
കൊൽക്കത്ത: മമത ബാനർജി വിഭാഗം തൃണമൂൽ കോൺഗ്രസിന്റെ റജിനഗർ നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥി റബിയുൾ ആലം ചൗധരി പിന്മാറ്റ പ്രഖ്യാപനം നടത്തി മണിക്കൂറുകൾക്കകം നിലപാട് മാറ്റി മത്സരരംഗത്ത് തിരിച്ചെത്തി. മമതാ ബാനർജിയുമായി സംസാരിച്ച ശേഷമാണ് സ്ഥാനാർഥിത്വം പിൻവലിക്കുന്നതായി അദ്ദേഹം ആദ്യം അറിയിച്ചിരുന്നത്. പാർട്ടി പേരും ചിഹ്നവും സംബന്ധിച്ച് നിലനിൽക്കുന്ന നിയമപോരാട്ടവും പ്രവർത്തകർ നേരിടുന്ന ഭീഷണികളുമാണ് പിന്മാറ്റത്തിന് കാരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നത്.
പുതിയ ചിഹ്നം വോട്ടർമാർക്ക് തിരിച്ചറിയാൻ പ്രയാസമായിരിക്കുമെന്നും മമതയോട് സംസാരിച്ചപ്പോൾ അനുയോജ്യമെന്ന് തോന്നുന്ന തീരുമാനമെടുക്കാൻ നിർദേശിച്ചെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സ്ഥാനാർഥിത്വം പിൻവലിക്കാൻ ആരുടേയും ഭീഷണിയോ സമ്മർദമോ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പക്ഷേ, പാർട്ടി പ്രവർത്തകർക്ക് താഴെത്തട്ടിൽ ഭീഷണി നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം മാറ്റിയതോടെ ശനിയാഴ്ചമുതൽ മണ്ഡലത്തിൽ പ്രചാരണം ആരംഭിക്കും. പ്രചാരണത്തിനായി മമതതന്നെ മണ്ഡലത്തിലെത്തിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.
നന്ദിഗ്രാം മണ്ഡലത്തിലെ മമത വിഭാഗത്തിന്റെ സ്ഥാനാർഥി സഞ്ജിത പ്രധാൻ ദേയ് നാമനിർദേശപ്പത്രിക പിൻവലിച്ചതിന് തൊട്ടടുത്ത ദിവസമാണ് റജിനഗറിലും നാടകീയ നീക്കങ്ങൾ അരങ്ങേറിയത്. സഞ്ജിത പ്രധാൻ മുഖ്യമന്ത്രി സുവേന്ദു അധികാരിയെക്കണ്ട ശേഷമായിരുന്നു മത്സരത്തിൽനിന്ന് പിന്മാറിയത്. ഇതോടെ മണ്ഡലത്തിൽ മമത വിഭാഗം കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് പിന്തുണ പ്രഖ്യാപിച്ചു.
എന്നാൽ ഇരുപാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ ധാരണയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെ 19 വർഷം പഴക്കമുള്ള ഒരു കൊലപാതകക്കേസിൽ മിലൻ പ്രധാനെ പശ്ചിമ ബംഗാൾ പോലീസ് അറസ്റ്റു ചെയ്തു. ഈ അറസ്റ്റ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. ബി.ജെ.പി. ജനാധിപത്യത്തെ കൊലചെയ്യുകയാണെന്ന് രാഹുൽ ഗാന്ധിയും അറസ്റ്റിന്റെ സമയത്തെ ചോദ്യംചെയ്ത് മമതാ ബാനർജിയും രംഗത്തെത്തി. എന്നാൽ മിലൻ പ്രധാനെതിരേയുള്ളത് കൊലപാതകം, ആയുധ നിയമം എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ കേസുകളാണെന്നാണ് ബി.ജെ.പി. ചൂണ്ടിക്കാട്ടുന്നത്.
നന്ദിഗ്രാം, റജിനഗർ എന്നീ രണ്ട് മണ്ഡലങ്ങളിൽ ഒക്ടോബർ ആറിനാണ് ഉപതിരഞ്ഞെടുപ്പ്. ഒക്ടോബർ 9-ന് വോട്ടെണ്ണും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽനിന്നും ഒരേ സമയം വിജയിച്ച ജനപ്രതിനിധികൾക്ക് ഒരു സീറ്റ് രാജിവയ്ക്കേണ്ട സാഹചര്യമുണ്ടായതോടെയാണ് രണ്ടിടത്തും ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. നിലവിലെ മുഖ്യമന്ത്രി സുവേന്ദു അധികാരി നന്ദിഗ്രാം, ഭവാനിപുർ എന്നീ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ച് ജയിച്ചു. സുവേന്ദു ഭവാനിപുർ നിലനിർത്തിയതോടെയാണ് നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് ആവശ്യമായത്. ആം ജനതാ ഉന്നായൻ പാർട്ടി (എ.ജെ.യു.പി.) നേതാവായ ഹുമയൂൺ കബീർ, റജിനഗർ, ഗൗഡ എന്നീ രണ്ട് മണ്ഡലങ്ങളിൽനിന്ന് ജനവിധി തേടിയിരുന്നു. രണ്ടിടങ്ങളിലും ജയിച്ച അദ്ദേഹം ഗൗഡ നിലനിർത്തിയതോടെയാണ് റജിനഗറിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
തൃണമൂൽ കോൺഗ്രസ് മമത ബാനർജി പക്ഷം, ഋതബ്രത ബാനർജി പക്ഷം എന്നിങ്ങനെ പിളർന്നിരിക്കുന്ന പശ്ചാത്തലത്തിൽക്കൂടിയാണ് ഉപതിരഞ്ഞെടുപ്പ്. ജനവിധി മുന്നിൽക്കണ്ട് രണ്ട് വിഭാഗവും പാർട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും തങ്ങൾക്ക് വേണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. ഇതോടെ കമ്മിഷൻ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന പേരും പരമ്പരാഗത ചിഹ്നമായ ‘പൂക്കളും പുല്ലും’ ചിഹ്നവും ഉപയോഗിക്കുന്നതിൽനിന്ന് ഇരുവിഭാഗങ്ങളേയും വിലക്കി. നേതൃതലത്തിലെ തർക്കം പരിഹരിക്കുന്നതുവരെ പേരും ചിഹ്നവും രണ്ടുകൂട്ടരും ഉപയോഗിക്കാൻ പാടില്ലെന്നാണ് കമ്മിഷൻ അറിയിച്ചിരിക്കുന്നത്.
പിന്നാലെ മമതയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'ഫുട്ബോൾ താരം' പുതിയ തിരഞ്ഞെടുപ്പ് ചിഹ്നമായും, മമത ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് എന്ന് പുതിയ പേരും നൽകി. ഋതബ്രതയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 'ഡെമക്രാറ്റിക് തൃണമൂൽ കോൺഗ്രസ്' എന്ന പേരും കവർ (Envelope) ചിഹ്നവും നൽകി. ഇരുവിഭാഗത്തിനും പശ്ചിമ ബംഗാൾ, മേഘാലയ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ അംഗീകൃത രാഷ്ട്രീയപ്പാർട്ടിയായി പ്രവർത്തിക്കാം.
Content Highlights: Rabiul Alam Chowdhury reversed his decision and will contest the Rejinagar Assembly bypoll., The reversal follows initial concerns over the EC-ordered freeze on the TMC name and symbol.
Published: 19 Sept 2026, 03:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented