ന്യൂഡൽഹി: റിലീസിനൊരുങ്ങുന്ന ഷാരൂഖ് ഖാൻ ചിതം കിങ്ങിന് നേർക്ക് രാജ്യവ്യാപക ബഹിഷ്‌കരണ ഭീഷണിയുമായി ബിജെപി എംഎൽഎ. ഡൽഹിയിലെ പട്പർഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ രവി നേഗിയാണ് ഭീഷണിയുമായി രംഗത്തെത്തിയത്. കിങ് സിനിമയിൽ നടി ദീപികാ പദുക്കോൺ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ചുനിൽക്കുന്ന രംഗം നീക്കംചെയ്യണമെന്നാണ് എംഎൽഎയുടെ ആവശ്യം.

To advertise here,

ചിത്രത്തിലെ ‘തൂ മിൽ ജായേ’ എന്ന ഗാനം കഴിഞ്ഞദിവസം പുറത്തെത്തിയിരുന്നു. ഇതിൽ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിച്ച് ദീപിക നൃത്തം ചെയ്യുന്നത് കാണാം. ഇതാണ് ബഹിഷ്‌കരണ ഭീഷണിക്ക് വഴിവെച്ചത്. ഷാരൂഖ് ഖാൻ, സീൻ നീക്കംചെയ്യാത്തപക്ഷം കിങ് സിനിമയെ ദേശവ്യാപകമായി ബഹിഷ്‌കരിക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുമെന്ന് രവി പറഞ്ഞു.

ഷാരൂഖ് ഖാനെതിരേയും രൂക്ഷവിമർശനമാണ് രവി നേഗി നടത്തിയത്. ഷാരൂഖ് ഖാൻ ഈ രാജ്യത്തുനിന്ന് പണം സമ്പാദിക്കുകയും ഈ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. ദീപികയെ കരുവായി ഉപയോഗിക്കുകയാണ്, രവി നേഗി ആരോപിച്ചു. 2023-ൽ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ ചിത്രം പഠാനിൽ ദീപിക, ഓറഞ്ച് നിറത്തിലുള്ള ബിക്കിനി ധരിച്ചത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.