ഭുവനേശ്വർ: ഒഡിഷ തീരത്തിന് സമീപം പുതിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎൻജിസി. കോണാർക്ക് തീരത്തുനിന്ന് ഏകദേശം 43 കി.മീ അകലെ മഹാനദി ആഴക്കടൽ ബേസിനിലാണ് പുതിയ ശേഖരം തിരിച്ചറിഞ്ഞിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ 'സമുദ്ര മന്ഥൻ' എന്ന പര്യവേക്ഷണ പദ്ധതിയുടെ ഭാഗമായി ആഴക്കടലിൽ നടത്തിയ ആദ്യത്തെ ഖനനത്തിലാണ് നിർണായകമായ ഈ കണ്ടെത്തൽ.

To advertise here,

സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1.4 കിലോമീറ്ററിലധികം താഴ്ചയിലാണ് ഈ ശേഖരമുള്ളത്. ഈ കണ്ടെത്തൽ മേഖലയിലെ കൂടുതൽ വാതക നിക്ഷേപങ്ങളെക്കുറിച്ചുള്ള സൂചനകൾ നൽകുന്നുണ്ടെങ്കിലു, ഇതിന്റെ വാണിജ്യപരമായ ലാഭക്ഷമതയും അളവും വരുംദിവസങ്ങളിൽ മാത്രമേ കൃത്യമായി വിലയിരുത്തുകയുള്ളൂ.

2026 ജൂലൈ 25-ന് ആരംഭിച്ച ദൗത്യമാണ് 'സമുദ്ര മന്ഥൻ'. പ്രകൃതവാതക സാന്നിധ്യം തിരിച്ചറിഞ്ഞ കിണറ്റിൽ അനുകൂലമായ ഒഴുക്കോടെയുള്ള വാതക പ്രവാഹവും മികച്ച റിസർവോയർ സമ്മർദ്ദവുമുണ്ടെന്ന് ഓഎൻജിസി അറിയിച്ചു. കണ്ടെത്തിയ വാതക ശേഖരത്തിന്റെ കൃത്യമായ അളവും ഇത് ഖനനം ചെയ്യുന്നത് സാമ്പത്തികമായി ലാഭകരമാണോ എന്നും തിട്ടപ്പെടുത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.

43 കി.മീ മാത്രം അകലെയായതിനാൽ ഭാവിയിൽ ഇത് കരയിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും പൈപ്പ് ലൈൻ വഴി ബന്ധിപ്പിക്കുന്നത് എളുപ്പമായിരിക്കുമെന്നാണ് ഒ.എൻ.ജി.സി അറിയിക്കുന്നത്.

2024-ൽ ഈ മേഖലയിൽ ഒഎൻജിസി 'ഉത്കൽ', 'കോണാർക്ക്' വാതക ശേഖരങ്ങൾ കണ്ടെത്തിയിരുന്നു. മഹാനദി മേഖലയിലെ മൊത്തത്തിലുള്ള ഇന്ധന നിക്ഷേപ സാധ്യതകൾ മനസ്സിലാക്കാൻ പുതിയ കണ്ടെത്തലിലൂടെ സാധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര ഊർജോത്പാദനം വർധിപ്പിക്കുന്നതിൽ നിർണായകമായ ചുവടുവെപ്പാണ് 'സമുദ്ര മന്ഥൻ'.