ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കും അവഗണനയ്ക്കുമെതിരെ കേരള സര്‍ക്കാര്‍ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നതിനിടെ മോദി സര്‍ക്കാരും പിണറായി സര്‍ക്കാരും തമ്മിലുള്ള ബന്ധം 'ഊഷ്മളമാക്കുന്നതിനുള്ള' ചര്‍ച്ചകളും സമാന്തരമായി പുരോഗമിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി വിമാനത്തില്‍വെച്ച് മൂന്ന് മണിക്കൂറോളം ചര്‍ച്ചനടന്നുവെന്നാണ് കഴിഞ്ഞദിവസം കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പറഞ്ഞത്. സമീപകാല ചരിത്രത്തില്‍ ഇത് ആദ്യമായി കേന്ദ്ര മന്ത്രിസഭയിലെ ഒരു സീനിയര്‍ അംഗം കീഴ് വഴക്കങ്ങള്‍ മാറ്റിവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന ഡല്‍ഹി കൊച്ചിന്‍ ഹൗസിലെ 'വേമ്പനാട്ട്' സ്യൂട്ടില്‍ എത്തി അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തി.

To advertise here,

തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിയിലേക്ക് തിങ്കളാഴ്ച നടത്തിയ വിമാനയാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ നടത്തിയ മൂന്ന് മണിക്കൂര്‍ ചര്‍ച്ചയെ 'ഫലപ്രദ'മെന്നാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വിശേഷിപ്പിച്ചത്. കേരളത്തില്‍നിന്നുള്ള എംപിമാര്‍ക്ക് കഴിഞ്ഞദിവസം ഡല്‍ഹിയില്‍വെച്ച് നടത്തിയ അത്താഴവിരുന്നിലാണ് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്.

താനും മുഖ്യമന്ത്രിയും തമ്മില്‍ നല്ല ബന്ധത്തിലാണെന്നും നേരില്‍ കണ്ടില്ലെങ്കിലും സംസ്ഥാനത്തിന്റെ വിഷയങ്ങൾ സംബന്ധിച്ച് ഫോണിൽ ആശയവിനിമയം നടത്താറുണ്ടെന്നും ഗവര്‍ണര്‍ എംപിമാരെ അറിയിച്ചു. കവടിയാറില്‍നിന്ന് പട്നയിലേക്ക് ആരിഫ് മുഹമ്മദ് ഖാന്‍ മാറ്റപ്പെട്ടതോടെ ക്ലിഫ് ഹൗസും രാജ് ഭവനും തമ്മിലുള്ള ബന്ധത്തിന്റെ പുതിയ മാനമാണ് ഗവര്‍ണര്‍ ആര്‍ലേക്കര്‍ പറഞ്ഞതെന്നാണ് പ്രതിപക്ഷ എംപിമാരുടെ വിലയിരുത്തല്‍.

സാധാരണഗതിയില്‍ മുഖ്യമന്ത്രിയോ സംസ്ഥാനത്തുനിന്ന് എത്തുന്ന മന്ത്രിമാരോ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളെ അവരുടെ ഓഫീസിലോ ഔദ്യോഗിക വസതിയിലോ പോയാണ് കാണുന്നത്. പാര്‍ലമെന്റുള്ള സമയമാണെങ്കില്‍ കൂടിക്കാഴ്ചകളില്‍ ചിലത് പാര്‍ലമെന്റ് ഹൗസിലും നടക്കാറുണ്ട്. എന്നാല്‍, ആ കീഴ് വഴക്കങ്ങള്‍ എല്ലാം മാറ്റിവെച്ചാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാസീതാരാമന്‍ ഇന്ന് കൊച്ചിന്‍ ഹൗസിലെ വേമ്പനാട്ട് സ്യൂട്ടില്‍ എത്തി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ എന്നിവര്‍ക്ക് പുറമെ കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതിയിലെ അംഗമാണ് നിര്‍മലാസീതാരാമന്‍. 

കൂടിക്കാഴ്ചയില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും ഉണ്ടായിരുന്നു. പല വിഷയങ്ങളിലും കേരള സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയായ നിര്‍മലാ സീതാരാമന്‍ മുഖ്യമന്ത്രിയെ അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് എത്തി കൂടിക്കാഴ്ച്ച നടത്തിയതില്‍ അസ്വാഭാവികത കാണുന്നവരും ഉണ്ട്. കേരള സര്‍ക്കാരിന്റെ പിആര്‍ഡി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ കൂടിക്കാഴ്ചയെ അനൗദ്യോഗികം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇതോടെ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പായി. 

എന്നാല്‍, നിര്‍മലാസീതാരാമനില്‍നിന്ന് മൃദുസമീപനം ഉണ്ടായാല്‍ സംസ്ഥാനത്തിന് കാര്യമായ ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ഈ സാമ്പത്തിക വര്‍ഷം കടന്നുപോകാനാകും. ഇനിയും സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഇരുപത് ദിവസത്തോളമുണ്ട്. കടപരിധി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയുടെ മുഖ്യ ശില്‍പികളില്‍ ഒരാളായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാമിന്റെ ഡല്‍ഹിയിലെ ഇന്നത്തെ അസാന്നിധ്യവും ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ഒരു വര്‍ഷം വിവിധ കേന്ദ്ര ഏജന്‍സികളുടെ നിരന്തരമായ ശല്യമാണ് സംസ്ഥാനസര്‍ക്കാര്‍ നേരിട്ടത്. എന്നാല്‍, മാറുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനുമേല്‍ കേന്ദ്ര ഏജന്‍സികളുടെ ശല്യം കുറഞ്ഞേക്കാം എന്നാണ് പ്രതിപക്ഷം കരുതുന്നത്.