ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഒരു സര്‍ക്കാര്‍ അധ്യാപിക 25 സ്‌കൂളുകളില്‍ ഒരേ സമയം ജോലി ചെയ്ത് ഒരു വര്‍ഷക്കാലം കൊണ്ട്‌ ഒരു കോടി രൂപ സമ്പദിച്ചതായി കണ്ടെത്തല്‍. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയയിലെ അധ്യാപിക അനാമിക ശുക്ലക്കെതിരെ അന്വേഷണം ആരംഭിച്ചു. 

ഉത്തര്‍പ്രദേശില്‍ അധ്യാപികരുടെ ഡിജിറ്റല്‍ ഡാറ്റാബേസ് ഇപ്പോള്‍ തയ്യാറാക്കി വരികയാണ്. ഈ പ്രക്രിയയിലാണ് 25 വ്യത്യസ്ത സ്‌കൂളുകളില്‍ ഒരേ അധ്യാപികയെ നിയമിച്ചതായി കണ്ടെത്തിയത്. 

കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലത്തിലെ മുഴുവന്‍ സമയ അധ്യാപികയാണ് അനാമിക ശുക്ല. അമേഠി, അംബേദ്കര്‍ നഗര്‍, റായ്ബറേലി, പ്രയാഗ് രാജ്, അലീഗഢ് എന്നീ ജില്ലകളിലായി വിവിധ സ്‌കൂളുകളില്‍ അധ്യാപികയായി ഇവര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരി വരെ 13 മാസത്തിനിടെ ഒരു കോടിയോളം രൂപ അനാമിക ശുക്ല ശമ്പളമായി സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. 

സര്‍ക്കാരിന് നല്‍കിയ വിവരമനുസരിച്ച് മെയിന്‍പുരി ജില്ലക്കാരിയാണ് ഇവര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അനാമിക ശുക്ലക്ക് നോട്ടീസയച്ചെങ്കിലും പ്രതികരണം ലഭ്യമായിട്ടില്ല. നിലവില്‍ ഇവര്‍ക്കുള്ള എല്ലാ ശമ്പളവും സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ശമ്പള കൈമാറ്റത്തിന് ഒരേ ബാങ്ക് അക്കൗണ്ടാണോ ഉപയോഗിച്ചത് എന്നതടക്കം പരിശോധിച്ചു വരികയാണ്. 

അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അധ്യാപികക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് യുപി  വിദ്യാഭ്യാസ മന്ത്രി ഡോ. സതീഷ് ദ്വിവേദി പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

Content Highlights: UP govt teacher earns Rs 1 crore by simultaneously working in 25 schools-probe ordered