ന്യൂഡൽഹി: ദീപാവലി സീസണിൽ വിമാന ടിക്കറ്റ് നിരക്ക് 700 ശതമാനംവരെ വർധിച്ചതിനെതിരായ ഹർജി അടിയന്തരമായി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. നിരക്ക് വർധന ചൂണ്ടിക്കാട്ടിയ ഹർജിക്കാരനോട് 'എങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട' എന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു.

To advertise here,

ഉത്സവ സീസണുകളിലെ കഴുത്തറപ്പൻ വിമാന നിരക്കുകൾ നിയന്ത്രിക്കണമെന്നും ടിക്കറ്റ് നിരക്കിന് ഒരു പരിധി നിശ്ചയിക്കാൻ സർക്കാരിന് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് എസ്. ലക്ഷ്മിനാരായണൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയാണ് കോടതിക്ക് മുന്നിലെത്തിയത്. ദീപാവലി സമയത്ത് നിരക്കുകൾ 700 ശതമാനംവരെ വർധിച്ചുവെന്ന് ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ അഭിനവ് ചൂണ്ടിക്കാട്ടി. വിമാന യാത്ര ഒരു അവശ്യ സേവനമാണെന്നും ഇത്തരത്തിലുള്ള നിരക്ക് വർധന ഭരണഘടനയുടെ 14-ാം അനുച്ഛേദത്തിന്റെ ലംഘനമാണെന്നും അദ്ദേഹം വാദിച്ചു. ഇതിനെ തുടർന്ന് "എങ്കിൽ വിമാനത്തിൽ യാത്ര ചെയ്യേണ്ട, അടുത്ത കേസ് വിളിക്കൂ" എന്ന് ജസ്റ്റിസ് വിക്രം നാഥ് പ്രതികരിച്ചു. ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് അപരേശ് സിങ് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

ഉത്സവ സമയങ്ങളിൽ യാത്രക്കാരെ ചൂഷണം ചെയ്യുന്നതാണ് വിമാനക്കമ്പനികളുടെ ഈ നടപടിയെന്ന് ഹർജിയിൽ പറയുന്നു. ഡൽഹി-കൊൽക്കത്ത റൂട്ടിൽ സാധാരണ പതിനായിരം രൂപയുള്ള ടിക്കറ്റിന് നവംബർ ആറിന് 78,694 രൂപവരെ ഈടാക്കുന്നതായി ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്ധനവിലയുടെ പേര് പറഞ്ഞാണ് വിമാനക്കമ്പനികൾ ഈ കൊള്ള നടത്തുന്നത്. എന്നാൽ ഒരേ റൂട്ടിൽ ഒരേ ദിവസം സർവീസ് നടത്തുന്ന വിമാനങ്ങൾക്ക് വളരെ വ്യത്യസ്തമായ നിരക്കാണ് ഈടാക്കുന്നത്. ഉദാഹരണത്തിന്, നവംബർ ആറിന് പുലർച്ചെ 5 മണിക്കുള്ള ബെംഗളൂരു-ഡൽഹി വിമാനത്തിന് 15,901 രൂപയാണെങ്കിൽ, വൈകുന്നേരം 3:45 നുള്ള വിമാനത്തിന് 40,506 രൂപയാണ് നിരക്ക്. ഡൽഹി-മുംബൈ നിരക്ക് 5,223 രൂപയിൽ നിന്നും 26,793 രൂപയായി കുതിച്ചുയർന്നു.

ടിക്കറ്റ് നിരക്കിന് പുറമേ, ഇക്കോണമി ക്ലാസിലെ സൗജന്യ ലഗേജ് അലവൻസ് 25 കിലോയിൽ നിന്ന് 15 കിലോയായി വെട്ടിക്കുറച്ചതും യാത്രക്കാർക്ക് വലിയ തിരിച്ചടിയാണെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. ദീപാവലിക്ക് ട്രെയിൻ ടിക്കറ്റുകൾ ആഴ്ചകൾക്ക് മുൻപേ തീരുന്നതിനാൽ നാട്ടിലേക്ക് പോകാൻ വിമാനയാത്ര മാത്രമാണ് യാത്രക്കാർക്ക് ആശ്രയം. ഈ സാഹചര്യത്തിലാണ് വിമാനക്കമ്പനികൾ യാത്രക്കാരെ പിഴിയുന്നത്. എയർക്രാഫ്റ്റ് നിയമത്തിലെ റൂൾ 135 പ്രകാരം ടിക്കറ്റ് നിരക്കുകൾ നിയന്ത്രിക്കാൻ അധികൃതർക്ക് അധികാരമുണ്ടെന്നും, എന്നാൽ സർക്കാരിന്റെ മൗനം ഈ കൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നതാണെന്നും ഹർജിയിൽ വിമർശിച്ചിരുന്നു. ഹർജിയിലെ അടിയന്തര ഇടപെടൽ കോടതി നിരസിച്ചതോടെ, കേസ് മുൻ നിശ്ചയിച്ച പ്രകാരം നവംബർ 16-ന് വീണ്ടും പരിഗണിക്കും.