കൊൽക്കത്ത: ശ്വാസകോശത്തിൽ കുടുങ്ങിയ കാന്തം പ്രത്യേക കാന്തംകൊണ്ട് പുറത്തെടുത്ത് ആറുവയസ്സുകാരന്റെ ജീവൻ രക്ഷിച്ച് കൊൽക്കത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ. സാധാരണ ഉപയോഗിക്കുന്ന ശസ്ത്രക്രിയാ ഉപകരണങ്ങൾ ഉപയോഗിച്ച് പലതവണ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ കഴിയാതിരുന്ന കാന്തമാണ് വ്യത്യസ്തമായൊരു വഴിയിലൂടെ ഡോക്ടർമാർ നീക്കംചെയ്തത്.
ബദുരിയ സ്വദേശിയായ ആറുവയസ്സുകാരൻ അറഫാത്ത് അലിയുടെ ശസ്ത്രക്രിയയാണ് ഒടുവിൽ വിജയംകണ്ടത്. തുടർച്ചയായ ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്ന് അമ്മ കുട്ടിയെ കൊൽക്കത്ത മെഡിക്കൽ കോളേജിലെ ഇഎൻടി വിഭാഗത്തിലെത്തിക്കുകയായിരുന്നു. സിടി സ്കാനിലും എക്സ്‌റേയിലും കുട്ടിയുടെ വലത് ശ്വാസകോശത്തിൽ ചെറിയ കാന്തം കുടുങ്ങിയതായി കണ്ടെത്തി. തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്രോങ്കോസ്കോപ്പിയിലൂടെ കാന്തം പുറത്തെടുക്കാൻ ഡോക്ടർമാർ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഫോഴ്‌സെപ്‌സ് ഉപയോഗിച്ച് നാലുതവണ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും കാന്തത്തിൽ പിടിത്തം ലഭിച്ചില്ല. ഓരോ തവണയും കാന്തം വഴുതിപ്പോയതോടെ ശ്രമം ദുഷ്ക്കരമായി. കുട്ടിക്ക് ശ്വസിക്കാൻ ബദൽ മാർഗമൊരുക്കുന്നതിനായി ട്രക്കിയോസ്‌റ്റമി നടത്തുകയായിരുന്നു.
തുടർന്നാണ് നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയയായ തൊറാക്കോട്ടമി നടത്തുന്നതിനായി ഡോക്ടർമാർ ആലോചിച്ചത്. എന്നാൽ, കുട്ടിക്ക് ആവശ്യമായ പീഡിയാട്രിക് ഐസിയു സൗകര്യം അവിടെ ലഭ്യമായിരുന്നില്ല.
ഇതിനിടെ, ശ്വാസകോശത്തിൽ കുടുങ്ങിയ കാന്തത്തെ മറ്റൊരു ശക്തിയേറിയ കാന്തം ഉപയോഗിച്ച് പുറത്തെടുക്കാമെന്ന ആശയം ഡോക്ടർമാർക്കിടയിൽ ഉയർന്നു. തുടർന്ന് ഡോ. ദിപ്താൻഷു മുഖോപാധ്യായ മാനിക്തലയിലെത്തുകയും അവിടെയുള്ള സ്ഥാപനത്തിലെ പ്രഭാകർ കരാർ എന്ന ലെയ്ത്ത് പണിക്കാരനോട് സഹായം അഭ്യർഥിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യസ്ഥിതിയും പ്രതിസന്ധിയും ഡോക്ടർ വിശദീകരിച്ചു. ശ്വാസകോശത്തിൽ കാന്തം കുടുങ്ങിയതിന്റെ എക്സ്‌റേ ചിത്രവും കാണിച്ചുകൊടുത്തു.
കുട്ടിയുടെ ശ്വാസകോശത്തിലുള്ളത് കളിപ്പാട്ടങ്ങളിൽ ഉപയോഗിക്കുന്നതുപോലെയുള്ള താരതമ്യേന ശക്തി കുറഞ്ഞ കാന്തമാണെന്ന് പ്രഭാകർ കരാർ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ലോഹനിർമിതമായ ഫോഴ്‌സെപ്‌സ് ഉപയോഗിച്ച് കാന്തം പിടിച്ചെടുക്കാൻ കഴിയാതിരുന്നതെന്നും വിലയിരുത്തി. മെഡിക്കൽ ഉപകരണത്തിന്റെ അഗ്രത്തിൽ ഘടിപ്പിക്കാവുന്ന കൂടുതൽ ശക്തിയുള്ള കാന്തം നിർമിച്ചാൽ പ്രശ്നം പരിഹരിക്കാനാകുമെന്ന് അദ്ദേഹം നിർദേശിച്ചു. പ്രഭാകർ പ്രത്യേക കാന്തം നിർമിച്ചുനൽകി.
ഡോക്ടർമാർ വ്യാഴാഴ്ച ഉച്ചയോടെ വീണ്ടും ശസ്ത്രക്രിയയ്ക്ക് തയ്യാറെടുത്തു. ഡോ. സൗമേന്ദ്രനാഥ് ബാനർജിയുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. പ്രത്യേകം നിർമിച്ച കാന്തം മെഡിക്കൽ ഉപകരണത്തിന്റെ അഗ്രത്തിൽ ഘടിപ്പിച്ച് ശ്വാസകോശത്തിൽ കുടുങ്ങിയ വസ്തുവിന് സമീപമെത്തിക്കുകയായിരുന്നു. കാന്തത്തിന്റെ ആകർഷണശക്തിയിൽ കുടുങ്ങിക്കിടന്ന വസ്തു ഉപകരണത്തിലേക്ക് പറ്റിച്ചേർന്നു. മൂന്നുദിവസത്തോളമായി 13 തവണ നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ശ്വാസകോശത്തിൽ കുടുങ്ങിക്കിടന്ന കാന്തം പുറത്തെടുക്കാനായത്.
ശസ്ത്രക്രിയയ്ക്കുശേഷം അറഫാത്തിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കുട്ടി നിരീക്ഷണത്തിലാണ്. ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രഭാകർ കരാർ പ്രതികരിച്ചു.
Content Highlights: A 6-year-old boy had a magnet stuck in his right lung, causing severe cough and breathing trouble., Conventional surgical tools failed to extract the slippery magnet after multiple attempts., A local craftsman created a custom high-powered magnet attached to medical equipment., Doctors successfully removed the object and moved the child to the ICU for recovery.
Published: 06 Nov 2026, 11:57 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented