ചെന്നൈ: ഗ്രാനൈറ്റ് വ്യവസായി ആർ. വീരമണി ഉൾപ്പെട്ട പെൺകുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസിൽ ഡിഎംകെ തലവനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും ഡിഎംകെയ്ക്കുമെതിരെ രൂക്ഷമായ ആരോപണങ്ങളുമായി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. അണ്ണാ ഡിഎംകെയുമായി കൂട്ടുപിടിച്ച് ഡിഎംകെ അതിക്രമ കേസ് ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് വിജയ് ആരോപിച്ചു. ഇത്രയും ഗുരുതരമായ വിഷയത്തിൽ ഇരുപാർട്ടികളും തമ്മിൽ ധാരണയുണ്ടാക്കി മൗനം പാലിക്കുകയാണോ എന്നും അദ്ദേഹം ചോദിച്ചു.
ഒക്ടോബർ 6-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു വിജയ്. 'സ്റ്റാലിൻ സാർ, വായ തുറക്കൂ, എന്തായിരുന്നു നിങ്ങളുടെ ഡീൽ? എഐഎഡിഎംകെയും മിണ്ടുന്നില്ല. ഈ വിഷയത്തിലും പരസ്പരം കൈകോർക്കലുണ്ടായോ എന്ന് വിജയ് ചോദിച്ചു. എന്റെ അമ്മയെ കുറിച്ച് മോശമായി സംസാരിച്ചപ്പോൾ പോലും താൻ അത് ക്ഷമിച്ചിരുന്നു. എന്നാൽ തമിഴ്നാട്ടിലെ എന്റെ സഹോദരിമാരെയും അമ്മമാരെയും കുറിച്ച് അശ്ലീലമായ രീതിയിൽ സംസാരിച്ചപ്പോൾ അത് അംഗീകരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഡിഎംകെ ഇത്തരം രീതിയിലാണ് സംസാരിക്കുന്നത്. സ്റ്റാലിനും അദ്ദേഹത്തിന്റെ കുടുംബവും അത്തരം സംസാരങ്ങൾ ആസ്വദിക്കുകയാണ്. എന്നാൽ എനിക്ക് അത് സഹിക്കാൻ കഴിയില്ലെന്നും വിജയ് പറഞ്ഞു.
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ജെം ഗ്രാനൈറ്റ്‌സ് ചെയർമാൻ ആർ. വീരമണി, സഹായി ശാന്തി, ഇവരുടെ ഭർത്താവ് മഹേന്ദ്ര സിംഹൻ എന്നിവർ അറസ്റ്റിലായിരുന്നു. 2025 ഒക്ടോബറിൽ മുൻ ഡിഎംകെ ഭരണകാലത്ത് സാമൂഹ്യപ്രവർത്തകൻ തെളിവുകളുമായി രംഗത്തുവന്നപ്പോഴായിരുന്നു സംഭവം പുറത്തറിഞ്ഞത്.
എന്നാൽ ഡിഎംകെ ഭരണകാലത്ത് പരാതി നൽകിയിട്ടും കേസും അതിന്റെ തെളിവുകളും മുക്കിക്കളയുകയായിരുന്നുവെന്ന് വിജയ് ആരോപിച്ചു. ശക്തമായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി അന്ന് വീരമണിയെ അറസ്റ്റ് ചെയ്യാതെ പോലീസ് കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് കേസ് അവസാനിപ്പിച്ച റിപ്പോർട്ട് പ്രത്യേക പോക്സോ കോടതി തള്ളുകയും കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടർന്നാണ് അതിജീവിതയായ പെൺകുട്ടിയുടെ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുകയും വീരമണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. പീഡനത്തിനിരയായ മറ്റ് നിരവധി പെൺകുട്ടികളെയും തിരിച്ചറിയുകയും അവരുടെ മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിഷയത്തിൽ മുൻസർക്കാരുകളോ ഡിഎംകെ പാർട്ടിയോ യാതൊരു പരാമർശങ്ങളും നടത്താതിരിക്കുന്ന പശ്ചാത്തലത്തിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ.
Content Highlights: Vijay criticizes DMK and MK Stalin for silence on the Veeramani child abuse case., Accusations of a covert deal between AIADMK and DMK to suppress the case., Details of the Pocso court ordering further investigation leading to the arrest.
Published: 25 Sept 2026, 07:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented