ന്യൂഡൽഹി: സർക്കാരിന്റെ ആരോപണങ്ങൾ ചർച്ചചെയ്യാൻ പാർലമെന്റിൽ സംവാദം നടത്താമെന്ന രാഹുൽ ഗാന്ധിയുടെ വെല്ലുവിളിക്ക് പിന്തുണയുമായി കോൺഗ്രസ് എംപി ശശി തരൂർ. പാർലമെന്റ് വീണ്ടും സമ്മേളിക്കണമെന്നും തരൂർ ആവശ്യപ്പെട്ടു. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാഹുൽ ഗാന്ധിയെ പാർലമെന്റിൽ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. ആരോപണങ്ങളിൽ സത്യമുണ്ടെങ്കിൽ തെരുവുകളിൽ പ്രസംഗിക്കുന്നതിന് പകരം, വിഷയം പാർലമെന്റിലെത്തി ചർച്ചചെയ്യണമെന്നായിരുന്നു ഷായുടെ ആവശ്യം. സർക്കാരിന്റെ പ്രതികരണം നേരിടാൻ രാഹുൽ ഗാന്ധിക്ക് കഴിയില്ലെന്നും അമിത് ഷാ പരിഹസിച്ചിരുന്നു.
എസ്ഐആർ നടപടികൾ കൈകാര്യംചെയ്ത രീതി സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരെയും തരൂർ വിമർശനമുന്നയിച്ചു. കമ്മിഷന്റെ നടപടികളിൽ ചട്ടവിരുദ്ധമായ ഇടപെടലുകളും വീഴ്ചകളും ഉണ്ടായിട്ടുണ്ടെന്നാണ് ആരോപണം. പ്രതിപക്ഷത്തിന്റെ ആശങ്കകൾ ശരിവെക്കുന്ന തരത്തിലുള്ളതാണ് സുപ്രീം കോടതിയിലെ വാദങ്ങളെന്നും തരൂർ കൂട്ടിച്ചേർത്തു.
ഫോം ആറിൽനിന്ന് എസ്ഐആർ ഡീ ലിങ്ക് ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തെ ഏറ്റവും വലിയ വീഴ്ചകളിലൊന്നായാണ് തരൂർ വിശേഷിപ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ ചട്ടങ്ങളിലും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിലും അനധികൃത മാറ്റങ്ങൾ വരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. കൂട്ടത്തോടെ ഫോം ഏഴ് സംബന്ധിച്ച പരാതികൾ സമർപ്പിക്കാൻ അനുവദിച്ചതിന്റെ ഫലമായി നിരവധി പേർക്ക് വോട്ടവകാശം നിഷേധിക്കപ്പെട്ടതായും തരൂർ പറഞ്ഞു.
എസ്ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ച തെറ്റായ തീരുമാനങ്ങൾ തിരുത്തണമെന്നും അതിന്റെ ഫലമായി അർഹരായ വോട്ടർമാർക്കുണ്ടായ നഷ്ടം പരിഹരിക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് തരൂർ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ രാജി മാത്രമല്ല, തെറ്റായ നടപടികൾ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽനിന്ന് 11.3 കോടി പേരുകളുടെ പേരുകൾ നീക്കംചെയ്തതായും തരൂർ ആരോപിച്ചു. കമ്മിഷൻ ചില തീരുമാനങ്ങൾ പിൻവലിച്ചത് സ്വാഗതാർഹമാണെങ്കിലും നേരത്തെയുണ്ടായ നടപടികളുടെ പ്രത്യാഘാതങ്ങളും തിരുത്തേണ്ടതുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടുകൊള്ള ആരോപണങ്ങളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനവും സംബന്ധിച്ച് കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയ ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് തരൂരിന്റെ പ്രതികരണം.
നരേന്ദ്ര മോദിയുമായി പരസ്യ സംവാദത്തിന് തയ്യാറാണെന്ന് രാഹുൽ ഗാന്ധി മുമ്പ് വ്യക്തമാക്കിയിരുന്നു. അഞ്ച് മിനിറ്റിനുള്ളിൽ പ്രധാനമന്ത്രി രാജ്യദ്രോഹിയാണെന്ന് തെളിയിക്കാനാകുമെന്നായിരുന്നു രാഹുലിന്റെ അവകാശവാദം.
വോട്ടുകൊള്ള ആരോപണങ്ങളിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ആവശ്യപ്പെട്ടു. അതേസമയം, പാർലമെന്റാണ് ഇത്തരം ചർച്ചകൾക്കുള്ള ഉചിതമായ വേദിയെന്നും പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള ഉത്തരവാദിത്വം രാഹുൽ ഗാന്ധി നിറവേറ്റണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു
Content Highlights: Shashi Tharoor backed Rahul Gandhi's challenge to debate government allegations in Parliament., Tharoor criticized the Election Commission over SIR procedures and the deletion of 11.3 crore voter names., Demanded correction of flawed election commission decisions and restoration of voting rights for eligible citizens.
Published: 06 Nov 2026, 10:07 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented