
ലുധിയാന: പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ പ്രതിഷേധിച്ച ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവ്‌നീത് സിങ് ബിട്ടു പോലീസ് കസ്റ്റഡിയിൽ. മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ മദ്യക്കുപ്പിയും തക്കാളിയും കോഴിമുട്ടകളും ഉയർത്തിക്കാട്ടി പഞ്ചാബ് കാർഷിക സർവകലാശാലയ്ക്ക് മുന്നിലാണ് പ്രതിഷേധിച്ചത്. പഞ്ചാബിനെ ഡൽഹിയിലിരുന്ന് അരവിന്ദ് കെജ്രിവാളിന് കൊള്ളയടിക്കാൻ അനുവദിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിക്ക് കുടിച്ച് ആസ്വദിക്കാനായി ഈ മദ്യക്കുപ്പി നൽകുകയാണെന്ന് ബിട്ടു പരിഹസിച്ചു.
കഴിഞ്ഞദിവസം ബി.ജെ.പിയുടെ ‘നഷാ മുക്ത് പഞ്ചാബ് യാത്ര’യുടെ ഉദ്ഘാടനത്തിനായി പോകുന്നതിനിടെ തന്റെ വാഹനവ്യൂഹത്തിനുനേരെ എറിയപ്പെട്ട അതേ സാധനങ്ങൾതന്നെയാണ് ഇവയെന്ന് അവകാശപ്പെട്ടാണ് ബിട്ടു മുട്ടയും തക്കാളിയും ഉയർത്തിക്കാട്ടിയത്. എ.എ.പി. പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നും വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തിയെന്നും ബിട്ടു ആരോപിച്ചെങ്കിലും, എ.എ.പി. ഇത് നിഷേധിച്ചു. ഇതിന് മറുപടിയായായിരുന്നു മുട്ടയും തക്കാളിയും ഉയർത്തിക്കാട്ടിയത്. ബി.ജെ.പി. നേതാക്കൾക്കും യാത്രകൾക്കുമെതിരേ പ്രതിഷേധിച്ചാൽ പഞ്ചാബ് സർക്കാർ നേതൃത്വത്തിനെതിരേ ബി.ജെ.പി. പ്രവർത്തകരും ജനാധിപത്യരീതിയിൽ പ്രതിഷേധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരിപാടികൾക്കും ഓഫീസുകൾക്കും മുന്നിൽ സമാധാനപരമായ പ്രതിഷേധങ്ങൾ തുടരുമെന്ന് ബിട്ടു അറിയിച്ചു. സംഭവത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത ബിട്ടുവിനെ പോലീസ് ഉടൻതന്നെ വിട്ടയച്ചു. തുടർന്ന് പഞ്ചാബ് കാർഷിക സർവകലാശാലയിൽ നിശ്ചയിച്ചിരുന്ന മുഖ്യമന്ത്രിയുടെ പരിപാടി തടസ്സങ്ങളില്ലാതെ പൂർത്തിയായി.
Content Highlights: BJP leader Ravneet Singh Bittu was detained by Punjab Police outside PAU in Ludhiana., Bittu staged a protest as CM Bhagwant Mann's convoy passed, holding a liquor bottle, eggs, and tomatoes., The protest was in retaliation to an alleged attack on Bittu's convoy by AAP supporters near Batala.
Published: 19 Sept 2026, 05:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented