അമരാവതി: ടി.ഡി.പി അധികാരത്തിലേറിയതിന് പിന്നാലെ നാല് പ്രമുഖ ചാനലുകൾ സംപ്രേഷണം ചെയ്യുന്നത് അവസാനിപ്പിച്ച് ആന്ധ്രാപ്രദേശിലെ കേബിൾ ഓപ്പറേറ്റർമാർ. തെലു​ഗ് ചാനലുകളായ ടി.വി. 9, സാക്ഷി ടി.വി. എൻ ടി.വി., 10 ടി.വി. എന്നീ ചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച രാത്രി മുതൽ നിർത്തിവെച്ചത്. എന്നാൽ, കേബിൾ ഓപ്പറേറ്റർമാർക്ക് യാതൊരു വിധ നിർദേശവും നൽകിയിട്ടില്ലെന്നാണ് വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകുന്ന വിശദീകരണം. 

To advertise here,

ടി.ഡി.പി സർക്കാർ അധികാരത്തിലേറി ഇത് രണ്ടാം തവണയാണ് ചാനലുകൾ അപ്രത്യക്ഷമാകുന്നത്. ആന്ധ്ര മുൻ മുഖ്യമന്ത്രി ജ​ഗൻ മോഹ​ൻ റെഡ്ഡിയുടെ കുടംബവുമായി ബന്ധമുള്ള ഇന്ദിര ടെലിവിഷൻ ലിമിറ്റഡ് ആരംഭിച്ച ചാനലാണ് സാക്ഷി ടി.വി. പുതിയ സർക്കാർ അധികാരത്തിലേറിയതിന് പിന്നാലെ ചാനലുകളുടെ സംപ്രേഷണം തടയാൻ സമ്മർദമുണ്ടാകുന്നു എന്നാണ് വൈ.എസ്.ആർ.സി.പിയുടെ ആരോപണം. ഇത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്. 

എന്നാൽ, ടി.ഡി.പിയോ സംസ്ഥാനത്തെ ഏതെങ്കിലും എൻ.ഡി.എ നേതാക്കളോ സംപ്രേഷണം തടയുന്നതിനുള്ള നിർദേശം നൽകിയിട്ടില്ലെന്ന് ആന്ധ്ര ഐ.ടി. മന്ത്രി എൻ ലോകേഷ് നായിഡു പ്രതികരിച്ചു. പ്രധാനപ്പെട്ട ജോലികൾ ചെയ്യാനുണ്ടെന്നും ഇത്തരം നിസ്സാര കാര്യങ്ങൾക്ക് സമയം കളയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.