ആസംഗഢ് (ഉത്തർപ്രദേശ്): ഉത്തർപ്രദേശിലെ ആസംഗഢിൽ ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവെച്ചുകൊല്ലുകയും മൂന്ന് മക്കളെ ബന്ദിയാക്കുകയും ചെയ്തയാൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അഹ്രൗള സ്വദേശിയായ അർവിന്ദ്, ഭാര്യ ബബിത സിങ് (32), പൂജാരിമാരായ മഹേന്ദ്ര പഥക് (60), അഖിലേഷ് മിശ്ര (50) എന്നിവരാണ് കൊല്ലപ്പെട്ടത്. അഹ്രൗള പൊലീസ് സ്റ്റേഷൻ പരിധിയിലെ ശംഭൂപുർ ഗ്രാമത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

To advertise here,

ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെ വീടെത്തിയ അർവിന്ദ്, തന്റെ ഭാര്യ ബബിത സിങ്ങും അമ്മയും ചേർന്ന് മഹേന്ദ്ര പഥക്, അഖിലേഷ് മിശ്ര എന്നീ രണ്ട് പൂജാരിമാരുടെ നേതൃത്വത്തിൽ പൂജ നടത്തുന്നത് കണ്ടതാണ് തർക്കത്തിന് കാരണമായത്. മാനസികാസ്വസ്ഥതയും അക്രമവാസനയും പ്രകടിപ്പിച്ചിരുന്ന അർവിന്ദിന്റെ ബാധയൊഴിപ്പിക്കാനാണ് കുടുംബം പൂജ സംഘടിപ്പിച്ചതെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പ്രകോപിതനായ അർവിന്ദ് തന്റെ ലൈസൻസുള്ള തോക്കെടുത്ത് ഭാര്യയെയും രണ്ട് പൂജാരിമാരെയും വെടിവെച്ചുകൊല്ലുകയായിരുന്നു. 

തുടർന്ന് മൂന്ന് മക്കളെയും കൂട്ടി ഒരു മുറിയിൽ കയറി അർവിന്ദ് കതകടച്ചു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം വീട് വളഞ്ഞെങ്കിലും ഇയാൾ പുറത്തുവരാൻ കൂട്ടാക്കിയില്ല. അകത്തുനിന്ന് ഇയാൾ മകനുനേരെ വെടിയുതിർക്കുകയും മൂത്ത മകളെ കൊലപ്പെടുത്താനും ശ്രമിച്ചു. 

വരാണസി സോൺ അഡിഷണൽ ഡയറക്ടർ ജനറൽ (എഡിജിപി) നവീൻ അറോറ, ആസംഗഢ് എസ്എസ്പി ഡോ. അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്റ്റൺ ഗ്രനേഡുകളും കണ്ണീർവാതകവും ഉപയോഗിച്ച് വാതിൽ തകർത്താണ് പൊലീസ് സംഘം അകത്തുകടന്നത്. ഇതിനിടെ അർവിന്ദിനും വെടിയേറ്റു. നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെടിയേറ്റ അർവിന്ദും മകനും ആശുപത്രിയിൽ വെച്ച് മരണപ്പെട്ടു. രണ്ട് പെൺകുട്ടികളും സുഖം പ്രാപിച്ചുവരികയാണെന്നും സംഭവത്തിൻ്റെ മാനസികാഘാതത്തിലുമാണെന്ന് പൊലീസ് വ്യക്തമാക്കി.