
വാഷിങ്ടൺ: ഇന്ത്യയിൽനിന്നുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം അധികതീരുവ ചുമത്താൻ നിർദേശിച്ചിരിക്കുകയാണ് അമേരിക്ക. വ്യാപാരക്കരാർ ഉണ്ടായാൽ അത് 17 ശതമാനമായി മാറുകയും ചെയ്യും. ഇന്ത്യയിൽ വ്യാവസായികോത്പാദനശേഷി ആവശ്യത്തിലധികമാണെന്നും ഇത് അമേരിക്കൻ കമ്പനികൾക്ക് ദോഷം ചെയ്യുമെന്നും ചൂണ്ടിക്കാട്ടി യു.എസ്. വ്യാപാരപ്രതിനിധിയാണ് നിർദേശം മുന്നോട്ടുവെച്ചത്.
ഉത്പാദന മേഖലയിൽ 'ഘടനാപരമായ അധിക ശേഷി' വളർത്തിയെടുത്തതായി യുഎസ് വ്യാപാരപ്രതിനിധിയുടെ ഓഫീസ് കണ്ടെത്തിയ 14 സമ്പദ്‌വ്യവസ്ഥകളിൽ ഒന്നാണ് ഇന്ത്യ. ഏതൊക്കെ ഉൽപന്നങ്ങളെ ബാധിക്കും എന്നതിനെയും, ഇന്ത്യ ഒരു കരാറിൽ ഒപ്പുവെക്കുമോ എന്നതിനെയും ആശ്രയിച്ചിരിക്കും ഇതിന്റെ പ്രത്യാഘാതങ്ങൾ.
വ്യാപാര കരാറില്ലെങ്കിൽ ഇന്ത്യയിൽ നിന്നുള്ള എല്ലാ ഉൽപന്നങ്ങൾക്കും 25 ശതമാനംവരെ തീരുവ ചുമത്താനാണ് യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് നിർദേശിച്ചിട്ടുള്ളത് എങ്കിലും സെക്ഷൻ 301 പ്രകാരമുള്ള തീരുവ ഇതിലുൾപ്പെടുമെന്നത് ഇന്ത്യൻ കയറ്റുമതിക്കാർക്ക് ആശ്വാസം നൽകും. ചില പ്രത്യേക ഉൽപന്നങ്ങൾക്ക് അധിക തീരുവയിൽനിന്ന് ഇളവും നൽകിയിട്ടുണ്ട്.
നിർബന്ധിത തൊഴിൽ സംബന്ധിച്ച് യു.എസ്. ട്രേഡ് റെപ്രസന്റേറ്റീവ് നടത്തിയ അന്വേഷണത്തെത്തുടർന്ന്, ജൂലൈ 24 മുതൽ മിക്ക ഇന്ത്യൻ ഉൽപന്നങ്ങൾക്കുംമേൽ 10% അധിക തീരുവ നിലവിലുണ്ട്. ഇത് സെക്ഷൻ 301 ന്റെ ഭാഗമാണ്. പുതിയ തീരുവ ഇതിനു പുറമേയുള്ള ഒന്നല്ല. ഏത് നിരക്കാണോ കൂടുതൽ അത് ഇറക്കുമതിക്കാർ നൽകിയാൽ മതിയാകും. വ്യാപാര കരാറിനുശേഷം 17% നിരക്ക് വരികയാണെങ്കിൽ നിലവിലെ 10 ശതമാനത്തേക്കാൾ 7 ശതമാനം വർദ്ധനവാണ് ഉണ്ടാകുക. 25 ശതമാനം ആണെങ്കിൽ 15 ശതമാനം നൽകേണ്ടി വരും.
ഉരുക്ക്, അലുമിനിയം, ചെമ്പ്, കാറുകൾ, വാഹന ഘടകങ്ങൾ, ഭാരവാഹനങ്ങൾ എന്നിവയുൾപ്പെടെ, 'സെക്ഷൻ 232' പ്രകാരം യുഎസിന്റെ ദേശീയ സുരക്ഷാ തീരുവകൾക്ക് ഇതിനകം വിധേയമായ ഉൽപന്നങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്; അതിനാൽ അവയുടെ നിലവിലുള്ള തീരുവ നിരക്കുകൾ തന്നെ തുടരും.
പുതിയ തീരുവ ജനുവരി മുതൽ നിലവിൽ വരുമെന്നാണ് സൂചന. ഇന്ത്യയെക്കൂടാതെ ചൈന, ജപ്പാൻ, ദക്ഷിണകൊറിയ, യൂറോപ്യൻ യൂണിയൻ തുടങ്ങി 14 രാജ്യങ്ങൾ/ സാമ്പത്തികമേഖലയ്ക്കും യു.എസ്. തീരുവ നിർദേശിച്ചു.
വിദേശരാജ്യങ്ങളിലെ വ്യാവസായികോത്പാദനത്തിന് സർക്കാരുകൾ നൽകുന്ന സബ്സിഡികൾ അമേരിക്കൻ കമ്പനികൾക്ക് അന്യായമായ മത്സരസാഹചര്യം സൃഷ്ടിക്കുന്നുവെന്ന ആരോപണത്തിൽ യു.എസ്. വ്യാപാര പ്രതിനിധി നടത്തിയ അന്വേഷണത്തെത്തുടർന്നാണ് നടപടി.
16 സമ്പദ്‌വ്യവസ്ഥകൾ അന്വേഷണപരിധിയിൽ ഉണ്ടായിരുന്നെങ്കിലും മെക്സിക്കോയെയും നോർവെയെയും ഒഴിവാക്കി. ഇന്ത്യ-യു.എസ്. ഉഭയകക്ഷിവ്യാപാരക്കരാർ അന്തിമമാക്കാനുള്ള ചർച്ചകൾ നടക്കവേയാണ് നീക്കം.
Content Highlights: US proposes 25% tariff on Indian products due to structural overcapacity., Tariffs may reduce to 17% if a bilateral trade agreement is finalized., Existing Section 301 tariffs of 10% overlap with the new proposed rates., Steel, aluminum, and autos are exempted from these specific new duties., New tariffs are anticipated to come into effect starting January.
Published: 26 Nov 2026, 10:54 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented