ന്യൂഡൽഹി: കശ്മീർ തങ്ങളുടെ ഭാഗമാണെന്നുള്ള പാകിസ്താന്റെ ആവർത്തിച്ചുള്ള അവകാശവാദത്തിന് തിരിച്ചടിയായി പാക് അധിനിവേശ കശ്മീരും ഉൾപ്പെടുന്ന ഇന്ത്യയുടെ ഭൂപടം പങ്കുവെച്ച് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ്. യുഎസിന്റെ ഭാഗത്തുനിന്നുള്ള ഇത്തരമൊരു നടപടി ഇന്ത്യയ്ക്കുള്ള അംഗീകാരമായാണ് വിലയിരുത്തപ്പെടുന്നത്. യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് പ്രസിദ്ധീകരിച്ച ഇന്ത്യയുടെ ഭൂപടത്തിൽ അത് ഇന്ത്യൻ ഭൂപ്രദേശത്തെ വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ഭൂപടത്തിൽ, പാക് അധിനിവേശ കശ്മീർ ഭാഗമുൾപ്പെടെയുള്ള ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി കാണിക്കുന്നു. യുഎസ് നേതൃത്വം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ അംഗീകരിക്കുന്നതായി രാഷ്ട്രീയനിരീക്ഷകർ പറയുന്നു.

To advertise here,

യുഎസ് കയറ്റുമതിയ്ക്ക് ഇന്ത്യ തീരുവകൾ കുറച്ചതായി കാണിക്കുന്ന ഒരു ഗ്രാഫിക്സ് ഭാഗമായിരുന്നു ഇന്ത്യയുടെ ഭൂപടം. യുഎസ് ട്രീ നട്സ്, റെഡ് സോർഗം, പുതിയതും സംസ്കരിച്ചതുമായ പഴങ്ങൾ, ഉണക്കിയ ഡിസ്റ്റിലേഴ്സ് ഗ്രെയിൻസ്, അമേരിക്കൻ വൈൻ, സ്പിരിറ്റ്സ് എന്നിവയാണ് ഇറക്കുമതിയിൽ ഉൾപ്പെടുന്നത്, പുതിയ സംയുക്ത ചട്ടക്കൂട് അനുസരിച്ച് ഇന്ത്യ ഒന്നുകിൽ ഇവയ്ക്കുള്ള തീരുവകൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമെന്നാണ് ധാരണ. ഇതുകൂടാതെ, ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 18 ശതമാനമായി കുറയ്ക്കാനും 25 ശതമാനം അധിക തീരുവ പിൻവലിക്കാനും യുഎസ് ധാരണയായിട്ടുണ്ട്.

പാകിസ്താന് ഇത് വലിയ അവഗണനയും നാണക്കേടുമാണ്. സമീപകാലത്ത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വളരെയധികം അടുത്തിടപഴകാനും യുഎസുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പാക് ഭരണകൂടം അധികശ്രമങ്ങൾ നടത്തിയിരുന്നു. പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും സൈനിക മേധാവി അസിം മുനീറും ട്രംപിന് മേൽ സമ്മർദ്ദം ചെലുത്താൻ യുഎസ് സന്ദർശനമുൾപ്പെടെ നടത്തിയിരുന്നു. അപൂർവ്വ ധാതുക്കളിലും സൈനിക ഉപകരണങ്ങളുടെ വിൽപനയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാകിസ്താൻ യുഎസിന്റെ താത്പര്യങ്ങൾക്ക് ഏറെ മുൻഗണന നൽകുന്നുണ്ട്. പക്ഷെ ഇന്ത്യയ്ക്കുപരിയായി പാകിസ്താനെ പ്രതിഷ്ഠിയ്ക്കാൻ യുഎസിന് താത്പര്യക്കുറവുണ്ടെന്ന് ഇന്ത്യയോടുള്ള യുഎസിന്റെ സമീപകാല നടപടികൾ വ്യക്തമാക്കുന്നുണ്ട്. പാകിസ്താൻ യുഎസി‍ന് താത്പര്യമുള്ള ഒരു വിഷയമായിരിക്കാം, പക്ഷേ ഇന്ത്യയ്ക്ക് ബദലല്ല എന്ന സന്ദേശമാണ് യുഎസ് നൽകുന്നത്. ലോകരാഷ്ട്രീയത്തിൽ പ്രധാന്യമുള്ള രാജ്യമാണ് ഇന്ത്യ. അതിനാൽത്തന്നെ ഇന്ത്യയുമായുള്ള ബന്ധത്തിന് യുഎസ് മുൻതൂക്കം നൽകുമെന്നത് വ്യക്തം.