പട്‌ന: ബിഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തുടർക്കഥയാകുന്നു. ബിഹാറിലെ ബങ്ക ജില്ലയിലെ മന്ദാർ കുന്നിൽവെച്ച് ഒരു സംഘം യുവാക്കൾ ചേർന്ന് ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വലിയതോതിൽ പ്രചരിക്കുന്നു. ജാമുയിയിലും സമസ്തിപുരിലും സമാനമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് ഈ സംഭവവും പുറത്തുവരുന്നത്.

To advertise here,

സെപ്റ്റംബർ 22-ന് വാട്‌സ്ആപ്പ് വഴിയാണ് പോലീസിന് ഈ വീഡിയോ ലഭിച്ചത്. തുടർന്ന് ബൗൺസി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സുഹൃത്തുക്കളോടൊപ്പം മന്ദാർ കുന്നിൽ പോയ സമയത്ത് മൂന്ന് യുവാക്കൾ തങ്ങളെ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന പെൺകുട്ടിയോട് മോശമായി പെരുമാറുകയും ചെയ്തതായാണ് പരാതി.

പോലീസ് പറയുന്നതനുസരിച്ച്, ഇക്കഴിഞ്ഞ ജൂൺ മൂന്നിന് പകർത്തിയ വീഡിയോയാണിത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത പോലീസ് സംഭവത്തിന് പിന്നിലെ സാഹചര്യങ്ങൾ വ്യക്തമാക്കാനുള്ള അന്വേഷണം നടത്തിവരികയാണ്. അബ്ദുള്ള, നിതീഷ് കുമാർ റായ്, വികാസ് കുമാർ എന്നിവരാണ് കേസിൽ പ്രതികളെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

പെൺകുട്ടിക്കും സുഹൃത്തുക്കൾക്കും കുന്നിൽനിന്നും പോകാൻ അനുവാദം നൽകുന്നതിന് മുമ്പ് അബ്ദുള്ള അവരിൽ ഒരാളുടെ അക്കൗണ്ടിൽ നിന്ന് ഓൺലൈൻ ട്രാൻസ്ഫർ വഴി 1,500 രൂപ വാങ്ങിയെടുത്തതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. സാമൂഹികമാധ്യമത്തിൽ ഈ വീഡിയോ പങ്കുവെക്കുകയും യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തവർക്കെതിരെയും പോലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.

'ബങ്കയിലെ ഈ മൃഗങ്ങളെ എപ്പോഴാണ് പിടികൂടുക?'

'ജാമുയിക്കും സമസ്തിപുരിനും ശേഷം, ഇപ്പോൾ ചരിത്രപ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമായ ബങ്കയിലെ മന്ദാർ പർവതത്തിൽവെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൂഷണം ചെയ്യുകയും അപമാനിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ വൈറലായിരിക്കുന്നു!' ബിഹാർ സർക്കാരിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട്, രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് തേജസ്വി യാദവ് എക്‌സിൽ കുറിച്ചു.

'ബിഹാറിലെ ക്രമസമാധാനം മരണക്കിടക്കയിലാണ്!'' മുൻ കേസുകൾ കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാരിന്റെ നിലപാടിനെ ചോദ്യം ചെയ്ത തേജസ്വി, 'ജാമുയി കേസിലെ ബാക്കി അഞ്ച് പ്രതികൾക്ക് എന്ത് സംഭവിച്ചു?' എന്നും 'സമസ്തിപുർ കേസിലെ നാല് പ്രതികൾക്ക് പകുതി ശിക്ഷയാണോ അതോ പൂർണമായ ശിക്ഷയാണോ ലഭിച്ചത്, അതോ ഏതെങ്കിലും രാഷ്ട്രീയ സമവാക്യങ്ങളുടെ അടിസ്ഥാനത്തിൽ അവരെ ഒഴിവാക്കിയോ?' എന്നും ചോദിച്ചു.

സംസ്ഥാന സർക്കാരിനെ ലക്ഷ്യമിട്ട്, 'ബങ്കയിലെ ഈ മൃഗങ്ങളെ എപ്പോഴാണ് പിടികൂടുക?' എന്നും തേജസ്വി ചോദിച്ചു. പ്രതികളുടെ ജാതി സ്വത്വം നോക്കിയാണ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ സമ്രാട്ട് ചൗധരി നീതിയുടെയും ശിക്ഷയുടെയും മുൻഗണന തീരുമാനിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 'ഈ ഏഴാം ക്ലാസ് തോറ്റ ജാതി വിദഗ്ദ്ധനായ മുഖ്യമന്ത്രി ഇവരുടെ റീലുകളും ജാതിയും നോക്കിയാണോ പ്രതികരിക്കാൻ പോകുന്നത്?' എന്നും അദ്ദേഹം ചോദിച്ചു.

ഒരു ആഴ്ചയിലെ മൂന്നാമത്തെ കേസ്

ബിഹാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ തുടർച്ചയായാണ് ഈ സംഭവവും പുറത്തെത്തിയിരിക്കുന്നത്. സമാനമായ മറ്റൊരു സംഭവത്തിൽ, ധർഭംഗയിലെ കീരത്പുർ ഗ്രാമത്തിൽ തിങ്കളാഴ്ച സ്‌കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടിയുടെ ദുപ്പട്ട ബൈക്കിലെത്തിയ രണ്ടുപേർ തട്ടിയെടുക്കാൻ ശ്രമിക്കുകയും തുടർന്ന് പെൺകുട്ടിയെ അപമാനിക്കുകയും ചെയ്തതായി പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

പെൺകുട്ടി ബഹളംവെച്ചതിനെ തുടർന്ന് വഴിവക്കിലുണ്ടായിരുന്നവർ പ്രതികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും ഇരുവരും സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ, സംഭവം നടന്ന് അഞ്ച് മണിക്കൂറിനുള്ളിൽ തന്നെ രണ്ട് പ്രതികളെയും കണ്ടെത്തി. പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും ജമാൽപുർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

19 വയസ്സുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജയിലിലടച്ചു, പ്രായപൂർത്തിയാകാത്ത സഹപ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. ജാമുയിയിൽ, ഒരേ കോച്ചിങ് സെന്ററിൽ പഠിക്കുകയായിരുന്ന പെൺകുട്ടിയെയും ആൺകുട്ടിയെയും സെപ്റ്റംബർ 19-ന് റോഡിൽവെച്ച് ഒരു സംഘം തടഞ്ഞുനിർത്തി ഉപദ്രവിച്ച സംഭവവും ഈയാഴ്ചയാണ് നടന്നത്.

പെൺകുട്ടിയെ അപമാനിക്കുന്നത് ചിത്രീകരിച്ച് വീഡിയോകൾ പിന്നീട് സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു പ്രതികൾ. ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ പരിക്കേറ്റ രണ്ട് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തതായി ബിഹാർ പോലീസ് അറിയിച്ചു. ഇതോടെ കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേരടക്കം അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.