
ചെന്നൈ: തമിഴ്‌നാട്ടിലെ സി. ജോസഫ് വിജയ് സർക്കാരിൽ 23 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. ടിവികെയിൽനിന്ന് 21 പേരും കോൺഗ്രസിൽനിന്ന് രണ്ടുപേരുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞചെയ്തത്. വ്യാഴാഴ്ച ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരിച്ചതിന് പിന്നാലെ മേയ് പത്തിന് മുഖ്യമന്ത്രിയായി വിജയ്‌യും ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതിനുപിന്നാലെയാണ് വിജയ് മന്ത്രിസഭ വിപുലീകരിച്ചത്.
സർക്കാരിന് പിന്തുണ നൽകുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും ടിവികെ മന്ത്രിസ്ഥാനം വാഗ്ദാനംചെയ്തിരുന്നു. രാജേഷ് കുമാർ, പി. വിശ്വനാഥൻ എന്നിവരാണ് വിജയ് സർക്കാരിലെ കോൺഗ്രസ് മന്ത്രിമാർ. അഞ്ചുപതിറ്റാണ്ടിനുശേഷമാണ് തമിഴ്‌നാട്ടിൽ കോൺഗ്രസിന് മന്ത്രിമാരുണ്ടാകുന്നത്.
ശ്രീനാഥ്, എസ്. കാമാലി, സി. വിജയലക്ഷ്മി, ആർ.വി. രഞ്ജിത്കുമാർ, വിനോദ്, രാജീവ്, ബി. രാജ്കുമാർ, വി. ഗാന്ധിരാജ്, പി. മഥൻരാജ, കെ. ജഗദീശ്വരി, എം. വിജയ് ബാലാജി, ലോകേഷ് തമിഴ്‌സെൽവൻ, എ. വിജയ് തമിഴൻ പാർത്ഥിപൻ, രമേശ്, ആർ. കുമാർ, കെ. തെന്നരശ്, വി. സമ്പത്ത് കുമാർ, ജെ. മുഹമ്മദ് ഫർവാസ്, ഡി. ശരത്കുമാർ, എൻ. മേരി വിൽസൺ, കെ. വിഘ്‌നേഷ് എന്നിവരാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്ത ടിവികെ മന്ത്രിമാർ.
കോൺഗ്രസിന് പുറമേ സർക്കാരിനെ പിന്തുണയ്ക്കുന്ന മുസ്‌ലിംലീഗിനും വിസികെയ്ക്കും മുഖ്യമന്ത്രി ജോസഫ് വിജയ് മന്ത്രിസ്ഥാനം വാഗ്ദാനംചെയ്തിട്ടുണ്ട്. എന്നാൽ, ഇരുപാർട്ടികളും ആരെ മന്ത്രിയാക്കണമെന്നതിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. വൈകാതെ ലീഗിന്റെയും വിസികെയുടെയും അംഗങ്ങളും മന്ത്രിസഭയുടെ ഭാഗമാകും.
ആകെ 234 നിയമസഭാംഗങ്ങളുള്ള തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭയിൽ 36 അംഗങ്ങൾ വരെയാകാം. നിലവിൽ മുഖ്യമന്ത്രിയും 32 മന്ത്രിമാരുമാണ് സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റത്. ഇനി മൂന്ന് മന്ത്രിമാർക്ക് കൂടി അവസരമുണ്ട്. ഇതിൽ ലീഗും വിസികെയും മന്ത്രിമാരെ തീരുമാനിച്ചാൽ മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 35 ആകും.
Content Highlights: 23 new ministers sworn into Joseph Vijay's cabinet., Includes 21 TVK members and 2 Congress representatives., First time in 50 years Congress holds ministerial positions in Tamil Nadu., Cabinet expansion follows initial formation on May 10th., Future slots open for Muslim League and VCK members.
Published: 21 May 2026, 11:41 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented