ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നേതാവ് സൗരവ് ദാസിനോട് ജന്മസ്ഥലം സംബന്ധിച്ച് വ്യക്തതവരുത്തണമെന്ന് കേന്ദ്രം. ഏഴ് ദിവസത്തിനുള്ളിൽ ജന്മസ്ഥലം സംബന്ധിച്ച് വിശദീകരണം നൽകണമെന്നും അതുവരെ പാസ്പോർട്ട് ഉപയോഗിക്കരുതെന്നും ചെന്നൈ റീജിയണൽ പാസ്പോർട്ട് ഓഫീസ് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ലണ്ടനിലേക്ക് പോകുന്നതിനായി തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ ഡൽഹി വിമാനത്താവളത്തിൽ സൗരവ് ദാസ് എത്തിയിരുന്നു. എന്നാൽ, പാസ്പോർട്ടിലെ അപാകതകൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ യാത്ര തടഞ്ഞിരുന്നു. തുടർന്ന് തന്നെ തടഞ്ഞുവെച്ചെന്ന് ആരോപിച്ച് സൗരവ് ദാസ് രംഗത്തെത്തി. ഇതിന് പിന്നാലെയാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
ഏജൻസികളിൽനിന്ന് ലഭിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നവംബർ 23-നാണ് ചെന്നൈ പാസ്പോർട്ട് ഓഫീസ് ദാസിന് നോട്ടീസ് നൽകിയത്. പാസ്പോർട്ട് അപേക്ഷകർ കൃത്യമായ വിവരങ്ങൾ നൽകേണ്ടതുണ്ടെന്നും വസ്തുതകൾ മറച്ചുവെച്ചതായി കണ്ടെത്തുകയോ റിപ്പോർട്ട് ചെയ്യപ്പെടുകയോ ചെയ്താൽ വിശദീകരണം തേടി നോട്ടീസ് നൽകാറുണ്ടെന്നും ജയ്സ്വാൾ പറഞ്ഞു.
പാസ്‌പോർട്ട് ഫ്ലാഗ് ചെയ്തിട്ടുണ്ടെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറിയിച്ചതായി സൗരവ് ദാസ് പി.ടി.ഐയോട് പറഞ്ഞു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ സംഘടിപ്പിക്കുന്ന പാനൽ ചർച്ചയിൽ 'കോക്രോച്ച് മൂവ്‌മെന്റിനെ'ക്കുറിച്ച് സംസാരിക്കാൻ യുകെയിലേക്ക് പോകുകയായിരുന്നു അദ്ദേഹം.
യാത്ര തടഞ്ഞതിന് പിന്നിൽ മോദി സർക്കാരാണെന്ന് ദാസ് 'എക്സി'ലൂടെ ആരോപിച്ചു. കേംബ്രിഡ്ജ്, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്, യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗ് എന്നിവിടങ്ങളിലും സംസാരിക്കാൻ തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സംഭവങ്ങൾ തന്റെ പ്രവർത്തനങ്ങളെയോ ഭാവിയിലെ വിദേശ യാത്രകളെയോ പിന്നോട്ടടിപ്പിക്കില്ലെന്നും സൗരവ് ദാസ് പറഞ്ഞു.
ഓക്സ്ഫോർഡ് ക്ഷണത്തിൽ അധികാരത്തിലിരിക്കുന്ന ചിലർക്ക് അസൂയയാണെന്ന് സി.ജെ.പി സ്ഥാപകൻ അഭിജിത്ത് ദിപ്കെ ആരോപിച്ചു.
Content Highlights: Centre asked CJP leader Sourav Das to clarify his birthplace within 7 days., Chennai Regional Passport Office directed him not to use his passport in the meantime., Sourav Das was stopped at Delhi airport while attempting to board a flight to London., He was invited to speak at Oxford University and other UK institutions., Das alleged the Modi government was behind the travel restriction.
Published: 25 Nov 2026, 07:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented