തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത പ്രതിവാര അവധി നൽകാൻ നിർദേശം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്എച്ച്ഒ) ഉൾപ്പെടെ എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും സേവനത്തിന്റെ അടിയന്തര ആവശ്യങ്ങൾക്ക് വിധേയമായി ഊഴമനുസരിച്ച് ആഴ്ചയിൽ ഒരു ദിവസം അവധി നൽകണമെന്നാണ് ക്രമസമാധാന വിഭാഗം എഡിജിപി ജില്ലാ പോലീസ് മേധാവികൾക്ക് നൽകിയ നിർദേശം.
പോലീസ് സ്റ്റേഷനുകളിൽ ആവശ്യമായ അംഗബലവും മേൽനോട്ടവും ഉറപ്പാക്കിയ ശേഷമായിരിക്കണം പ്രതിവാര അവധി ക്രമീകരിക്കേണ്ടതെന്നും ഉത്തരവിൽ പറയുന്നു. പൊതുസുരക്ഷയെയും അത്യാവശ്യ പോലീസ് പ്രവർത്തനങ്ങളെയും ബാധിക്കാത്ത വിധത്തിൽ അവധികൾ മുൻകൂട്ടി ഡ്യൂട്ടി റോസ്റ്ററിൽ ഉൾപ്പെടുത്തണം. എസ്എച്ച്ഒ പ്രതിവാര അവധിയെടുക്കുമ്പോൾ സ്റ്റേഷന്റെ ചുമതല മറ്റൊരു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥന് കൈമാറണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
കുട്ടികളുടെ ജന്മദിനം, വിവാഹവാർഷികം തുടങ്ങിയ പ്രധാന കുടുംബ അവസരങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്ക് അവധിയെടുക്കാനും നിർബന്ധമായും അനുമതി നൽകണമെന്നും നിർദേശമുണ്ട്. ഇത്തരം അവധികൾ സാധാരണഗതിയിൽ അനുവദിക്കണം. യഥാർഥ അടിയന്തര സാഹചര്യമോ ഒഴിവാക്കാനാവാത്ത ഡ്യൂട്ടി ആവശ്യകതയോ ഉണ്ടെങ്കിൽ മാത്രമേ അവധി നിരസിക്കാവൂ. അവധി നിരസിക്കുന്ന ഓരോ സാഹചര്യത്തിലും അതിനുള്ള വ്യക്തമായ കാരണം ബന്ധപ്പെട്ട അധികാരി രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്.
തുടർച്ചയായും സമ്മർദ്ദപൂർണമായ സാഹചര്യങ്ങളിലും ജോലി ചെയ്യേണ്ടിവരുന്ന പോലീസ് ഉദ്യോഗസ്ഥരുടെ ശാരീരിക-മാനസിക ക്ഷേമം ഉറപ്പാക്കുകയും ജോലി സംബന്ധമായ സമ്മർദ്ദം കുറയ്ക്കുകയും കുടുംബപിന്തുണ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനാണ് നടപടികളെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
Published: 23 Sept 2026, 01:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented