ന്യൂഡൽഹി: 2026 ഒക്ടോബർ 15 മുതൽ യുപിഐ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകൾക്ക് പുതിയ മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡിആർ) ചട്ടങ്ങൾ പ്രാബല്യത്തിൽ വരികയാണ്. സാധാരണ വ്യാപാരികൾക്ക് 2,000 രൂപയ്ക്ക് മുകളിൽ യുപിഐ വഴി നൽകുന്ന തുകയ്ക്ക് 0.4 ശതമാനം എംഡിആർ നിരക്ക് ഈടാക്കുമ്പോൾ, ഇന്ത്യൻ റെയിൽവേയിലെ ടിക്കറ്റ് ബുക്കിങ്ങിനെ പ്രത്യേക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടെലികോം, ഇൻഷുറൻസ്, ഇന്ധനം, ഉപയോഗ സേവനങ്ങൾ എന്നിവയ്ക്കൊപ്പം റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിനും പ്രത്യേക ഇളവ് നൽകിയിട്ടുണ്ട്. ഇതോടെ 2,000 രൂപയ്ക്ക് മുകളിലുള്ള ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങുകൾക്ക് 0.4 ശതമാനത്തിന് പകരം ഇടപാടൊന്നിന് അഞ്ച് രൂപ എന്ന നിശ്ചിത എംഡിആർ നിരക്ക് മാത്രമേ ബാധകമാകൂ.

To advertise here,

എന്നാൽ, ഈ അഞ്ച് രൂപയുടെ അധിക നിരക്ക് യാത്രക്കാരുടെ തലയിൽ അടിച്ചേൽപ്പിക്കില്ലെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്. പേയ്‌മെന്റ് പ്രോസസ്സിങ് ചെലവായ എംഡിആർ റെയിൽവേ അല്ലെങ്കിൽ ഐ.ആർ.സി.ടി.സി (IRCTC) പോലുള്ള മർച്ചന്റുകളാണ് നൽകേണ്ടത്. ഈ നിരക്ക് ഉപഭോക്താക്കളിൽനിന്ന് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കേന്ദ്ര ധനകാര്യ മന്ത്രാലയം ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്. അതായത്, 3,000 രൂപ വിലയുള്ള ടിക്കറ്റ് യുപിഐ വഴി ബുക്ക് ചെയ്യുമ്പോൾ യാത്രക്കാരൻ 3,005 രൂപ നൽകേണ്ടതില്ല, 3,000 രൂപ തന്നെ നൽകിയാൽ മതിയാകും. എംഡിആർ തുകയായ അഞ്ചുരൂപ റെയിൽവേ അല്ലെങ്കിൽ ഐ.ആർ.സി.ടി.സിയാണ് നൽകേണ്ടത്.

അതേസമയം, 2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് നിലവിലുള്ളതുപോലെ എംഡിആർ നിരക്കുകൾ ബാധകമല്ല. വ്യക്തികൾ തമ്മിലുള്ള യുപിഐ പണമിടപാടുകൾ തുക എത്രയാണെങ്കിലും സൗജന്യമായി തന്നെ തുടരും. പുതിയ എംഡിആർ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതുകൊണ്ട് ട്രെയിൻ ടിക്കറ്റ് നിരക്കുകളിൽ വർധന ഉണ്ടാകില്ലെന്നും അധികൃതർ ഉറപ്പുനൽകുന്നുണ്ട്.