂർ ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകി.

വേണു ഗോപാലകൃഷ്ണനെതിരേ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് ലൈംഗിക പീഡന പരാതി നൽകിയിരുന്നത്. എന്നാൽ വേണു ഗോപാലകൃഷ്ണൻ നൽകിയ ഹണി ട്രാപ്പ് പരാതിയിൽ അറസ്റ്റിലായ യുവതിയാണ് പിന്നീട് ലൈംഗിക പീഡന പരാതി നൽകിയതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്. കേസിൽ മധ്യസ്ഥ ചർച്ചകൾക്ക് സുപ്രീം കോടതി നിർദേശിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

വേണു ഗോപാലകൃഷ്ണന് വേണ്ടി സീനിയർ അഭിഭാഷകരായ മുകുൾ റോത്തഗി, രാകേന്ദ് ബസന്ത്, അഭിഭാഷകനായ തോമസ് ജെ ആനക്കല്ലുങ്കൽ എന്നിവരാണ് ഹാജരായത്. സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. ദിനേശും, നിഷേ രാജൻ ഷൊങ്കറും ഹാജരായപ്പോൾ പരാതിക്കാർക്ക് വേണ്ടി അഭിഭാഷക കരുണ നന്ദി ഹാജർ ആയി.