ചെന്നൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരായ ലൈംഗിക അതിക്രമ ആരോപണങ്ങളെ തുടർന്ന് വ്യവസായി ആർ. വീരമണിയും മറ്റ് രണ്ടുപേരും അറസ്റ്റിലായ പോക്‌സോ കേസിൽ കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പുനൽകി തമിഴ്നാട് മുഖ്യമന്ത്രിയും ടിവികെ (TVK) അധ്യക്ഷനുമായ സി. ജോസഫ് വിജയ്. വെള്ളിയാഴ്ച മധുരാന്തകത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടിവികെ റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം വിവാദമായ കേസിനെക്കുറിച്ച് സംസാരിച്ചത്. വീരമണിയെ പിന്തുണയ്ക്കുന്നത് ആരാണെന്ന് തനിക്ക് അറിയാമെന്ന് അവകാശപ്പെട്ട വിജയ്, കേസിൽ നടപടിയെടുക്കാൻ ഉണ്ടായ കാലതാമസത്തെയും ചോദ്യംചെയ്തു.

To advertise here,

'ഒരാൾ പെൺകുട്ടികളെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അന്നത്തെ സർക്കാർ ശ്രമിച്ചത് ആ കേസ് തന്നെ ഇല്ലാതാക്കാനാണ്. എന്താണ് അതിന് പിന്നിലുള്ള ഡീൽ എന്നാണ് ഈ സംസ്ഥാനം മുഴുവൻ ചോദിക്കുന്നത്. ഇനിയെങ്കിലും ദയവായി സംസാരിക്കൂ സ്റ്റാലിൻ സർ. ഞങ്ങൾ ആ പീഡകനെ ജയിലഴിക്കുള്ളിലാക്കി. എന്നാൽ, അപ്പോഴും അവരുടെ ഭാഗത്തുനിന്നും (ഡിഎംകെ നേതാക്കൾ) ഒരു വാക്കുപോലും പ്രതികരണമായി പുറത്തുവന്നിട്ടില്ല. ഇരയാക്കപ്പെട്ടതെല്ലാം ചെറിയ പെൺകുട്ടികളാണ്. അവരുടെ വേദനയെക്കുറിച്ച് നിങ്ങൾക്ക് സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ, പിന്നെ നിങ്ങൾ എന്ത് രാഷ്ട്രീയമാണ് ചെയ്തുകൊണ്ടിരിക്കുന്നത്?' വിജയ് ചോദിച്ചു.

വിഷയത്തിൽ മുൻ സർക്കാർ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടതെന്ന് വിശദമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'വീരമണി കേസിൽ ഡിഎംകെ പറഞ്ഞത് എന്താണ്? ചെയ്തത് എന്തൊക്കെയാണ്?' മുഖ്യമന്ത്രി വിജയ് ചോദിച്ചു. അതേസമയം, ഭരണകക്ഷി അനാവശ്യമായി ഡിഎംകെയെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയാണെന്ന് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ആരോപിച്ചു. കേസിൽ സത്യസന്ധമായ അന്വേഷണം നടക്കണമെന്നും ഇരകൾക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നും അദ്ദേഹം ടിവികെ സർക്കാരിനോട് ആവശ്യപ്പെട്ടു. 

'ഈ കേസിൽ ചിലർ തങ്ങളുടെ സ്വാർത്ഥ രാഷ്ട്രീയ ലാഭത്തിനായി ഡിഎംകെയ്ക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ്, അത് വളരെ നിന്ദ്യമാണ്. ഡിഎംകെ ഭരണകാലത്ത് വീരമണി കേസിൽ ആരെയും സംരക്ഷിക്കാൻ ഒരു ഉത്തരവും നൽകിയിട്ടില്ല.' മുൻ മുഖ്യമന്ത്രി പറഞ്ഞു. കേസിനെ പാർട്ടിയുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തെ ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവനും തള്ളി. പോലീസ് ഇതിനകം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

'അവർ അയാളെ (വീരമണിയെ) അറസ്റ്റ് ചെയ്യുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസ് മുന്നോട്ട് പോകട്ടെ. ഇതിലേക്ക് എന്തിനാണ് ഡിഎംകെയെ വലിച്ചിഴയ്ക്കുന്നത്? നേരത്തെ പരാതിയുണ്ടായിരുന്നെങ്കിൽ പോലീസ് അന്വേഷിച്ച് നടപടിയെടുക്കണമായിരുന്നു. ഇപ്പോൾ അവർ നടപടിയെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതൊരു ലളിതമായ കാര്യമാണ്. ഒരു കുറ്റം നടന്നു, പോലീസ് കേസ് മുന്നോട്ട് കൊണ്ടുപോകണം. കോടതി അന്വേഷിച്ച് ശിക്ഷ തീരുമാനിക്കും. അവർ അനാവശ്യമായി ഡിഎംകെയെ ബന്ധിപ്പിക്കാൻ ശ്രമിക്കുകയാണ്,' ഇളങ്കോവൻ പറഞ്ഞു.

കേസിനായി ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കണമെന്നും വേഗത്തിലുള്ള വിചാരണയും നീതിയും ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എൽ. മുരുകൻ തമിഴ്നാട് സർക്കാരിനോട് ആവശ്യപ്പെട്ടു. 'ഒരു പരിഷ്‌കൃത സമൂഹത്തിൽ, ഇത്തരമൊരു പ്രവൃത്തിയെ നമുക്ക് വെച്ചുപൊറുപ്പിക്കാൻ കഴിയില്ല. വീരമണിയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരത്തിലുള്ള പ്രവൃത്തി ആരും സഹിക്കേണ്ട കാര്യമില്ല. 13-15 വയസ്സുള്ള കുട്ടികളെയാണ് അയാൾ പീഡിപ്പിച്ചത്. ഇത് ഇന്നത്തെ മാത്രം കാര്യമല്ലെന്നും തുടർച്ചയായി അയാൾ ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇതിന് പിന്നിലുള്ള ചില ഉദ്യോഗസ്ഥരെയും ചില രാഷ്ട്രീയ നേതാക്കളെയും തിരിച്ചറിയേണ്ടതുണ്ട്.' മുരുകൻ പറഞ്ഞു.

വീരമണിക്കെതിരെയുള്ള പോക്‌സോ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള വകുപ്പുകൾ പ്രകാരം 84-കാരനായ വീരമണിയെയും അദ്ദേഹത്തിന്റെ കൂട്ടാളികളെന്ന് ആരോപിക്കപ്പെടുന്ന ശാന്തി, മഹേന്ദ്ര സിംഹൻ എന്നിവരെയും 2026 ഓഗസ്റ്റ് 29-ന് പോലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത നിരവധി പെൺകുട്ടികളെ ഒരു വസതിയിലെത്തിച്ച് വീരമണി ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് കോടതിയിൽ ഹാജരാക്കിയ മൂന്ന് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

അറസ്റ്റിന് ശേഷം, തിരിച്ചറിഞ്ഞ ഇരകളുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുകയും ചെയ്തു. 2025-ൽ ഒരു സന്നദ്ധ സംഘടന (NGO) പ്രവർത്തകൻ നൽകിയ പരാതിയിൽ നിന്നാണ് ഈ കേസിന്റെ തുടക്കം. കൂട്ടാളിയായ ശാന്തിയുടെ വസതിയിൽവെച്ച് പ്രായമായ ഒരാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് വ്യക്തിവിവരം പുറത്തറിയിക്കാൻ താത്പര്യമില്ലാത്ത ഒരു വ്യക്തി തനിക്ക് കൈമാറിയെന്നാണ് പരാതിയിൽ പറയുന്നത്. 

സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (CCB) ആന്റി വൈസ് സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് വീഡിയോയിൽ ഉള്ളതായി സംശയിക്കപ്പെടുന്ന വ്യക്തി ജെം ഗ്രാനൈറ്റ്സ് (Gem Granites) അധ്യക്ഷൻ വീരമണിയാണെന്ന് തിരിച്ചറിഞ്ഞത്. ഇരയാക്കപ്പെട്ട പെൺകുട്ടി പീഡനസമയത്ത് പ്രായപൂർത്തിയാകാത്ത ആളായിരുന്നുവെന്ന് പോലീസ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുണ്ട്. വീരമണിയുടെ വീട്ടിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയ പോലീസ്, കേസുമായി ബന്ധപ്പെട്ട നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തു.

കേസിനെക്കുറിച്ചും മുൻപ് നടന്ന അന്വേഷണ രീതികളെക്കുറിച്ചും വിശദമായി അന്വേഷിക്കാൻ നാലംഗ പ്രത്യേക അന്വേഷണ സംഘത്തെ (S-IT) രൂപീകരിച്ചിട്ടുണ്ട്. കേസിലെ നിർണായക തെളിവുകൾ നശിപ്പിക്കാനും അന്വേഷണം തടസ്സപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി ചില ബിസിനസ് സ്ഥാപനങ്ങളും വീരമണിയും തമ്മിൽ പ്രധാന സാമ്പത്തിക ഇടപാടുകളും ഭൂമി കൈമാറ്റങ്ങളും നടന്നിട്ടുണ്ടോ എന്നും അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.