
ന്യൂഡൽഹി : സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസി നിയമനത്തിലെ സമവായ ചർച്ചകൾ സംബന്ധിച്ച് സുപ്രീംകോടതിയിൽ വ്യക്തത വരുത്തി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി. ചർച്ചകൾക്കായി മുഖ്യമന്ത്രിയെ വിളിച്ചത് ചാൻസലറാണെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം ചാൻസലറായ ഗവർണർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ മുഖ്യമന്ത്രി തന്നെ വന്നുകാണുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് വസ്തുതാവിരുദ്ധമാണെന്ന് സംസ്ഥാനസർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത കോടതിയിൽ വ്യക്തമാക്കിയിരുന്നു.
ചാൻസലറുടെ സത്യവാങ്മൂലത്തിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങളിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും, സ്റ്റാൻഡിങ് കോൺസൽ സി. കെ. ശശിയും കോടതിയുടെ അനുമതി തേടിയിരുന്നു. ഗവർണറുടെ സത്യവാങ്മൂലം ഫയലിൽ സ്വീകരിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടു. വിസി നിയമനത്തിൽ സമവായം ഉണ്ടായതിനാൽ മറ്റുകാര്യങ്ങളിലൊന്നും ഇനി പ്രസക്തിയില്ലെന്ന് ജസ്റ്റിസുമാരായ ജെ. ബി. പർഡിവാല, കെ. വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സർക്കാരിനുവേണ്ടി സീനിയർ അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാന്റിംഗ് കോൺസൽ സി. കെ. ശശി, അഭിഭാഷക മീന കെ. പൗലോസ് എന്നിവർ ഹാജരായി.
സാങ്കേതിക സർവ്വകലാശാലയിൽ സിസ തോമസിനെയും ഡിജിറ്റൽ സർവ്വകലാശാലയിൽ സജി ഗോപിനാഥിനെയും, വൈസ് ചാൻസലർമാരായി നിയമിക്കാനുള്ള തീരുമാനത്തോട് യോജിക്കുന്നതായി സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. യോഗ്യരായവരെയാണ് വിസിമാരായി നിയമിച്ചത്. എന്നാൽ സുപ്രീം കോടതിയുടെ അനുമതിയോടെ ആകണമായിരുന്നു നിയമന ഉത്തരവ് പുറത്തിറക്കേണ്ടിയിരുന്നതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
സ്ഥിരം വൈസ് ചാൻസലർമാർ ഇല്ലാതെ സർവ്വകലാശാലക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെയും രക്ഷകർത്താക്കളുടെയും ഭാവി കണക്കിലെടുത്താണ് തങ്ങൾ ഈ വിഷയത്തിൽ ഇടപെട്ടത്. രാജ്യത്തിന്റെ ഭാവി കണക്കിലെടുത്ത് ഗവർണറും, മുഖ്യമന്ത്രിയും ഭാവിയിൽ ചർച്ചകൾ നടത്തണമെന്നും കോടതി അഭിപ്രായപ്പെട്ടു. ചാൻസലർക്കായി അറ്റോർണി ജനറലിന് പുറമെ അഭിഭാഷകൻ വെങ്കിട്ട സുബ്രമണ്യവും ഹാജരായി.
ജസ്റ്റിസ് സുധാൻഷു ധുലിയയുടെ റിപ്പോർട്ട് മുദ്രവെച്ച കവറിൽ കോടതിയിൽ
സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് ജസ്റ്റിസ് സുധാൻഷു ധുലിയ സുപ്രീം കോടതിക്ക് 16- ആം തീയതി കൈമാറിയിരുന്നു. മുദ്രവെച്ച കവറിലാണ് റിപ്പോർട്ട് കൈമാറിയത്. എന്നാൽ ഈ റിപ്പോർട്ട് സുപ്രീം കോടതി ഇന്ന് പരിഗണിച്ചില്ല. ചാൻസലറും സംസ്ഥാന സർക്കാരും തമ്മിൽ സമവായം ഉണ്ടായ സാഹചര്യത്തിലാണ് മുദ്രവെച്ച കവർ കോടതി പരിഗണിക്കാത്തത്.
Content Highlights: Supreme Court gets clarity on VC appointments for Technical & Digital Universities. Attorney General explains CM`s meeting with Chancellor.
Published: 18 Dec 2025, 12:01 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented