ന്യൂഡൽഹി: എസ്.ഐ.ആറിൽ ഇന്ത്യ സഖ്യത്തെയും കോൺഗ്രസിനെയും കടന്നാക്രമിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിജെപി രാജ്യവ്യാപകമായി നടത്തുന്ന 'ജനാധിപത്യം സംരക്ഷിക്കൂ, അരാജകത്വം അകറ്റൂ' (ലോകതന്ത്ര ബച്ചാവോ, അരാജക്താ ഹട്ടാവോ) പ്രചാരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച ഹൈദരാബാദിൽ നടന്ന റാലിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് നയിക്കുന്നത് വോട്ട് സംരക്ഷിക്കാനുള്ള റാലിയല്ലെന്നും നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കുന്നതിനുള്ള റാലിയാണെന്നും അമിത് ഷാ ആരോപിച്ചു.
'നമുക്ക് ജനാധിപത്യം സംരക്ഷിക്കാം - അരാജകത്വം അവസാനിപ്പിക്കാം' എന്ന മുദ്രാവാക്യത്തോടെയാണ് ഹൈദരാബാദിൽ മാർച്ച് നടന്നത്. 'വോട്ട് ചോർച്ച' ആരോപിച്ചും വോട്ടർ പട്ടിക പരിഷ്‌കരണത്തിലെ ആശങ്കകൾ ഉന്നയിച്ചും ഞായറാഴ്ച ഡൽഹിയിലെ രാംലീല മൈതാനിയിൽ 'ഇന്ത്യ' സഖ്യം നടത്തിയ റാലിയെ അദ്ദേഹം പരാമർശിച്ചുകൊണ്ടാണ് അമിത് ഷാ പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചത്.
'ഇന്നലെ ഡൽഹിയിൽ ആർ.ജി. (രാഹുൽ ഗാന്ധി) ഒരു റാലി നടത്തിയിരുന്നു. അത് 'വോട്ട് ബച്ചാവോ' റാലിയാണെന്നാണ് അവർ പറഞ്ഞത്, എന്നാൽ അത് 'ഘുസ്പതിയാ ബച്ചാവോ' (നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കൂ) റാലിയായിരുന്നു.' വോട്ടർ പട്ടികയിൽ നിന്നും രാജ്യത്തുനിന്നും ഓരോ നുഴഞ്ഞുകയറ്റക്കാരെയും ബിജെപി പുറത്താക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇന്ന് ഹൈദരാബാദിലെ റോഡുകളിൽ ആയിരക്കണക്കിന് ആളുകളാണ് അണിനിരന്നിരിക്കുന്നത്. ഇന്നലെ ഡൽഹിയിലും ഒരു റാലി നടന്നു. രാഹുൽ ജി ഒരു റാലി നടത്തി. അത് വോട്ട് സംരക്ഷിക്കാനുള്ള റാലിയാണെന്നാണ് അവർ അവകാശപ്പെട്ടത്. എന്നാൽ അത് 'വോട്ട് ബച്ചാവോ' റാലിയല്ല, മറിച്ചു 'നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കൂ' എന്ന റാലിയായിരുന്നു.' അമിത് ഷാ ആരോപിച്ചു.
വോട്ടർ പട്ടികയിലെ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷനെ കോൺഗ്രസ് എതിർക്കുന്നത് നുഴഞ്ഞുകയറ്റക്കാർ അവരുടെ വോട്ട് ബാങ്കിന്റെ ഭാഗമായതുകൊണ്ടാണെന്നും എന്ന് ഷാ ആവർത്തിച്ചു. എസ്.ഐ.ആർ. നടപടിയെ ബിജെപി ശക്തമായി പിന്തുണയ്ക്കുന്നുവെന്നും ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ ഈ രാജ്യത്ത് വോട്ട് ചെയ്യാൻ അവകാശമുള്ളൂ എന്നാണ് പാർട്ടിയും സർക്കാരും വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
13 കോടി വോട്ടുകൾ നീക്കം ചെയ്തുവെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അവകാശവാദത്തിന് മറുപടിയായി, അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ആരോപിച്ച ഷാ, ഈ ഒഴിവാക്കലുകൾ വിശദീകരിക്കാനായി കണക്കുകളും മുന്നോട്ടുവെച്ചു; 6.5 കോടി: മറ്റ് സ്ഥലങ്ങളിലേക്ക് മാറിയവർ, 2.5 കോടി: മരിച്ചുപോയവർ, 1 കോടി: ഡൂപ്ലിക്കേറ്റ്‌സ്, 3 കോടി: നിലവിലില്ലാത്ത ആളുകൾ.
കണക്ക് പ്രകാരം, ലിസ്റ്റിൽനിന്ന് ഒഴിവാക്കപ്പെട്ട ഈ മൂന്ന് കോടി പേരുകൾ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടേതാണ് എന്ന് ആരോപിച്ച ഷാ, എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി അവരെ ഒഴിവാക്കാൻ ആഗ്രഹിക്കാത്തതെന്നും ചോദ്യമുയർത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി 2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പുകളിൽ ജയിച്ചത് SIR ഇല്ലാതെയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ്, വോട്ടർ പട്ടിക പരിഷ്‌കരണത്തെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ വിമർശനങ്ങളെ അമിത് ഷാ ചോദ്യംചെയ്തത്.
മഹാരാഷ്ട്ര, ഹരിയാണ, ഡൽഹി, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങളെ പരാമർശിച്ച അദ്ദേഹം, പാർട്ടിക്ക് വലിയ ജനവിധിയാണ് ലഭിച്ചതെന്നും പറഞ്ഞു. പാർലമെന്റ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും അദ്ദേഹം രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ് സംഘടിപ്പിച്ച മോക്ക് പാർലമെന്റിനെ പരാമർശിച്ച ഷാ, രാഹുൽ ഗാന്ധിക്ക് യഥാർത്ഥ പാർലമെന്റിൽ പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്നും മോക്ക് പാർലമെന്റിൽ മാത്രമേ അത് സാധിക്കൂ എന്നും പരിഹസിച്ചു.
രാഹുൽ ഗാന്ധി പാർലമെന്റ് നടപടികൾ തുടർച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച അമിത് ഷാ, ചർച്ചകളിൽ പങ്കെടുക്കാൻ അദ്ദേഹത്തെ വെല്ലുവിളിക്കുകയും ചെയ്തു, 'ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു. ഒരു 'പ്രത്യേക പാർലമെന്റ് സമ്മേളനം' വിളിച്ചുചേർക്കാൻ ഞങ്ങൾ തയ്യാറാണ്. വന്ന് ചർച്ചയിൽ പങ്കെടുക്കൂ.'
ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളെ കുറിച്ചുള്ള കോൺഗ്രസിന്റെ വിമർശനങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. യന്ത്രങ്ങളിൽ വിശ്വാസമില്ലെങ്കിൽ വിവിധ സംസ്ഥാനങ്ങളിൽ പാർട്ടിക്ക് എങ്ങനെ സർക്കാരുകൾ രൂപീകരിക്കാൻ കഴിഞ്ഞുവെന്നും ഷാ ചോദിച്ചു. 'നിങ്ങൾക്ക് ഇവിഎമ്മുകളിൽ വിശ്വാസമില്ലെങ്കിൽ രേവന്ത് റെഡ്ഡി എങ്ങനെ മുഖ്യമന്ത്രിയായി? കേരളത്തിലും തമിഴ്നാട്ടിലും ഹിമാചൽ പ്രദേശിലും നിങ്ങൾ എങ്ങനെ സർക്കാരുകൾ രൂപീകരിച്ചു?' അദ്ദേഹം ചോദിച്ചു.
ഭരണത്തിലിരുന്ന 10 വർഷത്തിനിടെ കോൺഗ്രസ് 12 ലക്ഷം കോടി രൂപയുടെ അഴിമതികളിൽ പങ്കാളികളായതായും അമിത് ഷാ ആരോപിച്ചു. കോൺഗ്രസ് ദിനംപ്രതി ചുരുങ്ങിക്കൊണ്ടിരിക്കുകയാണ് എന്ന് പരിഹസിച്ച ഷാ, 'അത് 'വെന്റിലേറ്ററിലുള്ള പാർട്ടി'യാണ് എന്നാണ് വിശേഷിപ്പിച്ചത്. വോട്ടർ പട്ടിക പരിഷ്‌കരണത്തെക്കുറിച്ചും 'വോട്ട് ചോർച്ച' ആരോപണങ്ങളെക്കുറിച്ചും കോൺഗ്രസ് നയിക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് മറുപടിയായാണ് ബിജെപി 'ലോകതന്ത്ര ബച്ചാവോ, അരാജക്താ ഹട്ടാവോ' എന്ന രാജ്യവ്യാപക പ്രചാരണം ആരംഭിച്ചത്.
ജനാധിപത്യ സ്ഥാപനങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെയും SIR നടപടികളെക്കുറിച്ചും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും അസ്വസ്ഥതകൾ സൃഷ്ടിക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് ബിജെപി ആരോപിച്ചു. ജനാധിപത്യം, തിരഞ്ഞെടുപ്പ് നിഷ്പക്ഷത, വോട്ടവകാശം, ഭരണഘടനാ സ്ഥാപനങ്ങളിലുള്ള ജനവിശ്വാസം എന്നിവ സംരക്ഷിക്കാനുള്ള ശ്രമമായാണ് ബിജെപി ഈ പ്രചാരണത്തെ വിശേഷിപ്പിക്കുന്നത്.
Content Highlights: Amit Shah criticized the Congress and INDIA alliance, accusing them of protecting infiltrators rather than safeguarding votes, during a BJP rally in Hyderabad as part of the "Protect Democracy, Remove Anarchy" campaign. Shah refuted Rahul Gandhi's claims about voter list revisions, presenting statistics to counter allegations of voter deletions, and questioned Congress's stance on infiltrators. Shah challenged Congress's criticisms of EVMs and accused the party of corruption, while asserting BJP's commitment to protecting democratic institutions and electoral integrity.
Published: 02 Nov 2026, 07:24 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented