തിരുപ്പരൻകുണ്ഡ്രത്തെ തൂണിൽ വിളക്ക് തെളിയിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം സമീപ ദിവസങ്ങളിലായി രാജ്യശ്രദ്ധ നേടുകയാണ്. വിവിധ മതവിശ്വാസങ്ങളുടെ സംഗമഭൂമിയായ തിരുപ്പരൻകുണ്ഡ്രത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. നിരവധി തവണ കോടതിയിടപെടലുകൾ നടന്നിട്ടും ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് കൃത്യമായ പരിഹാരം കാണാൻ ഇതുവരെ സാധിച്ചിട്ടില്ല. ദീപം കത്തിക്കുന്നതരുമായി ബന്ധപ്പെട്ട വിവാദം എങ്ങനെ നീതിന്യായ വ്യവസ്ഥയേയും സമകാലിക രാഷ്ട്രീയത്തെയും സ്വാധീനിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ് ഈ സംഭവം. എന്താണ് തിരുപ്പരൻകുണ്ഡ്രവുമായി ബന്ധപ്പെട്ട വിവാദം, അതിന്റെ ചരിത്രപശ്ചാത്തലം എന്താണ്? പരിശോധിക്കാം:

To advertise here,

മതങ്ങളുടെ സംഗമസ്ഥാനം; വിവാദങ്ങളുടെയും

മധുരയുടെ പ്രാന്തപ്രദേശത്ത് സ്ഥിതിചെയ്യുന്ന സുപ്രധാനമായ തീർത്ഥാടന കേന്ദ്രമാണ് തിരുപ്പരൻകുണ്ഡ്രം. ഇതൊരു കുന്നാണ്. താഴ്വരയിൽ സുബ്രമണ്യക്ഷേത്രവും കുന്നിന്റെ മുകളിലായി സൂഫി സന്യാസിയായ സിക്കന്ദർ ബാദുഷയുടെ ദർഗയും സ്ഥിതിചെയ്യുന്നു. ജൈനമതവുമായി ബന്ധപ്പെട്ട പുരാതന ഗുഹകളും ശിലകളും ഇവിടെയുണ്ട്. അങ്ങനെ വിവിധ വിശ്വാസങ്ങൾ ചേരുന്ന ഇടംകൂടിയാണ് തിരുപ്പരൻകുണ്ഡ്രം.

ഇവിടെ, തമിഴ് മാസമായ കാർത്തികയിൽ കാർത്തിക ദീപം തെളിയിക്കുന്ന ചടങ്ങുണ്ട്. മതവിശ്വാസപ്രകാരം ഭഗവാൻ സുബ്രമണ്യനുമായി ബന്ധപ്പെട്ട ആചാരമാണിത്. തിരുപ്പരൻകുണ്ഡ്രത്തിലെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പതിറ്റാണ്ടുകളായി ഉച്ചി പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണ് കാർത്തിക ദീപം തെളിച്ചിരുന്നത്.

എന്നാൽ, കുന്നിൻമുകളിലെ കൽത്തൂണിലും (ദീപത്തൂൺ) വിളക്ക് തെളിയിക്കണമെന്ന് ചില ഹിന്ദു സംഘടനകൾ ആവശ്യമുന്നയിച്ചു. മതവിശ്വാസവുമായി ബന്ധപ്പെട്ട കാരണങ്ങൾ ഉന്നയിച്ച ദർഗ അധികൃതർ, ദീപം തെളിയിക്കുന്നത് അനുവദിക്കാനാകില്ലെന്ന നിലപാടുമായി രംഗത്തെത്തി. വിഷയം സുപ്രീം കോടതിയിലെത്തി. നവംബർ 24-ന് മലമുകളിലെ കൽത്തൂണിൽ ഒരുതവണ ദീപം തെളിക്കാമെന്ന് സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ അനുമതി നൽകി. എന്നാൽ, ഈ നിർദേശം നടപ്പാക്കാൻ സർക്കാർ തയ്യാറായില്ല.

ദർഗാ അധികാരികളും വിവിധ ഹിന്ദുസംഘടനകളും ഉന്നയിച്ച വാദങ്ങൾ

ഹിന്ദു സംഘടനകളുടെ വാദം:

  • ദീപത്തൂൺ ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്.
  • അവിടെ ദീപം തെളിക്കുന്നത് മതപരമായ ആചാരത്തിന്റെ ഭാഗമാണ്.
  • ദീർഘകാലമായി തടസ്സപ്പെട്ട ആചാരം പുനഃസ്ഥാപിക്കണം.

ദർഗ അധികൃതരുടെ വാദം:

  • തൂൺ സ്ഥിതിചെയ്യുന്ന പ്രദേശം ദർഗയുടെ ഉടമസ്ഥതയിലുള്ളതാണ്.
  • ദർഗയ്ക്ക് സമീപം ദീപം തെളിക്കുന്നത് നിലവിലുള്ള മതപരമായ അവകാശങ്ങളെയും ആചാരങ്ങളെയും ബാധിക്കും.

കുന്നിൻമുകളിലെ കൽത്തൂണിൽ പണ്ട് ദീർഘകാലം ആചാരത്തിന്റെ ഭാഗമായി വിളക്ക് തെളിയിച്ചിരുന്നുവെന്ന് ചില സംഘടനകൾ വാദിക്കുന്നു. അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലെ പാരമ്പര്യ പൂജാരിമാരായ സ്ഥാനീക ഭട്ടർമാർ നൽകിയ മൊഴി നിർണായകമാണ്. ആഗമശാസ്ത്രത്തിനും ക്ഷേത്രാചാരങ്ങൾക്കും അനുസൃതമായാണ് ഉച്ചി പിള്ളയാർ ക്ഷേത്രത്തിനു സമീപമുള്ള തൂണിൽ കാർത്തിക ദീപം തെളിയിക്കുന്നതെന്ന് വ്യക്തമാക്കിയ അവർ, പൂർവികരിൽനിന്ന് ലഭിച്ച അറിവനുസരിച്ച് 'കാലാകാലങ്ങളായി' അവിടെയാണ് ദീപം തെളിയിച്ചിരുന്നതെന്നും വിശദീകരിച്ചു. മറ്റൊരു തൂണിൽ ദീപം തെളിയിച്ചിരുന്ന പാരമ്പര്യത്തെക്കുറിച്ച് 1995-ൽ രേഖപ്പെടുത്തിയ ഈ മൊഴിയിൽ പറയുന്നില്ല.

തിരുപ്പരൻകുണ്ഡ്രത്തിന്റെ ചരിത്രപരവും വിശ്വാസപരവുമായ പ്രാധാന്യം

മുരുകന്റെ ആറുപടൈവീടുകളിൽ ആദ്യത്തേതായാണ് തിരുപ്പുരൻകുണ്ഡ്രം കുന്നിന് താഴ്വാരത്തുള്ള മുരുകക്ഷേത്രം പരിഗണിക്കപ്പെടുന്നത്. തമിഴ് ഭക്തിസാഹിത്യത്തിലും പുരാണപാരമ്പര്യത്തിലും വിശിഷ്ട സ്ഥാനമുള്ള ക്ഷേത്രം കൂടിയാണിത്. മുരുകൻ അസുരനായ സൂരപദ്മനെ പരാജയപ്പെടുത്തിയതിനുശേഷം ദേവേന്ദ്രന്റെ മകളായ ദേവയാനിയെ വിവാഹംകഴിച്ചത് ഇവിടെവെച്ചാണെന്നാണ് ഐതിഹ്യം. വിവാഹം, കുടുംബജീവിതം, ദാമ്പത്യസൗഖ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രാർഥനകൾക്കായി നിരവധി വിശ്വാസികൾ ഇവിടെയെത്തുന്നു.

പാണ്ഡ്യകാലഘട്ടത്തിൽ പണികഴിപ്പിക്കപ്പെട്ട ക്ഷേത്രമാണിതെന്ന് കരുതപ്പെടുന്നു. പാറ തുരന്നുണ്ടാക്കിയ ഗുഹാക്ഷേത്രമാണിത്. പാണ്ഡ്യ വാസ്തുവിദ്യയുടെ കരവിരുതും മികവും ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിന്റെ നിർമാണത്തിൽ പാണ്ഡ്യന്മാർക്കും നായ്ക്കർ ഭരണാധികാരികൾക്കും പങ്കുണ്ടായിരുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിൽ ക്ഷേത്രത്തിൽ നിർമാണങ്ങളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്. ഒരേ ഗുഹാക്ഷേത്രത്തിൽ വ്യത്യസ്ത ദേവതകളുടെ സാന്നിധ്യം ദക്ഷിണേന്ത്യൻ ആരാധനാ ശൈലിയുടെ സവിശേഷത വ്യക്തമാക്കുന്നു.

ഇസ്‌ലാമിലെ ആത്മീയധാരകളിലൊന്നാണ് സൂഫിസം. ആത്മശുദ്ധീകരണം, സ്നേഹം, സഹിഷ്ണുത, മനുഷ്യസേവനം എന്നിവയ്ക്ക് സൂഫി പാരമ്പര്യം പ്രാധാന്യം നൽകുന്നു. പലയിടങ്ങളിലും സൂഫികളുടെ ശവകുടീരങ്ങൾ ദർഗകളായും ആത്മീയ തീർഥാടന കേന്ദ്രമായും പരിണമിക്കാറുണ്ട്. സിക്കന്ദർ ബാദുഷയും ഈ പാരമ്പര്യത്തിന്റെ ഭാഗമാണ്. ഇദ്ദേഹത്തിന്റെ ജീവിതവും ചരിത്രവും സംബന്ധിച്ച് നിരവധി പ്രാദേശിക ഐതിഹ്യങ്ങൾ നിലനിൽക്കുന്നുണ്ട്. ജീവിതത്തിലെ പ്രശ്നങ്ങളിൽനിന്ന് കരകയറാനും ജീവിത സൗഖ്യത്തിനുമായി നിരവധി പേർ ജാതി മത ഭേദമന്യേ ഇവിടെയെത്താറുണ്ട്. സിക്കന്ദർ മല എന്നും ഈ പ്രദേശം അറിയപ്പെടുന്നു.

കുന്നിലെ പുരാതന ജൈന ഗുഹകളും ശിലാശയ്യകളും മറ്റൊരു പ്രധാനപ്പെട്ട ചരിത്രഘടകമാണ്. പുരാതനകാലത്ത് ജൈന സന്യാസിമാർ മലനിരകളിലെ ഗുഹകളിൽ താമസിച്ച് ധ്യാനത്തിലും ആത്മീയസാധനകളിലും ഏർപ്പെട്ടിരുന്നു. തിരുപ്പരൻകുണ്ഡ്രത്തിൽ ജൈന സന്ന്യാസിമാർ ഉപയോഗിച്ചിരുന്ന ശിലാശയ്യകൾ കണ്ടെടുത്തിട്ടുണ്ട്. ജൈനമതവുമായി ബന്ധപ്പെട്ട കണ്ടെടുക്കലുകൾക്ക് ഇപ്പോഴുള്ള വിവാദത്തിൽ വലിയ പ്രാധാന്യമില്ല.

തൂണിന് മുകളിൽ തൂങ്ങുന്ന വിവാദം

കുന്നിന്റെ മുകളിൽ, ദർഗയ്ക്ക് സമീപമുള്ള ഒരു ഗ്രാനൈറ്റ് തൂണാണ് തർക്കവിഷയം. അത് യഥാർത്ഥത്തിൽ ആചാരപരമായി പ്രാധാന്യമുള്ള തൂൺ ആണോയെന്നതിൽ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. സംസ്ഥാന സർക്കാർ ഇത് ആചാരപരമായ ദീപത്തൂണാണെന്ന വാദം അംഗീകരിക്കുന്നില്ല. ബ്രിട്ടീഷ്കാരുടെ കാലത്ത് സർവേക്ക് വേണ്ടി അടയാളം എന്ന നിലയിൽ സ്ഥാപിച്ച നിരവധി കൽത്തൂണുകളിൽ ഒന്നാണിതെന്നും ജൈനമതക്കാരുടെ വിളക്കുതൂണായിരിക്കാമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. 1806-07 കാലഘട്ടത്തിൽ ആരംഭിച്ച ഗ്രേറ്റ് ട്രിഗണോമെട്രിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഭാഗമായി മലയിൽ സർവേ സ്റ്റേഷനുകൾ സ്ഥാപിച്ചിരുന്നു. 

പണ്ടുണ്ടായിരുന്ന മധുര-കൊച്ചി പെരുവഴിയിലൂടെ സഞ്ചരിച്ചിരുന്ന യാത്രക്കാർക്കും കച്ചവടക്കാർക്കും വഴിതെറ്റാതിരിക്കാൻ മലകളിൽ സ്ഥാപിച്ചിരുന്ന വിളക്കുതണ്ടായിരിക്കാം ഇതെന്നാണ് ചില ചരിത്രകാരന്മാരുടേയും കലാചരിത്ര ഗവേഷകരുടേയും അഭിപ്രായം. വൈദ്യുതിവിളക്കുകൾ വ്യാപകമായതോടെ ഇത്തരം വിളക്കുതണ്ടുകൾ പിന്നീട് ആചാരങ്ങൾക്കുവേണ്ടി  ഉപയോഗിച്ചിട്ടുണ്ടാകാമെന്നും  പറയുന്നു.

ക്ഷേത്രങ്ങളിലെ പരമ്പരാഗത ദീപത്തൂണുകളിൽ സാധാരണയായി ദേവതകളുടെ രൂപങ്ങൾ, വിശ്വാസം സംബന്ധിച്ച ചിഹ്നങ്ങൾ, എഴുത്തുകൾ എന്നിവ കാണാറുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ദർഗയുടെ പരിസരത്തുള്ള വിവാദ തൂണിൽ അത്തരം കൊത്തുപണികളില്ല. എന്നാൽ, ഉച്ചി പിള്ളയാറിനു സമീപമുള്ള തൂണിൽ ഹനുമാന്റെ രൂപവും ലിഖിതവുമുണ്ട്.

ഉടമസ്ഥാവകാശ തർക്കത്തിന്റെ ചരിത്രം

തിരുപ്പരൻകുണ്ഡ്രവുമായി ബന്ധപ്പെട്ട ഭൂവുടമസ്ഥ തർക്കങ്ങൾ ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. ബ്രിട്ടീഷുകാർ ഇന്ത്യ ഭരിക്കുന്ന കാലത്തും ഈ വിഷയത്തിൽ കോടതി ഇടപെടലുണ്ടായിട്ടുണ്ട്. ഏകദേശം 172.2 ഏക്കർ വിസ്തൃതിയും 1,048 അടി ഉയരവുമുള്ള മലയാണിത്. വിവിധ പ്രദേശങ്ങൾ പുരാവസ്തു സംരക്ഷണ വകുപ്പിന്റെ സംരക്ഷണയിലാണ്.

മലയുടെ തെക്കുകിഴക്കുഭാഗത്ത് നായ്ക്കർ കാലത്തെ കാശി വിശ്വനാഥർ ക്ഷേത്രമുണ്ട്. വടക്കൻ കൊടുമുടിയിൽ ദർഗയും സമീപത്തായി തർക്കവിഷയമായ കൽത്തൂണും സ്ഥിതിചെയ്യുന്നു.

ക്ഷേത്രഭരണസമിതി 1921 ൽ മലയുടെ ഉടമസ്ഥാവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കൃഷിഭൂമികളും ദർഗയുടെ ഭാഗവും ഒഴികെയുള്ള മലയുടെ വലിയൊരു ഭാഗം ക്ഷേത്രത്തിന്റേതാണെന്ന് വ്യക്തമാക്കിക്കൊണ്ട് 1923-ൽ മധുര സബ്കോടതി വിധി പ്രസ്താവം നടത്തി.

ദർഗയ്ക്കരികിലെ നെല്ലിത്തോപ്പ്, ഖബർ സ്ഥാൻ, കൊടിമരം, ദർഗയിലേക്കുള്ള പടികൾ എന്നിവ മുസ്‌ലിം വിഭാഗത്തിന്റെ അവകാശപരിധിയിലാക്കി. എന്നാൽ, 1926-ൽ മദ്രാസ് ഹൈക്കോടതി വിധി മാറ്റിയെഴുതി. തുടർന്ന് 1931-ൽ ലണ്ടനിലെ പ്രിവി കൗൺസിൽ 1923-ലെ സബ്കോടതി വിധി പുനഃസ്ഥാപിച്ചു. ഈ വിധികൾ ഇന്നത്തെ തർക്കത്തിലും പ്രധാനപ്പെട്ട നിയമരേഖകളായി പരിഗണിക്കപ്പെടുന്നു.

1862-ലും 1912-ലും മലയുടെ ഉച്ചിയിൽ ദീപം തെളിയിക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അത്തരം ഉദ്യമങ്ങൾ അധികൃതർ തടഞ്ഞതായി കോടതി നടപടികളിൽ പരാമർശങ്ങളുണ്ട്. ഇത്തരമൊരു ആചാരമില്ലെന്നും ക്രമസമാധാന പ്രശ്നങ്ങളുണ്ടാകാനിടയുണ്ടെന്നും അന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

1994-ൽ വീണ്ടും ദർഗയ്ക്ക് സമീപത്ത് വിളക്ക് തെളിയിക്കാൻ ശ്രമം നടന്നു. കാർത്തിക ദീപം ഉച്ചി പിള്ളയാർ ക്ഷേത്രത്തിനടുത്തുള്ള മണ്ഡപത്തിൽതന്നെ തെളിയിക്കണമെന്ന് 1996-ൽ മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. മറ്റൊരു സ്ഥലത്ത് ദീപം തെളിയിക്കുന്നത് പിന്നീട് പരിഗണിക്കാമെന്നും ദർഗ, പടികൾ, നെല്ലിത്തോപ്പ് തുടങ്ങിയ സംരക്ഷിത പ്രദേശങ്ങളിൽനിന്ന് കുറഞ്ഞത് 15 മീറ്റർ അകലെയായിരിക്കണം ദീപം തെളിയിക്കേണ്ടതെന്നും കോടതി അന്ന് നിർദേശിച്ചിരുന്നു.

പിന്നീട്, 2025-ൽ വിഷയം വീണ്ടും കോടതിയിലെത്തി. ദർഗയ്ക്ക് സമീപമുള്ള തൂണിൽ കാർത്തിക ദീപം തെളിയിക്കാൻ അനുവാദം ആവശ്യപ്പെട്ട് ചിലർ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. 2025 ഡിസംബർ ഒന്നിന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ദർഗയ്ക്ക് സമീപമുള്ള തൂണിലും ദീപം തെളിയിക്കാമെന്ന് ഉത്തരവിട്ടു. ക്ഷേത്രത്തിന്റെ ഭൂമിയിലാണെന്ന വാദം അംഗീകരിച്ചായിരുന്നു വിധിപ്രസ്താവം നടത്തിയത്.

ഉത്തരവ് നടപ്പാക്കാൻ പോലീസിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും, ദീപം തെളിയിക്കുന്നവർക്ക് സംരക്ഷണം നൽകാൻ സിഐഎസ്എഫിന്റെ സഹായവും തേടി. സംസ്ഥാന പോലീസിന്റെ നടപടികളിൽ വിശ്വാസമില്ലെന്നായിരുന്നു ജഡ്ജി ഇതിന് നൽകിയ ന്യായീകരണം. സംസ്ഥാന സർക്കാരിന് കടുത്ത അതൃപ്തിയുണ്ടാകാൻ ഈ സംഭവം ഇടയാക്കി.

ആയിരക്കണക്കിന് വിശ്വാസികൾ എത്തുന്ന സാഹചര്യത്തിൽ, പുതിയ തൂണിൽ ദീപം തെളിയിക്കാൻ അനുമതി നൽകുന്നത് സംഘർഷത്തിന് ഇടയാക്കുമെന്ന് സർക്കാർ വാദിച്ചു. ക്രമസമാധാനം സംസ്ഥാനത്തിന്റെ അധികാരപരിധിയിലുള്ള വിഷയമാണെന്നും കോടതി ഇടപെടുന്നത് വിഷയത്തെ കൂടുതൽ സങ്കീർണമാക്കുമെന്നും സർക്കാർ വ്യക്തമാക്കി. 2025 ഡിസംബർ മൂന്നിന് ഉത്സവം നടന്നെങ്കിലും ദർഗയ്ക്ക് സമീപമുള്ള തൂണിൽ ദീപം തെളിയിച്ചില്ല. ഉത്തരവ് നടപ്പാക്കാത്തതിനാൽ ഉദ്യോഗസ്ഥർക്കെതിരെ കോടതിയിൽ നടപടികളും ഉണ്ടായി.

2026 ജനുവരി ആറിന് ജസ്റ്റിസ് ജി. ജയചന്ദ്രൻ, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണൻ എന്നിവരടങ്ങിയ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ചു. അടുത്ത കാർത്തികയ്ക്ക് ദർഗയ്ക്ക് സമീപമുള്ള തൂണിലും ദീപം തെളിയിക്കാമെന്ന് പറഞ്ഞു. എന്നാൽ, പൊതുജനങ്ങളെ മലയിൽ പ്രവേശിക്കാൻ അനുവദിക്കരുതെന്നും ക്ഷേത്രം നടത്തിപ്പുകാർ പുരാവസ്തു വകുപ്പുമായി വിഷയം കൂടിയാലോചിക്കണമെന്നും കോടതി കൂട്ടിച്ചേർത്തിരുന്നു. സംസ്ഥാന സർക്കാർ ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു. അവകാശങ്ങളും ആരാധനാസ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ദർഗ അധികൃതരും രംഗത്തെത്തി.

സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവും വിവാദങ്ങളും

2026 നവംബർ 20-ന് സുപ്രീംകോടതി വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. നവംബർ 24-ന് ദർഗയ്ക്ക് സമീപമുള്ള തൂണിൽ ഒറ്റത്തവണ ദീപം തെളിയിക്കാൻ ചെറിയ സംഘത്തിന് അനുമതി നൽകി. പൊതുജനങ്ങളുടെ പ്രവേശനം കർശനമായി വിലക്കാനും പ്രകടനങ്ങളും ഘോഷയാത്രകളും ഉണ്ടാകരുതെന്നും കോടതി നിഷ്ക്കർഷിച്ചു. ദർഗയിലെ ആരാധനയ്ക്കും പ്രവേശനത്തിനും യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാകരുതെന്നും പുരാവസ്തു വകുപ്പിന്റെ നിബന്ധനകൾ പാലിക്കണമെന്നും കോടതി വ്യക്തമാക്കി.

സ്ഥിരമായ ആചാരാവകാശത്തിനോ ഭൂമിയുടെ ഉടമസ്ഥാവകാശത്തിനോ ഈ വിധി തെളിവല്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. അതിനാൽ ഹൈക്കോടതി വിധിയിലെ ചില നിരീക്ഷണങ്ങളുടെ പ്രാബല്യവും സ്റ്റേ ചെയ്തു. എന്നാൽ, സുപ്രീംകോടതിയുടെ അനുമതിയുണ്ടായിട്ടും ദർഗയ്ക്ക് സമീപമുള്ള തൂണിൽ ഇത്തവണയും ദീപം തെളിയിച്ചില്ല.

മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണ സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്, ക്ഷേത്രം നടത്തിപ്പുകാർ ഇതിനുവേണ്ടി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിരുന്നില്ലെന്നാണ്. കോടതി ഉത്തരവ് നടപ്പാക്കാൻ ശ്രമിച്ചെന്നും ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഇടക്കാല ഉത്തരവ് നടപ്പാക്കാൻ കഴിയാതിരുന്നതിൽ ഖേദവും പ്രകടിപ്പിച്ചു. സംഭവത്തിൽ സുപ്രീം കോടതിയിൽ തമിഴ്നാട് സർക്കാരും ക്ഷമാപണം നടത്തിയിട്ടുണ്ട്. കേസ് 2027 ജനുവരിയിൽ വീണ്ടും പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ജസ്റ്റിസ് സ്വാമിനാഥനെതിരെ പാർലമെന്റിൽ ഇംപീച്ച്മെന്റ് നീക്കം ഉൾപ്പെടെയുള്ള നടപടികൾ വേണമെന്ന ആവശ്യവും വിവാദത്തിന്റെ ഭാഗമായി ഉയർന്നിട്ടുണ്ട്.

ചരിത്രപരമായ തെളിവുകൾ നിരത്തി, വിവാദമായ തൂണിന്റെ സ്വഭാവം നിർണയിക്കേണ്ടതുണ്ട്. മുൻ കോടതി വിധികളെയും നിലവിലുള്ള ആരാധനാക്രമത്തേയും തള്ളിക്കളയാനാകില്ല. വിവിധ മതവിഭാഗങ്ങളുടെ ആരാധനാവകാശത്തിനൊപ്പം മറ്റ് അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കാൻ ശ്രദ്ധചെലുത്തണ്ടത് ഭരണകൂടവും കോടതികളുമാണ്.

മുരുകൻ ആരാധനയും ജൈന സന്യാസിമാരുടെ സാന്നിധ്യവും സൂഫി പാരമ്പര്യവും ഭൂമിയിൽ അടയാളപ്പെടുത്തിയതാണ് തിരുപ്പരൻകുണ്ഡ്രത്തിന്റെ ചരിത്രം. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിന് പകരം, ഈ പൈതൃകം സംരക്ഷിക്കാനാണ് ശ്രമങ്ങൾ വേണ്ടത്. മതവൈവിധ്യത്തിലും സഹവർത്തിത്വത്തിലുമാണ് തിരുപ്പരൻകുണ്ഡ്രത്തിന്റെ പാരമ്പര്യം നിലനിൽക്കുന്നത്. അതിനെ നിലനിർത്തുക എന്നതായിരിക്കണം ഏത് പരിഹാരത്തിന്റെയും ലക്ഷ്യം.