ന്യൂഡൽഹി: അടുത്തവർഷമാദ്യം നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന അഞ്ചു സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ 'മഹാ ശുദ്ധീകരണം’. പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിനു (എസ്.ഐ.ആർ.) ശേഷം പുറത്തുവിട്ട കണക്കനുസരിച്ച് ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ്, മണിപ്പുർ എന്നീ സംസ്ഥാനങ്ങളിലായി 13.24 ശതമാനം വോട്ടർമാർ കുറഞ്ഞു. ആകെ വോട്ടർമാരുടെ എണ്ണം 18.71 കോടിയിൽനിന്ന് 16.43 കോടിയായി ചുരുങ്ങി. 2.29 കോടിയോളം വോട്ടർമാരാണ് പട്ടികയിൽനിന്ന് തുടച്ചുമാറ്റപ്പെട്ടത്.

To advertise here,

രാജ്യത്തെ ഏറ്റവും വലിയ വോട്ടുബാങ്കായ ഉത്തർപ്രദേശിലാണ് ഏറ്റവും വലിയ വെട്ടൽ. ആകെ ഒഴിവാക്കപ്പെട്ട വോട്ടർമാരിൽ 90 ശതമാനവും യു.പി.യിലാണ്. വോട്ടർപട്ടിക പുതുക്കലിന് മുൻപ് 15.44 കോടിയായിരുന്ന വോട്ടർമാർ, അന്തിമ പട്ടിക വന്നപ്പോൾ 13.40 കോടിയായി. 2.04 കോടി വോട്ടർമാരാണ് ഇവിടെ അപ്രത്യക്ഷമായത്.

ഉത്തരാഖണ്ഡിലെ വോട്ടർമാർ 80 ലക്ഷത്തിൽനിന്ന് 72 ലക്ഷമായി കുറഞ്ഞു (10.07% കുറവ്). ഗോവയിൽ 11.85 ലക്ഷത്തിൽനിന്ന് 10.58 ലക്ഷമായും (10.76%) പഞ്ചാബിൽ 2.15 കോടിയിൽനിന്ന് 2.01 കോടിയായും (6.34%) മണിപ്പുരിൽ 20.9 ലക്ഷത്തിൽനിന്ന് 19.6 ലക്ഷമായും (6.33%) വോട്ടർമാർ കുറഞ്ഞു. അന്തിമപട്ടികയിൽ കരട് പട്ടികയേക്കാൾ വോട്ടർമാർ കുറഞ്ഞ ഏക സംസ്ഥാനമായി ഗോവ.

പഞ്ചാബിൽ 2.15 കോടിയിൽനിന്ന് 2.01 കോടിയായി കുറഞ്ഞെങ്കിലും കരടുപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ടവരിൽ 34% പേരും തിരികെയെത്തി. 403 അംഗ ഉത്തർപ്രദേശ് നിയമസഭയുടെ കാലാവധി അടുത്തവർഷം മേയ് 22-നും, മണിപ്പുർ, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ സഭകളുടെ കാലാവധി 2027 മാർച്ചിലും അവസാനിക്കും. കാലാവധി തീരുന്നതിന് ആറുമാസം മുൻപുവരെ തിരഞ്ഞെടുപ്പ് നടത്താൻ കമ്മിഷന് അധികാരമുണ്ട്.