
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഐ.ടി വിഭാഗത്തിന്റെ പ്രവർത്തനച്ചുമതലയിൽ മാറ്റംവരുത്തിയതിനു പിന്നാലെ വകുപ്പിന്റെ ഡയറക്ടർ ജനറൽ സീമ ഖന്നയുടെ റിപ്പോർട്ടിങ് സംവിധാനത്തിൽ വ്യക്തതവരുത്തി കമ്മിഷൻ. സീനിയർ ഉദ്യോഗസ്ഥനായ ഡോ. പവൻ കുമാർ ശർമയുടെ നിയന്ത്രണത്തിലായിരിക്കും ഐ.ടി വിഭാഗമെന്നും പവൻ കുമാർ വഴിയാണ് സീമ ഖന്ന തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് ഫയലുകൾ സമർപ്പിക്കേണ്ടതെന്നും നവംബർ നാലിലെ പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ബുധനാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്.
ജൂലൈ 28-ന് സീനിയർ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ മനീഷ് ഗാർഗ് പുറപ്പെടുവിച്ച ഉത്തരവ് നേരത്തേ വിവാദമായിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാരും ഉൾപ്പെടുന്ന കമ്മിഷന് സീമ ഖന്ന നേരിട്ട് റിപ്പോർട്ട് ചെയ്യണമെന്നായിരുന്നു നിർദേശം. ഖന്നയുടെ മുൻ റിപ്പോർട്ടിങ് ഓഫീസറായിരുന്ന ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ സഞ്ജയ് കുമാറിനെ ഡൽഹി സർക്കാരിലേക്ക് സ്ഥലംമാറ്റിയതിനു പിന്നാലെയായിരുന്നു ഈ തീരുമാനം. തിരഞ്ഞെടുപ്പ് കമ്മിഷണർമാരായ എസ്.എസ്. സന്ധുവും വിവേക് ജോഷിയും ഉത്തരവിന്റെ നിയമസാധുതയിലും ഭരണപരമായ സുതാര്യതയിലും ആശങ്കയറിയിക്കുകയും ശക്തമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനേ തുടർന്ന് ഉത്തരവ് മരവിപ്പിച്ചു. സംഭവത്തിൽ ഇരുവരും കാബിനറ്റ് സെക്രട്ടറിക്ക് രഹസ്യമായി കത്തയച്ചിരുന്നു.
ജൂലൈ 28-ലെ ഉത്തരവ് നടപ്പാക്കാത്തതിനാൽ സഞ്ജയ് കുമാറിന്റെ സ്ഥലംമാറ്റത്തിനുശേഷം മനീഷ് ഗാർഗിന്റെ മേൽനോട്ടത്തിലായിരുന്നു ഖന്ന പ്രവർത്തിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണറായി ചുമതലയേറ്റ രാജ് പുരോഹിതിനായിരിക്കും ഇനി ഖന്ന റിപ്പോർട്ട് ചെയ്യുകയെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇതോടെ, ഐ.ടി വിഭാഗത്തിന്റെ ചുമതലയിൽനിന്ന് മനീഷ് ഗാർഗിനെ ഒഴിവാക്കി. പകരം, തിരഞ്ഞെടുപ്പ് ആസൂത്രണം, ഇ.വി.എം, ഇ.ഡി.എം.ഡി എന്നീ വിഭാഗങ്ങളുടെ ചുമതലകളും ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളുടെ മേഖലാ ചുമതലയും ഗാർഗിനായിരിക്കും.
ദേശീയ ഇൻഫർമാറ്റിക്സ് സെന്ററിൽനിന്ന് തിരഞ്ഞെടുപ്പ് കമ്മിഷനിലെത്തിയ ഉദ്യോഗസ്ഥയാണ് സീമ ഖന്ന. ഡിജിറ്റൽ വോട്ടർപട്ടിക സംവിധാനത്തിലെ പ്രശ്നങ്ങളും തിരഞ്ഞെടുപ്പ് സോഫ്റ്റ്‌വെയർ സംവിധാനങ്ങളിലെ നിയന്ത്രണങ്ങളും സംബന്ധിച്ച വിവാദങ്ങളിൽ ഇവർ ഉൾപ്പെട്ടിരുന്നു.
Content Highlights: Manish Garg removed from the charge of the Election Commission's IT wing., Dr. Pawan Kumar Sharma is given control over the IT department., Seema Khanna will now report through Dr. Pawan Kumar Sharma and Raj Purohit., Previous July 28 order by Manish Garg faced strong opposition from Election Commissioners.
Published: 06 Nov 2026, 01:19 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented