ന്യൂഡൽഹി: 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കോൺഗ്രസ് പാർട്ടിയിൽ വൻ സംഘടനാ അഴിച്ചുപണി. വിവിധ സംസ്ഥാനങ്ങളുടെയും സംഘടനാ വകുപ്പുകളുടെയും ചുമതലകളിലേക്ക് 81 പുതിയ ദേശീയ സെക്രട്ടറിമാരെ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമിച്ചു. പുതിയ നിയമനങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്.

To advertise here,

പുതുതായി ചുമതലയേറ്റ ദേശീയ സെക്രട്ടറിമാരിൽ 50 ശതമാനവും ഇതര പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), പട്ടികജാതി (എസ്‌സി), പട്ടികവർഗം (എസ്‌ടി) എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. നിയമിക്കപ്പെട്ട 81 ഭാരവാഹികളിൽ 29 പേർ പൊതുവിഭാഗത്തിൽ നിന്നുള്ളവരാണ്. 20 പേർ ഒബിസി വിഭാഗത്തിൽ നിന്നും അഞ്ച് പേർ ഇബിസി വിഭാഗത്തിൽനിന്നും 11 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നും അഞ്ച് പേർ പട്ടികവർഗ വിഭാഗത്തിൽനിന്നും ഉള്ളവരാണ്.

ഇതിനുപുറമേ 11 പേർ ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവരുമാണ്. ഇതോടെ പട്ടികജാതി, പട്ടികവർഗം, ഒബിസി, ഇബിസി, ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരുടെ ആകെ പ്രാതിനിധ്യം മൊത്തം ഭാരവാഹികളുടെ മൂന്നിൽ രണ്ട് ഭാഗത്തോളമായി.

പുതിയ ഭാരവാഹികളിൽ 12 പേർ വനിതകളാണ്; ഇത് ആകെ നിയമനത്തിന്റെ 15 ശതമാനത്തോളമാണ്. ദേശീയ സെക്രട്ടറിമാരുടെ ശരാശരി പ്രായം 49 വയസ്സാണ്. പുതിയ ഭാരവാഹികളിൽ മൂന്നിൽ രണ്ടു പേരും 50 വയസ്സിൽ താഴെയുള്ളവരാണെന്ന പ്രത്യേകതയുമുണ്ട്. രാഹുൽ ഗാന്ധി മുന്നോട്ടുവെച്ച 'സാമൂഹിക നീതി' ഫോർമുലയുടെ സ്വാധീനം ഈ പുനഃസംഘടനയിൽ പ്രകടമാണ്.

സംഘടനാ പുനഃസംഘടനയുടെ ഭാഗമായി 43 പുതിയ മുഖങ്ങളെ സെക്രട്ടറിമാരായി ഉൾപ്പെടുത്തിയപ്പോൾ, മുൻപുണ്ടായിരുന്ന 25 പേരെ ചുമതലകളിൽനിന്ന് ഒഴിവാക്കി. ചുമതലകളിൽ നിന്ന് ഒഴിവാക്കപ്പെട്ട നേതാക്കളിൽ മലയാളികളായ ടി.എൻ. പ്രതാപൻ, റോജി എം. ജോൺ എന്നിവർ ഉൾപ്പെടുന്നു. ചില പ്രധാന ഭാരവാഹികളുടെ ചുമതലകളിൽ മാറ്റം വരുത്തിയിട്ടില്ല.