ന്യൂഡൽഹി: ഇരുപത് വർഷത്തിനുശേഷമാണ് വോട്ടർപട്ടിക തീവ്ര പരിഷ്കരണം (എസ്‌ഐആർ) നടക്കുന്നതെന്നും അതുകൊണ്ട് സാങ്കേതിക നടപടിക്രമങ്ങളിൽ ഒരുപാട് ഇടപെടാനാകില്ലെന്നും സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിലെ എസ്‌ഐആർ നടപടികളെ ചോദ്യംചെയ്തുള്ള ഹർജികളിൽ അന്തിമ വാദത്തിനിടെയായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റെ വാക്കാലുള്ള നിരീക്ഷണം.
എസ്‌ഐആർ എല്ലാവർഷവുമുള്ള നടപടിയായി മാറ്റാനാകില്ല. ഇതിപ്പോൾ 20 വർഷത്തിനുശേഷമാണ് നടത്തുന്നതെന്ന് മനസ്സിലാക്കണം. അതുകൊണ്ടാണ് സാങ്കേതിക നടപടിക്രമങ്ങളിൽ കോടതിക്ക് ഒരുപാട് ഇടപെടാനാകാത്തതെന്നും ബെഞ്ച് പറഞ്ഞു.
വോട്ടർമാരെ സംശയത്തോടെ നോക്കുന്ന സംശയാലുക്കളായ അയൽക്കാരെയും പോലീസുകാരെയുംപോലെ തിരഞ്ഞെടുപ്പ് കമ്മിഷൻ പെരുമാറരുതെന്ന് തമിഴ്നാട്ടിൽ നിന്നുള്ള ഹർജിക്കാരുടെ അഭിഭാഷകൻ രാജു രാമചന്ദ്രൻ വാദിച്ചു. ദ്രുതഗതിയിലുള്ള നഗരവത്‌കരണം, കുടിയേറ്റം തുടങ്ങിയവ ബിഹാറിന്റെ പശ്ചാത്തലത്തിൽ ഉള്ളതാണെന്നും അവ കാരണമാക്കി തമിഴ്നാട് പോലുള്ള സംസ്ഥാനത്ത് എങ്ങനെ എസ്ഐആർ നടത്തുമെന്നും അദ്ദേഹം ചോദിച്ചു. കുടിയേറ്റമെന്നാൽ ആഭ്യന്തര കുടിയേറ്റം മാത്രമായി കാണേണ്ടതില്ലെന്നും വിദേശത്തേക്കുള്ള കുടിയേറ്റവും അതിന്റെ പരിധിയിൽ വരുമെന്നും ബെഞ്ച് പറഞ്ഞു. വിഷയത്തിൽ പുതിയ ഹർജികൾ സ്വീകരിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് കോടതി രജിസ്ട്രിക്ക് നിർദേശം നൽകി. തുടർവാദം ഡിസംബർ 16-ന് നടക്കും.
Content Highlights: Supreme Court states limited intervention possible in the intensive voter list revision after 20 years. Hear the latest updates.
Published: 12 Dec 2025, 07:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented