പുണെ: അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ വിമർശിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പതിവെന്ന് കേന്ദ്രആഭ്യന്തരന്ത്രി അമിത് ഷാ. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയാൽ കോൺഗ്രസിന് ഒരിക്കലും അധികാരം ലഭിക്കില്ല. അധികാരമാണ് നിങ്ങൾക്ക് വേണ്ടതെങ്കിൽ വിദേശയാത്രകൾ നിർത്തി ഇന്ത്യയിലെ ഗ്രാമങ്ങൾ സന്ദർശിക്കണം. എങ്കിൽ ഒരുപക്ഷേ നിങ്ങളുടെ ഊഴം വന്നേക്കാം. എന്നാൽ, ഈരീതിയിൽ തുടർന്നാൽ അടുത്ത 30 വർഷത്തേക്ക് കോൺഗ്രസിന്റെ ഊഴം വരില്ലെന്ന് അമിത് ഷാ പറഞ്ഞു.

To advertise here,

തുടർച്ചയായി മൂന്നുതവണ തോറ്റതിന്റെ നിരാശ കോൺഗ്രസ് പാർട്ടി വിവിധ രീതികളിൽ തീർക്കുകയാണ്. കോൺഗ്രസ് പാർട്ടി ഹൈദരാബാദിൽ ഒരു സമ്മേളനം സംഘടിപ്പിച്ചു. കോൺഗ്രസിന്റെ യുവരാജാവും അവിടെ പോയിരുന്നു. അവർ അതിന് 'ഭാരത് ഉച്ചകോടി' എന്നാണ് പേരിട്ടത്. അതേസമയം, അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യ വിരുദ്ധ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച് ലോകമെമ്പാടും ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണ് രാഹുൽ.

പാർട്ടി നേതാക്കന്മാരുടെ പ്രകടനത്തെ ആശ്രയിച്ചാണ് തിരഞ്ഞെടുപ്പുകളിൽ ഒരു പാർട്ടി ജയിക്കുന്നതും തോൽക്കുന്നതും. പത്ത് വർഷം നിങ്ങൾക്ക് അവസരം തന്നു, എന്നാൽ 12 ലക്ഷം കോടി രൂപയുടെ അഴിമതിയും തട്ടിപ്പുമാണ് നിങ്ങൾ ചെയ്തത്. അതുകൊണ്ടാണ് ഈ രാജ്യത്തെ ജനങ്ങളെ നിങ്ങളെ ഡൽഹിയിൽനിന്ന് കൈപിടിച്ച് പുറത്താക്കി പകരം നരേന്ദ്രമോദിയെ അധികാരത്തിലെത്തിച്ചത്. കഴിഞ്ഞ 12 വർഷത്തിനിടെ അഴിമതിയുടെയോ തട്ടിപ്പിന്റെയോ നാലണ പൈസയുടെ ആരോപണം പോലും നേരിട്ടില്ലാത്ത നേതാവാണ് അദ്ദേഹം. കോൺഗ്രസ് നേതാക്കളെ കാണുമ്പോൾ ഇത് നിങ്ങൾ അവരോട് ചോദിക്കണം, ഷാ പറഞ്ഞു.

അന്താരാഷ്ട്ര വേദികളിൽ ഇന്ത്യയെ അപകീർത്തിപ്പെടുത്തിയാൽ നിങ്ങൾക്ക് അധികാരം ലഭിക്കില്ല. നിങ്ങൾക്ക് അധികാരമാണ് വേണ്ടതെങ്കിൽ, വിദേശയാത്രകൾ നിർത്തി ഇന്ത്യയിലെ ഗ്രാമങ്ങൾ സന്ദർശിക്കാൻ തുടങ്ങൂ. എങ്കിൽ ഒരുപക്ഷേ നിങ്ങളുടെ ഊഴം വന്നേക്കാമെന്നാണ് രാഹുലിനുള്ള എന്റെ ഉപദേശം. എന്നാൽ, രാഹുൽ ഇപ്പോൾ നിങ്ങൾ ചെയ്യുന്നത്, ലോകം മുഴുവൻ പ്രശംസിക്കുന്ന നരേന്ദ്ര മോദിജിയെയും ലോകത്തിന് മുന്നിലുള്ള ഇന്ത്യയുടെ വികസന യാത്രയെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയെന്നതാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.