
ഡൽഹി: വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്നും അതിന്റെ ലംഘനം ജാമ്യം അനുവദിക്കാനുള്ള കാരണമായി മാറുമെന്നും സുപ്രീം കോടതി. സുഖ്‌വീന്ദർ സിങ് കേസിൽ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധിയെ ചോദ്യംചെയ്തുകൊണ്ടാണ് സുപ്രീം കോടതി സുപ്രധാന നിരീക്ഷണം നടത്തിയത്. എൻ.ഡി.പി.എസ് ആക്ടിലെ കർശനമായ ജാമ്യവ്യവസ്ഥകളെ മറികടക്കാൻ, വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശത്തിന് കഴിയില്ലെന്ന വിധിയെയാണ് സുപ്രീം കോടതി ചോദ്യംചെയ്തത്.
ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് സുഖ്‌വീന്ദർ സിങ് കേസിലെ വിധി, മുൻ കേസുകളിലുണ്ടായ വിധികളോ ഭരണഘടനാ തത്വങ്ങളോ ശ്രദ്ധിക്കാതെ പുറപ്പെടുവിച്ചതാണെന്ന് കണ്ടെത്തിയത്. എൻ.ഡി.പി.എസ് ആക്ട് പോലുള്ള പ്രത്യേക നിയമങ്ങൾ ബാധകമാകുന്ന കേസുകളിൽ, വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം, കർശനമായ ജാമ്യവ്യവസ്ഥയുടെ പരിധികൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമേ വിനിയോഗിക്കാവൂ എന്നായിരുന്നു വിധി. വിചാരണ നീണ്ടുപോകുന്നു എന്നത് മാത്രം പരിഗണിച്ച് ജാമ്യവ്യവസ്ഥകളെ മറികടക്കാനാവില്ലെന്നും വിധിയിൽ സൂചിപ്പിച്ചിരുന്നു.
കർശനമായ ജാമ്യവ്യവസ്ഥകളുള്ള നിയമങ്ങൾ ബാധകമായ കേസുകളിൽ പോലും, വിചാരണ നീണ്ടുപോകുന്നതായി കണ്ടാൽ കോടതികൾക്ക് ജാമ്യം അനുവദിക്കാമെന്ന് നേരത്തെയുണ്ടായ കെ.എ. നജീബ് കേസിൽ വ്യക്തമാക്കിയിരുന്നു. വേഗത്തിലുള്ള വിചാരണയ്ക്കുള്ള അവകാശം ഒരു മൗലികാവകാശമാണെന്നും അതിന്റെ ലംഘനം ജാമ്യം അനുവദിക്കാനുള്ള കാരണമായി മാറുമെന്നും സുഖ്‌വീന്ദർ സിങ് കേസ് പരിഗണിച്ച കോടതി അടിവരയിട്ടു പറഞ്ഞു.
"ഒന്നാമതായി, ഭരണഘടനയുടെ അനുച്ഛേദം 21 നൽകുന്ന അവകാശങ്ങൾ വെറുമൊരു ഭരണഘടനാ അവകാശങ്ങൾ മാത്രമല്ല, അവ മൗലികാവകാശങ്ങളാണ്. അനുച്ഛേദം 21-ൽ ഉൾപ്പെടുത്തിയിട്ടുള്ള ജീവനും വ്യക്തിസ്വാതന്ത്രത്തിനുമുള്ള അവകാശം നമ്മുടെ ഭരണഘടനാ തത്വങ്ങളുടെ കാതലായ ഭാഗമാണ്. പ്രത്യേക നിയമങ്ങൾക്ക് കീഴിൽ പോലും ഈ മൗലികാവകാശങ്ങളെ നിസ്സാരമായി കാണാനോ ലംഘിക്കാനോ സാധിക്കില്ല," എന്ന് സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
രണഘടനാ വ്യവസ്ഥകളും എൻ.ഡി.പി.എസ്, യു.എ.പി.എ, പി.എം.എൽ.എ തുടങ്ങിയ പ്രത്യേക നിയമങ്ങളും തമ്മിൽ എന്തെങ്കിലും വൈരുദ്ധ്യമുണ്ടായാൽ, ഭരണഘടനാ വ്യവസ്ഥയ്ക്കാണ് മുൻഗണന ലഭിക്കുകയെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
പി.എം.എൽ.എ, എൻ.ഡി.പി.എസ് ആക്ട്, യു.എ.പി.എ തുടങ്ങിയ കർശനനിയമങ്ങൾ ബാധകമാകുന്ന കേസുകളിൽ, വിചാരണ വൈകുന്നത് കൊണ്ട് ജാമ്യം അനുവദിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ സുപ്രീം കോടതിയിലെതന്നെ വിവിധ ബെഞ്ചുകൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ വിധി വന്നിരിക്കുന്നത്. ഈ വിഷയം ഇപ്പോൾ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്.
സുഖ്‌വീന്ദർ സിങ് കേസ്
ലഹരിമരുന്ന് കേസുകളിലെ ജാമ്യവ്യവസ്ഥയുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച നിർണായക വിധി പ്രസ്താവത്തിനും വ്യാപകമായ ചർച്ചകൾക്കും വഴിയൊരുക്കിയ കേസാണിത്. 2024 ജനുവരി 10-ന് പഞ്ചാബിലെ തർൻ താരൻ ജില്ലയിലെ വീരം ഗ്രാമത്തിന് സമീപംവെച്ച് സുഖ്‌വീന്ദർ സിങ്ങും ഡ്രൈവറും സഞ്ചരിച്ച മഹീന്ദ്ര എക്സ്.യു.വി 300 കാർ പോലീസ് തടയുകയും വാഹനത്തിൽനിന്ന് 1.465 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുക്കുകയും ചെയ്തു.
പ്രതികളെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്കയച്ചു. രണ്ട് വർഷത്തോളം പ്രതികൾ ജയിലിൽ കഴിഞ്ഞിട്ടും കേസിൻ്റെ വിചാരണ വളരെ പതുക്കെയാണ് നടന്നത്. ലഹരിമരുന്ന് വിരുദ്ധ നിയമപ്രകാരം, ഇത്രയും വലിയ തുകയ്ക്കുള്ള ഹെറോയിൻ വാണിജ്യ അളവായാണ് പരിഗണിക്കപ്പെടുന്നത്. ഇന്ത്യൻ നിയമപ്രകാരം ഇതിന് കടുത്ത ശിക്ഷയും കർശനമായ ജാമ്യവ്യവസ്ഥകളുമാണുള്ളത്. ഇത്തരം കേസുകളിൽ വിചാരണ വൈകുന്നു എന്ന ഒറ്റക്കാരണം കൊണ്ട് പ്രതിക്ക് എളുപ്പത്തിൽ ജാമ്യം നൽകാൻ കഴിയില്ലെന്ന് വിധി വന്നു.
എന്നാൽ, ഏത് കടുത്ത നിയമങ്ങളേക്കാളും മുകളിലാണ് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശവും പൗരാവകാശവുമെന്ന് ഈ കേസിൽ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനകം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന വ്യവസ്ഥ ലംഘിച്ചാൽ പ്രത്യേക നിയമങ്ങളുടെ കർശന വ്യവസ്ഥകൾ അപ്രസക്തമാകുമെന്നും കോടതി പറഞ്ഞു.
Content Highlights: Supreme Court questioned the two-judge bench ruling in the Sukhwinder Singh case regarding NDPS bail conditions., Emphasized that the right to a speedy trial under Article 21 is a fundamental right., Stated that constitutional provisions override special acts like NDPS, UAPA, and PMLA in case of conflict., The matter regarding bail due to delayed trials under strict laws is currently before a larger bench.
Published: 06 Nov 2026, 10:53 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented